മധുര-ഗുരുവായൂർ എക്സ്പ്രസിൽ പ്രകൃതി ഭംഗി പൂർണ്ണമായി ആസ്വദിക്കാൻ കഴിയുന്ന വിസ്റ്റാഡോo കോച്ച് അനുവദിച്ച് റെയിൽവേ. കേരളത്തിൽ ആദ്യമായാണ് വിസ്റ്റാഡോം കോച്ച് അനുവദിക്കുന്നത്. നിരവധി തവണ ഇടപെടൽ നടത്തിയതിന്റെ ഫലമായാണ് ആവശ്യം യാഥാർഥ്യമായതെന്ന് കൊടിക്കുന്നിൽ സുരേഷ് എംപി സമൂഹ മാധ്യമത്തിൽ കുറിച്ചു.
എന്താണ് വിസ്റ്റാഡോo കോച്ച് ?
വലിയ ഗ്ലാസ് ജനാലകളാണ് ഈ കോച്ചുകളുടെ ആകർഷണം. മലകളും നദികളും തീർക്കുന്ന പ്രകൃതി ഭംഗികൊണ്ട് അനുഗ്രഹീതമായ റൂട്ടുകളിൽ ട്രെയിൻ യാത്ര അവിസ്മരണീയമാക്കാൻ ഇത്തരം കോച്ചുകൾ സഹായിക്കുന്നു. ഗ്ലാസ് ജനാലകൾക്ക് പുറമെ ചില തരം കോച്ചുകളിൽ ഗ്ലാസ് മേൽക്കൂരകളും ഉപയോഗിക്കുന്നു. എല്ലാ ഭാഗത്തേക്കും തിരിക്കാവുന്ന സീറ്റുകളാണ് മറ്റൊരു പ്രത്യേകത. മനോഹരമായ ദൃശ്യങ്ങൾ മതി വരുവോളം പകർത്താനും ഈ ട്രെയിൻ യാത്രയിൽ സാധിക്കും.
പുതിയ കോച്ചുകൾ എന്നു മുതൽ ?
ഒക്ടോബർ 22 മുതൽ ജനുവരി 16 വരെ മധുര–ഗുരുവായൂർ എക്സ്പ്രസിൽ ഈ സൗകര്യം ലഭ്യമാകും. കേരളത്തിൻറെ പ്രകൃതി സൗന്ദര്യം ആസ്വദിക്കാൻ അവസരം ഒരുക്കുന്നു എന്നതാണ് പ്രത്യേകത. ഒക്ടോബർ 22 മുതൽ ജനുവരി 15 വരെ മധുരയിൽനിന്ന് ഗുരുവായൂരിലേക്കുള്ള 16327-ാം നമ്പർ ട്രെയിനിലും ഒക്ടോബർ 23 മുതൽ ജനുവരി 16 വരെ ഗുരുവായൂരിൽനിന്ന് മധുരയിലേക്കുള്ള 16328-ാം നമ്പർ ട്രെയിനിലും നിശ്ചിത ദിവസങ്ങളിൽ വിസ്റ്റാഡോം കോച്ച് ലഭ്യമാകും.