കോഴിക്കോട് ജില്ലയിൽ ഇന്നലെയും ഇന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച പശ്ചാത്തലത്തില്‍ അവധി നല്‍കാന്‍ തയാറാവാത്തതിനെതിരെ കലക്ടറുടെ പേജില്‍ കമന്റുകളുടെ പെരുമഴ. കലക്ടറുടെ പേജില്‍ മഴമുന്നറിപ്പിനെക്കുറിച്ചുള്ള വിവരങ്ങള്‍ അടങ്ങിയ പോസ്റ്റ് പ്രത്യക്ഷപ്പെട്ടതിനു പിന്നാലെ അവധിയുണ്ടോ എന്ന ചോദ്യവുമായി നിരവധി പേരാണ് രംഗത്തെത്തിയത്. കോഴിക്കോടിന്റെ പല ഭാഗങ്ങളിലും പെരുമഴയാണെന്നും റോഡുകളില്‍ വെള്ളക്കെട്ടുള്ളതിനാല്‍ കുട്ടികള്‍ക്ക് സ്കൂളില്‍ പോകാന്‍ ബുദ്ധിമുട്ടാണെന്ന് പല രക്ഷിതാക്കളും പറയുന്നു.
Also Read: മറന്നുവച്ച ചെരിപ്പെടുക്കാൻ ബസിൽ കയറി; വിനോദയാത്ര കഴിഞ്ഞ് മടങ്ങിയെത്തിയ വിദ്യാർഥി കാറിടിച്ച് മരിച്ചു
ഇടിമിന്നലോട് കൂടിയ മഴയാണ്, അവധി നിര്‍ബന്ധമായും തരണമെന്നാണ് ചിലര്‍ ആവശ്യപ്പെടുന്നത്. എന്നാല്‍ സംസ്ഥാനത്ത് ഒരു ജില്ലകളിലും ഇതുവരെ അവധിയൊന്നും പ്രഖ്യാപിച്ചിട്ടില്ല. ഇന്ന് അതിശക്തമായ മഴയ്ക്കുള്ള മുന്നറിയിപ്പാണ് കാലാവസ്ഥാ വകുപ്പ് നല്‍കിയിരിക്കുന്നത്. ഒന്‍പതു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും അഞ്ചു ജില്ലകളില്‍ യെലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി,കോഴിക്കോട്,വയനാട്,കണ്ണൂര്‍,കാസര്‍കോട് ജില്ലകളിലാണ് ഒാറഞ്ച് അലര്‍ട്ട് നല്‍കിയിട്ടുള്ളത്. ശക്തമായ മഴക്കും ഒറ്റപ്പെട്ട അതിശക്തമായ മഴക്കും സാധ്യതയുണ്ട്.
Also Read: ഹൃദയാഘാതമില്ലാത്ത രോഗിക്ക് ഹൃദ്രോഗ ചികില്‍സ നല്‍കി; ഗുരുതര വീഴ്ച
ഇടിമിന്നല്‍ ജാഗ്രതാ നിര്‍ദേശവും ഇതോടൊപ്പം നിലവിലുണ്ട്. കേരള ലക്ഷദ്വീപ് തീരങ്ങളില്‍ നിന്ന് കടലില്‍പോകരുത്. തമിഴനാട് തീരത്ത് നിലനില്‍ക്കുന്ന ന്യൂനമര്‍ദത്തിന്‍റെ സ്വാധീനത്തില്‍ 26ാം തീയതി വരെ ശക്തമായ മഴ തുടരും. നാളെ പത്തു ജില്ലകളിലും മറ്റന്നാള്‍ 11 ജില്ലകളിലും ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കനത്ത മഴയെ തുടര്‍ന്ന് കോഴിക്കോട് ജില്ലയില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
അതേസമയം മഴയും വെള്ളക്കെട്ടും മൂലം അപകട സാധ്യതയുള്ള പ്രദേശങ്ങളിലെ സ്കൂളുകള്‍ക്ക് അവധി നല്‍കാന്‍ കളക്ടര്‍ നിര്‍ദേശം നല്‍കിയതായി റിപ്പോര്‍ട്ടുണ്ട്. മഴ മാറുന്നത് വരെ ജില്ലയില്‍ ക്വാറികളുടെ പ്രവര്‍ത്തനം നിരോധിച്ചു. ബീച്ചുകള്‍, വെള്ളച്ചാട്ടങ്ങള്‍, മലയോര മേഖലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ എന്നിവിടങ്ങളിലെ പ്രവേശനങ്ങള്‍ക്ക് കര്‍ശന നിയന്ത്രണവും ഏര്‍പ്പെടുത്തി. അടിന്തര ഘട്ടങ്ങളെ നേരിടാന്‍ ഫയര്‍ഫോഴ്സ്, റവന്യു, ഫോറസ്റ്റ്,പൊലീസ് വകുപ്പ് മേധാവികള്‍ക്ക് കലക്ടര്‍ ജാഗ്രത നിര്‍ദ്ദേശവും നല്‍കി. ജില്ലയില്‍ രാത്രി വരെ ശക്തമായ മഴയാണ് അനുവഭവപ്പെട്ടത്. നഗരമേഖലകളെ അപേക്ഷിച്ച മലയോര മേഖലകളില്‍ മഴ ശക്തമായിരുന്നു.