ഖത്തര്‍ കെഎംസിസി ഓഫിസില്‍ നിന്ന് എട്ട് കോടി കവര്‍ന്ന കേസില്‍ ഭീഷണിയുമായി മുഖ്യപ്രതി ബോംബെ ഷാജി. റോങ് ആണെങ്കില്‍ താന്‍ നല്ല റോങ് ആണെന്നാണ് മറ്റ് പ്രതികള്‍ക്ക് ബോംബെ ഷാജിയുടെ മുന്നറിയിപ്പ്. എന്നാല്‍ കവര്‍ച്ചയില്‍ കെഎംസിസി പ്രവര്‍ത്തകരുണ്ടെന്ന് ബോധ്യപ്പെട്ടാല്‍ കര്‍ശന നടപടിയെടുക്കുമെന്ന് മുസ്ലിം ലീഗ് സംസ്ഥാന നേതൃത്വം വ്യക്തമാക്കി.
Also Read: ഖത്തര്‍ കെ.എം.സി.സി. കവര്‍ച്ച; അന്വേഷണം പ്രമുഖ വ്യവസായിയിലേക്ക്; നിര്‍ണായകമായത് ബാലകൃഷ്ണന്റെ മൊഴി
പ്രതികളില്‍ ഒരാളായ റൊട്ടാന റസാഖിന്റെ സഹോദരന് ഹസനോട് മുഖ്യപ്രതി ബോംബെ ഷാജി സംസാരിക്കുന്നതാണിത്. സഹകരിച്ചില്ലെങ്കില്‍ റസാഖിനെ കുടുക്കുമെന്നും ഷാജി പറയുന്നു. കൊള്ള മുതല്‍ പങ്കുവെച്ചതില്‍ തര്‍ക്കങ്ങളുണ്ടെന്ന സംശയം ബലപ്പെടുത്തുന്നതാണ് ഈ ഓഡിയോ സന്ദേശവും. വാഗ്ദാനം ലഭിച്ച പണം ലഭിക്കാത്തതിനെ തുടര്‍ന്നുണ്ടായ തര്‍ക്കങ്ങളാണ് മോഷണവിവരം പുറത്തുവരുന്നതിലേയ്ക്ക് നയിച്ചത്. കുറ്റബോധം കാരണം എല്ലാം തുറന്നുപറഞ്ഞ് കീഴടങ്ങിയ പരപ്പില്‍ ബാലകൃഷ്ണനെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്ത് റിമാന്ഡിലാക്കിയിരുന്നു. ഈ ബാലകൃഷ്ണനെതിരെ ആദ്യം കേസ് കൊടുത്തത് പാര്‍ട്ടിയാണെന്നാണ് ലീഗ് സംസ്ഥാന നേതൃത്വത്തിന്റെ വാദം. കേസുമായി പൂര്‍ണമായി സഹകരിക്കുമെന്നും ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാം.
Also Read: നെടുമ്പാശേരി അപകടം; സുഹൈല്‍ പറഞ്ഞത് കളവ്; അരകിലോമീറ്റര്‍ പിന്നിട്ടത് 11 സെക്കന്‍ഡില്‍
കൊയിലാണ്ടി കേന്ദ്രീകരിച്ച ക്വട്ടേഷന്‍ സംഘമാണ് കവര്‍ച്ചയ്ക്ക് പിന്നില്‍. ഇവര്‍ക്ക് ക്വട്ടേഷന്‍ നല്കിയവരെക്കുറിച്ചും അന്വേഷണം ഊര്‍ജിതമാണ്. കെഎംസിസി ഓഫിസില്‍ പണം സൂക്ഷിച്ചിട്ടുണ്ടെന്ന് കൃത്യമായ ധാരണയുള്ളയാളാണ് മോഷണത്തിന് ക്വട്ടേഷന്‍ നല്‍കിയത്. അന്വേഷണം അടുത്ത ദിവസം ഖത്തറിലേയ്ക്കും വ്യാപിപ്പിക്കും.