vizhinjam-port-4
  • തുറമുഖത്തിന്‍റെ രണ്ടാംഘട്ട നിര്‍മാണ പ്രവര്‍ത്തനത്തിന് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്‍റെ പാരിസ്ഥിതിക അനുമതി ഇല്ല എന്നാണ് തീരസംരക്ഷണ മാനേജ്മെന്‍റ് അതോറിറ്റി ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ് മൂലത്തില്‍ പറയുന്നത്

വിഴിഞ്ഞം തുറമുഖത്തിന്‍റെ രണ്ടാംഘട്ട നിര്‍മാണം മുടങ്ങിയതില്‍ ഇടപെടലുമായി സര്‍ക്കാര്‍. പരിസ്ഥിതി–തുറമുഖ വകുപ്പുകളിലെ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ പങ്കെടുക്കുന്ന ഉന്നതതലയോഗം ഉടന്‍ ചേരാന്‍ നിര്‍ദേശം. പരിസ്ഥിതി അനുമതിക്കായി വീണ്ടും കേന്ദ്ര വനംപരിസ്ഥിതി മന്ത്രാലയത്തെ സമീപിക്കും. 

വിഴിഞ്ഞം തുറമുഖത്തിന്‍റെ രണ്ടാംഘട്ട നിര്‍മാണ പ്രവര്‍ത്തനത്തിന്  കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്‍റെ പാരിസ്ഥിതിക അനുമതി ഇല്ല എന്നാണ് തീരസംരക്ഷണ മാനേജ്മെന്‍റ് അതോറിറ്റി ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ് മൂലത്തില്‍ പറയുന്നത്. ഇതോടെ  നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തി വയ്ക്കാന്‍ കോടതി നിര്‍ദേശിച്ചു. പ്രശ്നപരിഹാരം വേണമെങ്കില്‍ വനം പരിസ്ഥിതി മന്ത്രാലയത്തിന്‍റെ ബെംഗളൂരു യൂണിറ്റില്‍ നിന്ന് ഉദ്യോഗസ്ഥരെത്തി വീണ്ടും പുളിങ്കുടി തീരത്തെ നിര്‍മാണ പ്ലാന്‍ വിലയിരുത്തി റിപ്പോര്‍ട്ട് നല്‍കണം.

തുടര്‍ നടപടിയെടുക്കാന്‍ തുറമുഖ– പരിസ്ഥിതി വകുപ്പുകളോട് സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ട്. നാളെയോ മറ്റന്നാളോ വകുപ്പ് സെക്രട്ടറിമാര്‍യോഗം ചേരും. അതിന് ശേഷം വീണ്ടും ഇന്‍സ്പെക്ഷന്‍ ഉള്‍പ്പെടെയുള്ള നടപടികള്‍ ആരംഭിക്കാന്‍ വനം പരിസ്ഥിതി മന്ത്രാലയത്തോട് ആവശ്യപ്പെടും. 

വേണ്ട ആലോചനയും  നിയമോപദേശവും ഇല്ലാതെയാണ് തീരസംരക്ഷണ മാനേജ്മെന്‍റ് അതോറിറ്റി കോടതിയെ വിവരങ്ങള്‍ അറിയിച്ചതെന്ന പരാതി തുറമുഖ വകുപ്പിന്‍റെ ചുമതല വഹിക്കുന്ന മുഖ്യമന്ത്രിക്കുണ്ട്. നിയമപരമായി പ്രശ്നത്തിന് പരിഹാരം കാണണമെന്നാണ് മുഖ്യമന്ത്രി തുറമുഖ– പരിസ്ഥിതി വകുപ്പ് സെക്രട്ടറിമാരോട് ആവശ്യപ്പെട്ടിരിക്കുന്നത്. സെക്രട്ടറിമാരുടെ യോഗത്തിന് ശേഷം മുഖ്യമന്ത്രിയും പരിസ്ഥിതി മന്ത്രിയുമായി ആലോചിച്ചാവും വീണ്ടും കേന്ദ്രമന്ത്രാലയത്തെ സമീപിക്കുക.

ENGLISH SUMMARY:

The Kerala government has intervened after construction of the second phase of the Vizhinjam International Seaport was halted due to issues concerning environmental clearance. The government has directed senior officials from the Ports and Environment departments to convene a high-level meeting soon to discuss a resolution. The Coastal Zone Management Authority informed the Kerala High Court that the project had not received the required environmental clearance from the Union Ministry of Environment, Forest and Climate Change, prompting the court to order a halt to construction.