കോവളം സ്പാ പീഡനക്കേസില്‍ പ്രതി കോര്പറേഷന് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ അനുരൂപിന് കൂടുതല്‍ സ്പാകളുമായി അടുത്ത ബന്ധം. രണ്ട് സ്പാകളുടെ കൂടി ഉടമയെന്ന് പൊലീസിന് സംശയം. സ്പായില്‍ നിന്ന് രക്ഷപ്പെടുത്തിയ ആന്ധ്രാ സ്വദേശിനിയെ കോവളത്ത് എത്തിച്ചത് അനുരൂപുമായി സംസാരിച്ച ശേഷമാണ്. അതേസമയം, അനുരൂപിനെ പിരിച്ചുവിടാനാണ് കോര്പറേഷന് നീക്കം. ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടറായ ശേഷമായിരുന്നു ഇയാളുടെ സ്പാ ഇടപാട്.
സ്പാ പീഡനക്കേസില്‍ കോര്പറേഷന് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ അനുരൂപ് കഴിഞ്ഞ ദിവസമാണ് അറസ്റ്റിലായത്. പീഡനം നടന്ന സ്പാ അനുരൂപിന്റെ ബെനാമി സ്ഥാപനമാണെന്ന് കണ്ടെത്തിയിരുന്നു. ഉള്ളൂര്‍ സോണല്‍ ഓഫിസിലെ ഉദ്യോഗസ്ഥനാണ് അനുരൂപ്. അറസ്റ്റിന് പിന്നാലെ അനുരൂപിനെ തിരുവനന്തപുരം മേയര്‍ വി.വി.രാജേഷ് സസ്പെന്‍ഡ് ചെയ്തു.
Also read: കോവളം സ്പാ പീഡനക്കേസ്: ബെനാമിയായ കോർപറേഷൻ ഹെൽത്ത് ഇൻസ്പെക്ടർ അറസ്റ്റിൽ
അതേസമയം, കോവളത്ത് സ്പായില്‍ ലൈംഗിക ചൂഷണത്തിനായി പതിനാറുകാരിയെ മാതൃസഹോദരി വിറ്റത് കമ്മിഷന് വ്യവസ്ഥയിലെന്ന് തെളിഞ്ഞു. ഓരോ തവണ പീഡനത്തിന് വിധേയമാക്കുമ്പോഴും വളര്‍ത്തമ്മ പണം വാങ്ങിയിരുന്നതായി പൊലീസ് കണ്ടെത്തി. ലൈംഗിക ചൂഷണത്തെ എതിര്‍ത്തപ്പോള്‍ പൊള്ളലേല്‍പ്പിക്കുക വരെ ചെയ്തെന്നും കണ്ടെത്തല്‍. പെണ്‍കുട്ടിയെ ഉപദ്രവിച്ച സ്പായിലെ സന്ദര്‍ശകരെ കണ്ടെത്താനും പൊലീസ് അന്വേഷണം തുടങ്ങി.
ഞെട്ടലുണ്ടാക്കുന്ന വിവരങ്ങളാണ് സ്പായിലെ പീഡനത്തേക്കുറിച്ചുള്ള അന്വേഷണത്തില്‍ പുറത്തുവരുന്നത്. ആന്ധ്രാ സ്വദേശിയായ പെണ്‍കുട്ടിയുടെ അമ്മയും അച്ഛനും കുട്ടിക്കാലത്ത് തന്നെ മരിച്ചുപോയി. അമ്മയുടെ സഹോദരിയാണ് വളര്‍ത്തിയത്. പോറ്റി വളര്‍ത്തിയ അവര്‍ തന്നെയാണ് പതിനാറ് വയസ് തികയും മുന്‍പ് കുട്ടിയെ വിറ്റ് കാശാക്കിയതും. ഒരു തവണ ലൈംഗിക ചൂഷണത്തിന് വിധേയയായാല്‍ ആയിരം മുതല്‍ നാലായിരം രൂപ വരെ എന്ന കമ്മീഷന് വ്യവസ്ഥയിലാണ് കോവളത്തെ സ്പായിലെത്തിച്ചത്.
കുട്ടി ലൈംഗിക ചൂഷണത്തിന് സമ്മതിക്കുന്നുവെന്ന് ഉറപ്പുവരുത്താന്‍ വളര്‍ത്തമ്മയും അവരുടെ ഭര്‍ത്താവും ഇതേ സ്പായില്‍ ശുചീകരണ ജീവനക്കാരി ജോലി നോക്കി. ലൈംഗിക ചൂഷണത്തെ കുട്ടി എതിര്ത്തപ്പോളെല്ലാം ക്രൂരമായി ഉപദ്രവിച്ചു. പൊള്ളലേല്‍പ്പിച്ച പാടുകള്‍ വരെ കുട്ടിയുടെ ശരീരത്തിലുണ്ട്.
കുട്ടിയെ വിറ്റവരും സ്പാ ഉടമകളുമാണ് നിലവില്‍ അറസ്റ്റിലായത്. ഇവരേക്കൂടാതെ കുട്ടിയെ ഉപദ്രവിച്ച സ്പായിലെ സന്ദര്‍ശകരും കുടുങ്ങും. തമിഴും മലയാളവും സംസാരിക്കുന്നവര്‍ ഉപദ്രവിച്ചിട്ടുണ്ടെന്നാണ് കുട്ടിയുടെ മൊഴി. ഇവരെ തിരിച്ചറിയാനായി സി.സി.ടി.വി കാമറ ദൃശ്യങ്ങളോ സന്ദര്‍ശക റജിസ്റ്ററോ ഇല്ല.അതിനാല്‍ സ്പായുടെയും നടത്തിപ്പുകാരുടെയും ഫോണ്‍വിളി വിവരങ്ങള്‍ പരിശോധിച്ച് സന്ദര്‍ശകരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് അന്വേഷണസംഘം.