bevco-premium-counter-liquor-theft-kerala-cctv-investigation
  • പ്രീമിയം കൗണ്ടറുകളില്‍ നിന്നും രണ്ടായിരം മുതല്‍ നാലായിരം രൂപ വരെയുള്ള മദ്യം കടത്തിയവരില്‍ യുവാക്കളും ഇതര സംസ്ഥാനക്കാരുമുണ്ട്

അടിവസ്ത്രത്തില്‍ ഒളിപ്പിച്ചും സഞ്ചിയില്‍ പൊതിഞ്ഞും ബവ്കോ വില്‍പനശാലകളില്‍ നിന്നും കഴിഞ്ഞ ഒരുമാസത്തിനിടെ കടത്തിയത് ഒന്നര ലക്ഷത്തിലേറെ രൂപയുടെ മദ്യം. സ്റ്റോക്ക് പരിശോധിച്ചും സിസിടിവി ദൃശ്യങ്ങളിലൂടെയും ഉറപ്പിച്ചാണ് കവര്‍ച്ചാ വ്യാപ്തി തിരിച്ചറിഞ്ഞത്. പ്രീമിയം കൗണ്ടറുകളില്‍ നിന്നും രണ്ടായിരം മുതല്‍ നാലായിരം രൂപ വരെയുള്ള മദ്യം കടത്തിയവരില്‍ യുവാക്കളും ഇതര സംസ്ഥാനക്കാരുമുണ്ട്.   

തിരുവനന്തപുരം പവര്‍ ഹൗസ് റോഡിലെ ഷോപ്പില്‍ സ്വന്തം വീട്ടിലേക്ക് എന്ന പോലെ വന്ന് കയറിയ സംഘം നഗരത്തിലെ നാല് ഷോപ്പുകളില്‍ കൂടി ഇതേമട്ടില്‍ കയറി മദ്യവുമായി മടങ്ങി. അതും ചെറിയ തുകയ്ക്കുള്ളതല്ല. കട്ടെടുത്ത മദ്യത്തിന്‍റെയെല്ലാം മൂല്യം രണ്ടായിരം തുടങ്ങി നാലായിരം കടക്കും. കണക്കെടുപ്പില്‍ സംശയം തോന്നിയ ഉദ്യോഗസ്ഥര്‍ സിസിടിവി പരിശോധിച്ചതോടെയാണ് പ്രീമിയം കൗണ്ടറിലെ മദ്യ മോഷണം തെളിഞ്ഞത്. ഓരോ ഷോപ്പിലെയും ജീവനക്കാര്‍ സ്വന്തം സ്റ്റോക്കുകളും ദൃശ്യങ്ങളും പരിശോധിച്ചു. ഇതോടെയാണ് സംസ്ഥാനത്തെ വിവിധ ബവ്കോ ഷോപ്പുകളിലെ കവര്‍ച്ചാ വിവരത്തിന്‍റെ വ്യാപ്തി തെളിഞ്ഞത്. 

ഒരു മാസത്തിനിടെ മാത്രം ഒന്നര ലക്ഷത്തിലേറെ രൂപ മൂല്യമുള്ള മദ്യം പലയിടങ്ങളില്‍ നിന്നായി നഷ്ടപ്പെട്ടിട്ടുണ്ടെന്നാണ് കണക്ക്. പൊലീസ് അന്വേഷണമുണ്ടെങ്കിലും മദ്യം കടത്തിയവരെ കണ്ടെത്താനായിട്ടില്ല. മദ്യം സ്വന്തംനിലയില്‍ തെരഞ്ഞെടുക്കാന്‍ കഴിയുന്ന പ്രീമിയം കൗണ്ടറുകളിലെ ദുരുപയോഗം കൂടുതല്‍ സുരക്ഷാ സംവിധാനങ്ങള്‍ നടപ്പാക്കി തടയണമെന്നാണ് ബവ്കോ ജീവനക്കാരുടെ ആവശ്യം. കിട്ടിയാല്‍ തരക്കേടില്ലാതെ ചെറുത് എന്തെങ്കിലും എന്ന ചിന്തയ്ക്കപ്പുറം വലുതേ ഞാനെടുക്കൂ എന്ന രീതിയാണ് കവര്‍ച്ചക്കാര്‍ക്ക്.

മദ്യമോഷ്ടാക്കളം കണ്ടത്താന്‍ അതിവേഗത്തില്‍ നടപടി വേണമെന്നാണ് ബവ്കോ ജീവനക്കാരുടെ ആവശ്യം. ആരു മോഷ്ടിച്ചാലും ബവ്കോ ജീവനക്കാര്‍ക്കും ബവ്കോയ്ക്കുമാണ് നഷ്ടമെന്നതാണ് കാരണം. സിസിടിവി ദൃശ്യങ്ങള്‍ സഹിതമാണ് പൊലീസ് അന്വേഷണം പുരോഗമിക്കുന്നത്. 

ENGLISH SUMMARY:

More than ₹1.5 lakh worth of liquor has reportedly been stolen from BEVCO outlets across Kerala over the past month, with thieves targeting premium counters. The thefts involved liquor bottles worth between ₹2,000 and ₹4,000, which were concealed in bags or hidden inside clothing, including undergarments. The thefts came to light after employees noticed stock discrepancies and examined CCTV footage, revealing incidents at multiple outlets, including four shops in Thiruvananthapuram city