ശബരിമലയിലെ കടമുറി ടെന്‍ഡറില്‍ അട്ടിമറി തെളിഞ്ഞതിന് പിന്നാലെ റീ ടെന്‍ഡറുമായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. ടെന്‍ഡര്‍ വിവരം ചോര്‍ന്നതിലെ നൂറ്റിപ്പത്തും, നേരത്തെ നടപടിക്രമം പൂര്‍ത്തിയായിട്ടും ആരും ലേലം കൊള്ളാതിരുന്ന നൂറ് കടകളും ചേര്‍ത്ത് ഇരുന്നൂറ്റി പത്ത് കടമുറികള്‍ക്കാണ് റീ ടെന്‍ഡര്‍ വിളിച്ചത്. ദേവസ്വം ബോര്‍ഡ് ഉദ്യോഗസ്ഥര്‍ കരാറുകാരെ സഹായിച്ചെന്നാണ് വിജിലന്‍സിന്‍റെ നിഗമനമെന്നും വിജിലന്‍സ് എസ്.പിയുടെ റിപ്പോര്‍ട്ട് നാളെ (ചൊവ്വ) ലഭിക്കുമെന്നും പ്രസിഡന്‍റ് കെ.ജയകുമാര്‍ പറഞ്ഞു.
ഒന്നിനുമീതെ ഒന്നായി ശബരിമലയെ ബന്ധപ്പെടുത്തി വിവാദങ്ങളുയര്‍ത്തുന്നതില്‍ ഏറ്റവും ഒടുവില്‍ ഉദ്യോഗസ്ഥരുടെ പങ്കാണ് തെളിയുന്നത്. സാമ്പത്തിക താല്‍പര്യമാണോ, സൗഹൃദത്തിന്‍റെ പിന്‍ബലമാണോ? എന്തായാലും വിവരം ചോര്‍ത്തിയ കള്ളന്‍ കപ്പലില്‍ തന്നെയെന്നാണ് വിവരം. ഈ സാഹചര്യത്തിലാണ് അതിവേഗ നടപടിയിലേക്ക് ദേവസ്വം ബോര്‍ഡ് നീങ്ങുന്നത്.
ശബരിമലയിലെ കടമുറികള്‍ക്കായുള്ള ടെന്‍ഡര്‍ വിവരം ചോര്‍ന്നുവെന്ന് മനസിലാക്കിയതിന് പിന്നാലെ രണ്ട് ഘട്ടമായുള്ള ടെന്‍ഡര്‍ റദ്ദാക്കിയിരുന്നു. 210 കടമുറികള്‍ക്കായി റീ ടെന്‍ഡര്‍ വിളിച്ചു. അടുത്തമാസം പതിനഞ്ചിന് മുന്‍പായി ലേല നടപടികള്‍ പൂര്‍ത്തിയാക്കുകയാണ് ബോര്‍ഡിന്‍റെ ലക്ഷ്യം. ടെന്‍ഡര്‍ വിവരം കരാറുകാര്‍ക്ക് ചോര്‍ന്നത് ദേവസ്വം വിജിലന്‍സാണ് അന്വേഷിക്കുന്നത്. ദേവസ്വം ബോര്‍ഡ് ഉദ്യോഗസ്ഥര്‍ കരാറുകാരെ സഹായിച്ചെന്നാണ് വിജിലന്‍സിന്‍റെ നിഗമനം. ടെൻഡർ വിവരങ്ങൾ കരാറുകാർക്ക് ചോർത്തി നൽകിയതായി സംശയിക്കുന്ന ദേവസ്വം ഉദ്യോഗസ്ഥരിൽ നിന്ന് ദേവസ്വം വിജിലൻസ് മൊഴിയെടുക്കും. സംശയമുള്ള മൂന്ന് ഉദ്യോഗസ്ഥരുടെ ഫോൺ വിളി രേഖകളും പരിശോധിക്കും. ഉദ്യോഗസ്ഥർ വിവരം ചോർത്തി നൽകിയ രണ്ട് കരാറുകാരിൽ നിന്ന് വിജിലൻസ് പ്രാഥമിക വിവരം ശേഖരിച്ചു.
ടെൻഡർ വിവരം ചോര്‍ത്തിയതിൽ മൂന്ന് ദിവസത്തിനുള്ളിൽ അന്വേഷണ റിപ്പോർട്ട് സമർപ്പിക്കണമെന്നായിരുന്നു ദേവസ്വം വിജിലൻസ് എസ്.പിയോട് ബോർഡ് ഭരണസമിതി ആവശ്യപ്പെട്ടിരുന്നത്. വിജിലന്‍സ് എസ്.പിയുടെ റിപ്പോര്‍ട്ട് നാളെ ലഭിക്കുമെന്ന് പ്രസിഡന്‍റ് കെ.ജയകുമാര്‍ അറിയിച്ചു. മറ്റന്നാൾ (ബുധൻ) ചേരുന്ന തിരുവിതാംകൂർ ദേവസ്വം ബോർഡ് ഭരണസമിതി റിപ്പോര്‍ട്ട് പരിഗണിച്ച് തുടര്‍നടപടിയെടുക്കും.