പൂജാവിധി, മന്ത്രജപം, സമയം അങ്ങനെ ചോദ്യങ്ങളുടെ നിര. രണ്ട് മണിക്കൂറിനുള്ളില്‍ എല്ലാം മംഗളം. ചോദ്യങ്ങളുടെ നിര ഒന്നിന് പിന്നാലെ ഒന്നായ് നിരന്നു. വന്നവര്‍ക്കുള്ള അറിവാഴം തിരിച്ചറിയുക പ്രധാനം. ചോദ്യങ്ങള്‍ക്കെല്ലാം ശരവേഗത്തിലുള്ള മറുപടി. യാതൊരു തടസവുമില്ലാതെ. വൃശ്ചികം ഒന്ന് മുതല്‍ ഒരു വര്‍ഷത്തേക്ക് ശബരിമല, മാളികപ്പുറം ക്ഷേത്രങ്ങളിലെ മേല്‍ശാന്തിമാരെ നിശ്ചയിക്കുന്നതിനുള്ള മുഖാമുഖത്തിലായിരുന്നു ശരമുന പോലുള്ള ചോദ്യനിര. എഴുപത്തി എട്ടുപേരില്‍ നിന്നും അഞ്ചുപേരായി ചുരുങ്ങിയ അന്തിമ പട്ടികയില്‍ മുഖാമുഖത്തിനെത്തിയ അഞ്ചുപേരും ഒന്നിനൊന്ന് മികവ് കാട്ടി. ഈമാസം പതിനെട്ടിന് ശബരിമലയിലും, മാളികപ്പുറത്തുമായി നടക്കുന്ന നറുക്കെടുപ്പിനുള്ള പട്ടികയില്‍ ഇടം നേടി. രണ്ട് മണിക്കൂറിനുള്ളില്‍ മേല്‍ശാന്തിമാരുടെ അഭിമുഖ നടപടി പൂര്‍ത്തിയായതും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്‍റെ ചരിത്രത്തിലാദ്യം.
തന്ത്രിമാര്‍ക്ക് അറിയേണ്ടത്
പൂജയില്‍ പൂജനീയരാണോ?
തന്ത്രിമാരായ കണ്ഠരര് മഹേഷ് മോഹനരും, കണ്ഠരര് ബ്രഹ്മദത്തനും താന്ത്രിക വഴികളിലൂന്നി പൂജാവിധികളെക്കുറിച്ചുള്ള കാര്യങ്ങളായിരുന്നു പ്രധാനമായും ആരാഞ്ഞത്. പൂജ തുടങ്ങുന്ന സമയം, ദൈര്‍ഘ്യം, പൂര്‍ത്തിയാവുന്ന സമയം, ചൊല്ലുന്ന മന്ത്രങ്ങള്‍, ഓരോ പൂജയ്ക്കും മുന്‍ഗണനാ മട്ടില്‍ ഉപയോഗിക്കുന്ന പൂക്കള്‍. അങ്ങനെ തുടരെ തുടരെ കൃത്യമായ വഴികളിലൂടെയുള്ള വിവരശേഖരണമായിരുന്നു. ഓരോ ചോദ്യത്തിനും മേല്‍ശാന്തിമാരുടെ ശാന്തമായ മറുപടി, സംശയങ്ങള്‍ക്ക് ഇടനല്‍കാത്ത വിധം അറിവ് നിറയ്ക്കുന്ന മട്ടില്‍. സ്വന്തം ചുമതലകള്‍ ഭംഗിയായി പൂര്‍ത്തിയാക്കുന്നവരെന്ന് അന്വേഷണ റിപ്പോര്‍ട്ടിലുണ്ടായിരുന്നത് പോലെ പങ്കെടുത്ത അഞ്ചുപേരും ആഴത്തിലുള്ള അറിവ് പങ്കുവച്ച് ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കി.
അയ്യപ്പന്‍റെ ചരിത്രമറിയാമോ? പതിനെട്ടാം പടിയുടെ സങ്കല്‍പ്പമെന്ത്?
അയ്യപ്പന്‍റെ ജനനവും, പന്തളത്തെ താമസവും, പുലിപ്പാല് തേടി കാട്ടില്‍ പോയതും പിന്നീട് പുലിപ്പുറമേറി പന്തളത്തേക്ക് മടങ്ങിയെത്തിയതും, പമ്പയിലെത്തി അമ്പ് തൊടുത്ത് ശബരിമലയുടെ മൂലസ്ഥാനം അടയാളപ്പെടുത്തിയതും അവിടെ പതിനെട്ട് പടിയുടെ മുകളില്‍ ശബരിമല ക്ഷേത്രം നിര്‍മിച്ചതും. നിദ്രാഭാവത്തില്‍ ചിന്മുദ്രാംഗിതനായി അയ്യപ്പന്‍ കുടികൊള്ളുന്നതുമെല്ലാം. ചരിത്രം അടയാളപ്പെടുത്തിയ വഴികളിലൂടെയായിരുന്നു തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഭരണസമിതിയുടെ ചോദ്യങ്ങള്‍. പ്രസിഡന്‍റ് കെ.ജയകുമാര്‍, അംഗങ്ങളായ കെ.രാജു, പി.ഡി സന്തോഷ് കുമാര്‍ എന്നിവരുടെ ചോദ്യങ്ങള്‍ പൂര്‍ണമായും ശബരിമലയുടെ ഐതിഹ്യവും കാലാനുസൃതമായി ക്ഷേത്രത്തില്‍ വന്ന മാറ്റങ്ങളെയും കുറിച്ചായിരുന്നു. ശബരിമല ദര്‍ശനത്തിനെത്തിയ സമയത്തുള്ള അനുഭവങ്ങളും ചോദിച്ച് മനസിലാക്കി. വിവിധ ക്ഷേത്രങ്ങളില്‍ ദേവനും, ദേവിയും അങ്ങനെ വ്യത്യസ്ത വിഗ്രഹങ്ങളെ പൂജിക്കുന്നവര്‍ക്ക് അയ്യപ്പ ക്ഷേത്രത്തിന്‍റെ നിത്യനിതാന ചുമതല ലഭിച്ചാല്‍ അയ്യപ്പസന്നിധിയില്‍ പൂജാവിധികളില്‍ എങ്ങനെ പൂര്‍ത്തിയാക്കും എന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ ആരാഞ്ഞു.
