ശബരിമല ദർശനത്തിനുള്ള വിർച്വൽ ക്യൂ ബുക്കിങ് ഫീസ് ഇരട്ടിയാക്കാൻ ധാരണ. അഞ്ച് രൂപയെന്നത് പത്ത് രൂപയാക്കാനാണ് തിരുവിതാംകൂർ  ദേവസ്വം ബോർഡ് ഭരണസമിതിയിൽ ധാരണയായത്. പമ്പയിലെ ശുചിമുറി സൗകര്യം സൗജന്യമാക്കുന്നതിനുള്ള തുക കണ്ടെത്തുന്നതിന്‍റെ ഭാഗമാണെന്നും അന്തിമ തീരുമാനത്തിന് ഹൈക്കോടതിയുടെ അനുമതി തേടുമെന്നും പ്രസിഡന്‍റ്  കെ.ജയകുമാർ മനോരമ ന്യൂസിനോട്. സമ്മർദം കാരണം ശബരിമല എക്സിക്യൂട്ടീവ് ഓഫിസർ സ്വയം വിരമിക്കലിന് അപേക്ഷ നൽകിയെന്നും ബോർഡ് ചർച്ച ചെയ്ത് തള്ളിയെന്നും ജയകുമാർ പറഞ്ഞു.

വിർച്വൽ ബുക്കിങ് ഫീസ് അഞ്ച് രൂപയിൽ നിന്ന് പത്ത് രൂപയാക്കി ഉയർത്തിയാൽ വ്യാപക വിമർശനത്തിനിടയാക്കും. ഈ സംശയം കഴിഞ്ഞ ദിവസത്തെ ബോർഡ് യോഗത്തിൽ ഭരണസമിതി അംഗങ്ങളും പ്രകടിപ്പിച്ചു. ഭക്തർക്ക് ഗുണകരമാകുന്ന പദ്ധതിയെന്നായിരുന്നു കെ. ജയകുമാറിന്‍റെ വിശദീകരണം. നിരക്ക് വർധനയ്ക്ക് ഹൈക്കോടതിയുടെ അനുമതി നിർബന്ധമാണ്. തീരുമാനം നടപ്പാക്കാൻ സർക്കാരിനോടും ബോർഡിന് അഭിപ്രായം തേടേണ്ടി വരും.

ശബരിമല എക്സിക്യൂട്ടീവ് ഓഫീസറായ പി. എസ്  ശാന്തകുമാർ സമ്മർദത്തെ തുടർന്ന് ബോർഡിന് സ്വയം വിരമിക്കൽ അപേക്ഷ നൽകിയിരുന്നു. അപേക്ഷ ലഭിച്ചതായി സ്ഥിരീകരിച്ച കെ ജയകുമാർ ചർച്ചയിലൂടെ ശാന്തകുമാറിനെ ശാന്തനാക്കി തീരുമാനം പിൻവലിപ്പിച്ചെന്നും പറഞ്ഞു.ഉദ്യോഗസ്ഥ, കരാറുകാരുടെ സമ്മർദവും, ശബരിമലയുമായി ബന്ധപ്പെട്ട ഭാവിയിലെ കോടതി നടപടികളും ഭയന്നാണ് ആറ് വർഷം സർവീസ് ബാക്കി നിൽക്കെ ശാന്തകുമാർ സ്വയം വിരമിക്കലിന് അപേക്ഷിച്ചത്. 

 

 

Sabarimala Virtual Queue Booking Fee to Be Doubled: