ചേരാനല്ലൂർ ആഡംബരകാർ അപകടത്തിൽ പതിനേഴുകാരന്റെ പിതാവും കാറുടമയുമായ ജഡ്ജിക്കെതിരെ കേസെടുക്കുന്നതിൽ പൊലീസിന് ഉണ്ടായത് ഗുരുതരവീഴ്ച. തെളിവുകൾ ശേഖരിക്കുന്നതിലടക്കം മനപൂർവമായ കാലതാമസം ഉണ്ടാക്കിയെന്നാണ് ആരോപണം. അന്വേഷണത്തിൽ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി എടുക്കണമെന്നാണ് ജയബാലകൃഷ്ണന്റെ കുടുംബത്തിന്റെ ആവശ്യം.
ജയബാലകൃഷ്ണന്റെ ജീവനെടുത്ത ആഡംബര കാർ ഓടിച്ച പതിനേഴുകാരനെ കസ്റ്റഡിയിലെടുത്ത് സ്റ്റേഷൻ ജാമ്യം നൽകി വിട്ടയച്ചത് മുതൽ പൊലീസിന് ഉണ്ടായത് വീഴ്ചയാണ്. പ്രായപൂർത്തിയാകത്തവർ കേസിൽ പ്രതി ആയാൽ ജുവനൈൽ ജസ്റ്റിസ് ബോർഡിന്റെ മുൻപിൽ ഹാജാരക്കണമെന്ന പതിവ് രീതികൾ മറികടന്ന് നിയമത്തിന്റെ പഴുത് കണ്ടെത്തി ജാമ്യം നൽകുകയായിരുന്നു.
പ്രതിഷേധം കനത്തതോടെയാണ് കാറിന്റെ അമിത വേഗം ഉൾപ്പെടെയുള്ള തെളിവുകൾ ശേഖരിച്ച് നരഹത്യ വകുപ്പ് ചേർത്തത് രാത്രിയിൽ പതിനേഴുകാരനെ വീണ്ടും പിടികൂടി ജുവനൈൽ ബോർഡിനു മുമ്പിൽ ഹാജരാക്കിയെങ്കിലും ജാമ്യം ലഭിച്ചു. കാറിന്റെ ഉടമയായ അഡീഷണൽ ജഡ്ജ് റെനൊ ഫ്രാൻസിസ് സേവ്യറിനെതിരെ കേസെടുക്കുന്നതും പൊലീസ് മനപൂർവം വൈകിപ്പിച്ചെന്നാണ് ആരോപണം . ജഡ്ജിയായ ആയതിനാൽ കേസെടുക്കുന്നതില്‍ ഹൈക്കോടതിയുടെ അനുമതി തേടണമെന്ന ന്യായം നിരത്തുകയാണ് പൊലീസ് ചെയ്തത്. അന്വേഷണത്തിൽ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കണമെന്നാണ് ജയ ബാലകൃഷ്ണന്റെ കുടുംബത്തിന്റെ ആവശ്യം.
കേസ് അന്വേഷണത്തിൽ വിശദമായ റിപോർട്ട് നൽകാൻ എഡിജിപി പി. വിജയൻ സിറ്റി പൊലീസ് കമ്മീഷണറോട് ആവശ്യപെട്ടിട്ടുണ്ട്. പൊലീസിന് വീഴ്ച ഉണ്ടായിട്ടുണ്ടൊയെന്ന് പരിശോധിക്കുമെന്ന് കമ്മീഷണർ കാളിരാജ് മഹേഷ് കുമാർ പറഞ്ഞു. തുടർനടപടി ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ഡി. ജി.പിക്കും പരാതി നൽകുവാനാണ് ജയബാലകൃഷ്ണന്റെ കുടുംബത്തിന്റെ തീരുമാനം.