സി.എം.ആര്.എല്‍ – എക്സാലോജിക് ദുരൂഹ ഇടപാടിലെ വിജിലന്‍സ് കേസില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയന് ഇന്ന് നിര്‍ണായകം. വിജിലന്‍സ് കേസെടുക്കാനുള്ള ഹൈക്കോടതി ഉത്തരവിനെതിരെ പിണറായി നല്കിയ അപ്പീല്‍ ഇന്ന് സുപ്രീം കോടതി പരിഗണിക്കും. മുന്‍മന്ത്രി മുഹമ്മദ് റിയാസും ഭാര്യ ടി.വീണയും നൽകിയ ഹര്‍ജികളിലും ഇന്ന് വാദം കേള്‍ക്കും. എഫ്.ഐ.ആർ റജിസ്റ്റർ ചെയ്ത സാഹചര്യത്തിൽ അറസ്റ്റ് തടയണമെന്ന പിണറായിയുടെ ആവശ്യം സുപ്രീം കോടതി അംഗീകരിക്കുമോ എന്നതാണ് നിര്‍ണായകം.
ഹൈക്കോടതി ഉത്തരവുകൾ സ്റ്റേ ചെയ്യുക, വിജിലന്‍സ് കേസിലെ എല്ലാ നടപടികളും തടയുക, അനുബന്ധ ഉത്തരവുകൾ പുറപ്പെടുവിക്കുക എന്നിവയാണ് ഹര്‍ജിയില്‍ ഇടക്കാല ആശ്വാസമായി ആവശ്യപ്പെടുന്നത്. 82 വയസായെന്നും അറസ്റ്റിന് സാധ്യതയുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് പിണറായി വിജയന്റെ വാദങ്ങൾ.
ജസ്റ്റിസുമാരായ ജോയ്മല്യ ബാഗ്ചിയും വി മോഹനയുമടങ്ങുന്ന അവധിക്കാല പ്രത്യേക ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്. ബെഞ്ചിലെ രണ്ടാമത്തെ കേസായാണ് ഹർജി ലിസ്റ്റ് ചെയ്തിട്ടുള്ളത്. പിണറായിക്കായി മുതിര്‍ന്ന അഭിഭാഷകന് സിദ്ധാര്‍ഥ് ലൂത്ര ഹാജരാകും. ഹര്‍ജി ഫയല്‍ ചെയ്തതിനുശേഷം വന്ന ഇ ഡിയുടെ സമൻസിനെതിരെയും വാദം ഉന്നയിച്ചേക്കും. സംസ്ഥാന സർക്കാർ അഭിഭാഷകനും കേസിൽ ഹാജരായേക്കും. ഇ.ഡി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ വിജിലന്‍സ് കേസെടുക്കാനുള്ള സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെയും അപ്പീല്‍ നല്കാന് ഡിവിഷന് ബെഞ്ച് അനുമതി നിഷേധിച്ചതിനെതിരെയുമാണ് പിണറായിയുടെ ഹര്‍ജി.