വേണാട് എക്സ്പ്രസിലെ യാത്രാദുരിതത്തിന് പരിഹാരമായി പുതിയ ട്രെയിനിന് തത്വത്തിൽ അംഗീകാരം ലഭിച്ചെന്ന് കൊടിക്കുന്നില്‍ സുരേഷ് എംപി. എറണാകുളം – കോട്ടയം – ചെങ്ങന്നൂർ – കൊല്ലം റൂട്ടിൽ ഓടുന്ന പുതിയ ട്രെയിനിന്റെ ആദ്യ സർവീസ് പത്തുദിവസത്തിനകം ആരംഭിക്കുമെന്നും ഇതിനായി റെയിൽവേ മന്ത്രാലയത്തിൽ നിന്ന് അംഗീകാരം ലഭിച്ചെന്നും അദ്ദേഹം പറഞ്ഞു. ഫെയ്സ് ബുക്കില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് കൊടിക്കുന്നില്‍ സുരേഷ് ഇക്കാര്യം അറിയിച്ചത്.
റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിനെ നേരിൽ കണ്ട് വേണാട് എക്സ്പ്രസിലെ യാത്രക്കാരുടെ ദുരിതത്തിന്‍റെ ചിത്രങ്ങളും വിഡിയോകളും ഉൾപ്പെടെ കാണിച്ച് വിഷയം ബോധ്യപ്പെടുത്തിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. സ്ത്രീകളും കുട്ടികളും മുതിർന്ന പൗരന്മാരും ഉൾപ്പെടെ നൂറുകണക്കിന് യാത്രക്കാർക്ക് ഇരിക്കാനോ നിൽക്കാനോ പോലും മതിയായ ഇടമില്ലാത്ത സാഹചര്യത്തിൽ മണിക്കൂറുകളോളം യാത്ര ചെയ്യേണ്ടിവരുന്ന സ്ഥിതിയാണ് നിലവിലുള്ളത്. ഓഫിസ് സമയം കഴിഞ്ഞ് എറണാകുളത്തുനിന്ന് കോട്ടയം, ചങ്ങനാശ്ശേരി, ചെങ്ങന്നൂർ, മാവേലിക്കര, കായംകുളം, ശാസ്താംകോട്ട, കൊല്ലം തുടങ്ങിയ മേഖലകളിലേക്ക് മടങ്ങുന്ന ആയിരക്കണക്കിന് സ്ഥിരം യാത്രക്കാരെയാണ് ഈ ദുരിതം നേരിട്ട് ബാധിക്കുന്നതെന്നും കൊടിക്കുന്നില്‍ സുരേഷ് കൂട്ടിച്ചേര്‍ത്തു.
വേണാട് എക്സ്പ്രസ് എറണാകുളത്തുനിന്ന് പുറപ്പെടുന്നതിന് മുമ്പായി ഒരു പുതിയ ട്രെയിൻ സർവീസ് ആരംഭിക്കണമെന്നായിരുന്നു റെയിൽവേ മന്ത്രിയോട് പ്രധാനമായും ആവശ്യപ്പെട്ടത്. തുടർനടപടിയായി മന്ത്രിയുടെ ഓഫിസിൽ നിന്ന് റെയിൽവേ ബോർഡിലേക്ക് നിർദ്ദേശം കൈമാറുകയും റെയിൽവേ ബോർഡ് സതേൺ റെയിൽവേയിലെ ചീഫ് പാസഞ്ചർ ട്രാൻസ്പോർട്ടേഷൻ മാനേജർക്ക് ആവശ്യമായ നടപടികൾക്കായി നിർദ്ദേശം നൽകുകയും ചെയ്തുവെന്നും കൊടിക്കുന്നില്‍ സുരേഷ് പറയുന്നു.
വൈകിട്ട് നാല് മണിയോടെ എറണാകുളം ജംങ്ഷനിൽ നിന്ന് വേണാട് എക്സ്പ്രസിന് മുമ്പായി പുറപ്പെടുന്ന തരത്തിൽ പുതിയ പാസഞ്ചർ ട്രെയിൻ സർവീസ് ആരംഭിക്കുന്നതിനുള്ള നടപടികളാണ് ഇപ്പോൾ പുരോഗമിക്കുന്നത്. ഇതിനായി MEMU അല്ലെങ്കിൽ ICF കോച്ചുകൾ ഉപയോഗിക്കുന്നതിനുള്ള സാധ്യത റെയിൽവേ പരിശോധിച്ചുവരികയാണ്. എറണാകുളത്തുനിന്ന് കോട്ടയം, ചെങ്ങന്നൂർ വഴി കൊല്ലം വരെയുള്ള സർവീസായി ആരംഭിച്ച്, തുടർന്ന് കൊല്ലത്തുനിന്ന് പുനലൂരിലേക്ക് സർവീസ് നീട്ടുന്നതിനുള്ള സാധ്യതയും പരിശോധിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.