ഡ്രൈവിങ് ലൈസന്‍സില്‍ സമഗ്ര മാറ്റങ്ങള്‍ നിര്‍ദേശിച്ച് കേന്ദ്ര ഗതാഗത മന്ത്രാലയം. മൊബൈല്‍ നമ്പര്‍, അടിയന്തര ഘട്ടത്തില്‍ ബന്ധപ്പെടാനുള്ള നമ്പര്‍, രക്ത ഗ്രൂപ് എന്നിവ ലൈസന്‍സില്‍ രേഖപ്പെടുത്തണം. പ്രായം, വിലാസം എന്നിവ തെളിയിക്കാന്‍ സത്യവാങ്മൂലമോ ഇന്‍ഷുറന്‍സ് പോളിസികളോ സ്വീകരിക്കാം. സുരക്ഷിത ഡ്രൈവിങ് പരിശീലനത്തില്‍ യോഗ്യത നേടാന്‍ വേണ്ട മാര്‍ക്ക് 60 ശതമാനത്തില്‍ നിന്ന് 75 ശതമാനമായി ഉയര്‍ത്തണം. 

 

ഇന്ത്യക്കാര്‍ക്കും വിദേശ പൗരന്‍മാര്‍ക്കും വെവ്വേറ നിറത്തിലുള്ള ലൈസന്‍സ് നല്‍കണമെന്നും മോട്ടോര്‍വാഹന ചട്ട ഭേദഗതിയുടെ കരടില്‍ പറയുന്നു. ആധാര്‍ ഓഥന്‍റിക്കേഷന്‍ വഴി ഓണ്‍ലൈന്‍ ഡ്രൈവിങ് ലൈസന്‍സ് സേവനങ്ങള്‍ പൂര്‍ത്തിയാക്കുമ്പോള്‍ ഫീസ് ഒഴിവാക്കും. ലൈസന്‍സുകള്‍ ലാമിനേറ്റഡ് രൂപത്തിലോ പി.വ‍ി.സി കാര്‍ഡ് രൂപത്തിലോ ആണ് നല്‍കേണ്ടത് എന്നും കരടില്‍ പറയുന്നു, പ്രായവും വിലാസവും തെളിയിക്കുന്നതിനായി എക്സിക്യൂട്ടീവ് മജിസ്‌ട്രേറ്റിന്റെയോ നോട്ടറിയുടെയോ മുമ്പാകെ സത്യവാങ്മൂലം സമർപ്പിക്കണമെന്ന നിബന്ധന ഒഴിവാക്കാനും കേന്ദ്ര റോഡ് ഗതാഗത മന്ത്രാലയം നിർദേശിച്ചു.

 

“ലൈസൻസിങ് അതോറിറ്റി നൽകുന്നതോ പുതുക്കുന്നതോ ആയ എല്ലാ ഡ്രൈവിങ് ലൈസൻസുകളും ഫോറം 7 പ്രകാരമുള്ള ലാമിനേറ്റ് ചെയ്ത കാർഡായോ പോളിവിനൈൽ ക്ലോറൈഡ് (PVC) കാർഡായോ ആയിരിക്കണം. ഇന്ത്യൻ പൗരന്മാർക്കും വിദേശ പൗരന്മാർക്കും നൽകുന്നതോ പുതുക്കുന്നതോ ആയ ഡ്രൈവിങ് ലൈസൻസുകൾക്കായി ഫോറത്തിൽ പ്രത്യേകം മാതൃകകൾ ഉണ്ടായിരിക്കണം,” കരട് വിജ്ഞാപനത്തിൽ പറയുന്നു.

 

രേഖകളുടെ ദുരുപയോഗം തടയുന്നതിനായി പ്രായവും വിലാസവും തെളിയിക്കുന്ന രേഖകളായി സത്യവാങ്മൂലങ്ങളും ലൈഫ് ഇൻഷുറൻസ് പോളിസികളും സ്വീകരിക്കാനും മന്ത്രാലയം നിർദേശിച്ചിട്ടുണ്ട്. കരട് ഭേദഗതികൾ പ്രകാരം, സുരക്ഷിത ഡ്രൈവിങ് ട്യൂട്ടോറിയലിന്റെ ദൈർഘ്യം കുറഞ്ഞത് 30 മിനിറ്റെങ്കിലും ആയിരിക്കണം.

 

ഡ്രൈവിങ് ലൈസൻസിലെ പേര്, വിലാസം തുടങ്ങിയ വിവരങ്ങൾ മാറ്റുന്നതിനുള്ള അപേക്ഷകൾ 15 ദിവസത്തിനുള്ളിൽ അംഗീകരിക്കുകയോ നിരസിക്കുകയോ ചെയ്യാൻ ലൈസൻസിങ് അതോറിറ്റികൾക്ക് നിർദേശം നൽകിയിട്ടുണ്ട്. അപേക്ഷ നിരസിക്കുന്ന പക്ഷം അതിനുള്ള കാരണങ്ങളും വ്യക്തമാക്കണം. അപേക്ഷകന്റെ പേര്, വിലാസം തുടങ്ങിയ വ്യക്തിഗത വിവരങ്ങൾ മാറ്റുന്നതിനുള്ള ഫീസ് ഒഴിവാക്കാനും കരട് ചട്ടങ്ങളിൽ നിർദേശിച്ചിട്ടുണ്ട്.

 

തിരിച്ചറിയൽ രേഖ, പ്രായം തെളിയിക്കുന്ന രേഖ, താമസസ്ഥലം തെളിയിക്കുന്ന രേഖ എന്നിവയായി അപേക്ഷകർക്ക് സമർപ്പിക്കാവുന്ന രേഖകളും കരട് ചട്ടങ്ങളിൽ വ്യക്തമാക്കിയിട്ടുണ്ട്. ആധാർ കാർഡ്, പാസ്‌പോർട്ട്, വോട്ടർ തിരിച്ചറിയൽ കാർഡ്, ഇ-റേഷൻ കാർഡ്, ജനന സർട്ടിഫിക്കറ്റ് തുടങ്ങിയവ ഇതിൽ ഉൾപ്പെടുന്നു. കരട് വിജ്ഞാപനം പ്രസിദ്ധീകരിച്ച തീയതി മുതൽ 30 ദിവസത്തിനുള്ളിൽ ബന്ധപ്പെട്ട കക്ഷികൾക്ക് ഇതുസംബന്ധിച്ച എതിർപ്പുകളും നിർദേശങ്ങളും സമർപ്പിക്കാമെന്ന് മന്ത്രാലയം അറിയിച്ചു.

ENGLISH SUMMARY:

Driving licence new rules introduced by the central transport ministry include mandatory blood group details, increased passing marks for tests, and PVC cards. These comprehensive amendments aim to streamline licensing services and enhance road safety across India.