വിസ്റ്റഡോം കോച്ച് വിവാദത്തില്‍ കൊല്ലം എംപി എന്‍.കെ.പ്രേമചന്ദ്രന് മറുപടിയുമായി കൊടിക്കുന്നില്‍ സുരേഷ് എംപി. ട്രെയിന്‍ കൊണ്ടുവരാന്‍ പണിയെടുത്തത് താനാണെന്നും ട്രെയിന്‍ വന്നതുകൊണ്ടല്ലേ കോച്ച് വന്നതെന്നും കൊടിക്കുന്നില്‍ സുരേഷ് ചോദിച്ചു. അതുകൊണ്ട് താന്‍ പറഞ്ഞതില്‍ എന്താണ് തെറ്റില്ലെന്നും ആരും കുറ്റം പറഞ്ഞിട്ട് കാര്യമില്ലെന്നും കൊടിക്കുന്നില്‍ പറഞ്ഞു. തന്റെ പ്രവര്‍ത്തനം ജനങ്ങളുടെ ആവശ്യപ്രകാരമാണെങ്കിലും അസൂയപ്പെട്ടിട്ട് കാര്യമില്ലെന്നും കൊടിക്കുന്നില്‍ മനോരമ ന്യൂസിനോട് പറഞ്ഞു.
ആത്മാര്‍ഥമായി പണിയെടുത്തതിനാലാണ് ഈ ട്രെയിനുകള്‍ നേടിയെടുക്കാന്‍ കഴിയുന്നത്. മണ്ഡലത്തിലെ ജനങ്ങള്‍ക്ക് വേണ്ടിയാണ് തന്റെ പ്രവൃത്തിയെന്നും അതില്‍ അസൂയയും കുറ്റപ്പെടുത്തലും ആവശ്യമില്ലെന്നും കൊടിക്കുന്നില്‍ സുരേഷ് പറഞ്ഞു. 'തൊഴില്‍ വകുപ്പ് സഹമന്ത്രിയായ സമയത്ത് 2013 ലാണ് പുനലൂര്‍– ഗുരുവായൂര്‍ ട്രെയിന്‍ ആരംഭിച്ചത്. 2023 ലാണ് ട്രെയിന്‍ മധുരയിലേക്ക് നീട്ടുന്നത്. 2023 ല്‍ ഗേജ് കണ്‍വേര്‍ഷന്‍ പൂര്‍ത്തിയാക്കിയപ്പോള്‍ മധുരയിലേക്ക് നീട്ടണമെന്ന് സമ്മര്‍ദം ചെലുത്തി. ടൂറിസുമായി ബന്ധപ്പെട്ട നിര്‍ദ്ദേശങ്ങള്‍ റെയില്‍വേ അംഗീകരിച്ചു' എന്നും കൊടിക്കുന്നില്‍ പറയുന്നു.
ഇപ്പോള്‍ വിസ്റ്റഡോം കോച്ച് ഘടിപ്പിക്കുന്നത് മധുര–ഗുരുവായൂര്‍ ട്രെയിനിലാണെന്നും ഗുരുവായൂര്‍ ട്രെയിന്‍ ഇല്ലായിരുന്നെങ്കില്‍ വിസ്റ്റഡോ കോച്ച് വരില്ലെന്നും കൊടിക്കുന്നില്‍ പറഞ്ഞു. കോച്ച് കേരളത്തിലെത്തിക്കുന്നതിൽ തങ്ങളുടെ ഇടപെടലാണ് നിർണായകമായതെന്ന അവകാശവാദവുമായി എൻ.കെ. പ്രേമചന്ദ്രൻ എംപിയും കൊടിക്കുന്നിൽ സുരേഷ് എംപിയും രംഗത്തെത്തിയതോടെ വിവാദമായിരുന്നു. ഇതിലാണ് കൊടിക്കുന്നിലിന്റെ പ്രതികരണം.
Also Read: കേരളത്തിനു ആദ്യത്തെ വിസ്റ്റാഡോം കോച്ച്; മധുര - ഗുരുവായൂർ എക്സ്പ്രസിൽ കോച്ച് അനുവദിച്ചു
മധുര–ഗുരുവായൂർ എക്സ്പ്രസിൽ വിസ്റ്റഡോം കോച്ച് അനുവദിച്ച വിവരം ആദ്യം ഫെയ്സ്ബുക്കിലൂടെ പങ്കുവച്ചത് മാവേലിക്കര എംപി കൊടിക്കുന്നിൽ സുരേഷായിരുന്നു. പിന്നാലെ, വിഷയത്തിൽ നടത്തിയ ഇടപെടലുകൾ വിശദീകരിച്ച് എൻ.കെ. പ്രേമചന്ദ്രൻ എംപിയും കുറിപ്പിട്ടു. ഇതോടെ കൊടിക്കുന്നിൽ സുരേഷിന്റെ പിഎ അബ്ദുള്ള ആസാദ് ഇടപെടലുകളുടെ വിശദാംശങ്ങളും സമയക്രമവും ഫെയ്സ്ബുക്കിലൂടെ പുറത്തുവിട്ടു. തുടർന്നാണ് എൻ.കെ. പ്രേമചന്ദ്രൻ എംപി മാധ്യമങ്ങളെ കണ്ട് തന്റെ നിലപാട് വിശദീകരിച്ചത്.