ഹരിവരാസനം ഈണത്തില്‍ പാടി
അയ്യപ്പന്‍റെ ഉറക്കുപാട്ടാണ് ഹരിവരാസനം. ശബരിമലയില്‍ ഹരിവരാസനം പാടി നട അടയ്ക്കുന്ന പതിവിന് കാലങ്ങളുടെ പഴക്കമുണ്ട്. മുഖാമുഖത്തില്‍ പങ്കെടുത്ത മേല്‍ശാന്തിമാര്‍ ഹരിവരാസനം നടയില്‍ നിന്ന് കേള്‍ക്കുമ്പോഴുള്ള അനുഭവം പങ്കുവച്ചു. ദര്‍ശനത്തിന് എത്തിയ സമയം ദര്‍ശിച്ച കാര്യങ്ങളും നിരത്തി. ശബരിമലയിലെ ഹരിവരാസനം കേട്ട് മടങ്ങാന്‍ വേണ്ടി മാത്രം രാവിലെ ദര്‍ശനത്തിനെത്തിയിട്ടും നെയ്യഭിഷേകം പൂര്‍ത്തിയായിട്ടും വൈകീട്ട് മലയിറങ്ങിയ അനുഭവവും പങ്കുവച്ചു. ചിലര്‍ പൂര്‍ണമായും ഹരിവരാസനം പാടി. ഹരിവരാസനം വിശ്വമോഹനം എന്ന വരികള്‍ കൃത്യമായി പാടി അറിവിന്‍റെ ആഴമറിയിച്ച മേല്‍ശാന്തിമാരും മുഖാമുഖത്തിന്‍റെ ഭാഗമായി.
അഭിമുഖത്തിനുള്ള മാര്‍ക്ക് ഘടന
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റിന് പത്ത് മാര്‍ക്ക് വരെ നല്‍കാം
അംഗങ്ങള്‍ക്ക് പത്ത് മാര്‍ക്ക് വീതം നല്‍കാം (രണ്ടുപേര്‍ക്കും കൂടി ഇരുപത് മാര്‍ക്ക് )
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഭരണസമിതിക്ക് ആകെ മുപ്പത് മാര്‍ക്ക്
ശബരിമല തന്ത്രിമാര്‍ക്ക്
കണ്ഠരര് മഹേഷ് മോഹനര്–15 മാര്‍ക്ക് നല്‍കാം
കണ്ഠരര് ബ്രഹ്മദത്തന്‍–15 മാര്‍ക്ക് നല്‍കാം
പന്തളം കൊട്ടാരം നിര്‍ദേശിച്ച തന്ത്രിക്ക് നല്‍കാവുന്ന മാര്‍ക്ക് 30 വരെ
ആകെ 90 മാര്‍ക്കിന് അറുപത് ശതമാനമായ 54 നേടിയാല്‍ അന്തിമപട്ടികയിലേക്ക് കടന്നുകൂടാം. അഭിമുഖത്തില്‍ പങ്കെടുത്ത അഞ്ചുപേരില്‍ ഭൂരിഭാഗം മേല്‍ശാന്തിമാരും അന്‍പത്തി നാലോ അതിലധികമോ മാര്‍ക്ക് നേടിയെന്നാണ് വിവരം. അങ്ങനെ അവര്‍ അന്തിമപട്ടികയില്‍ ഇടം നേടി
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴിലെ ഒരാളുമില്ല
ശബരിമലയും, മാളികപ്പുറം ക്ഷേത്രവും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള ക്ഷേത്രങ്ങളാണ്. ഈ ക്ഷേത്രങ്ങളിലെ മേല്‍ശാന്തിയാവാനുള്ള യോഗ്യതാപട്ടികയില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴില്‍ ജോലി ചെയ്യുന്ന ഒരു ശാന്തിക്കാരന്‍ പോലും ഉള്‍പ്പെട്ടിട്ടില്ലെന്നതാണ് യാഥാര്‍ഥ്യം. പത്ത് വര്‍ഷം തുടര്‍ച്ചയായി മൂന്ന് പൂജകളുള്ള ക്ഷേത്രത്തിലെ മേല്‍ശാന്തിമാരായിരിക്കണമെന്ന വ്യവസ്ഥയാണ് പലര്‍ക്കും തിരിച്ചടിയായത്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള ക്ഷേത്രങ്ങളിലെ മേല്‍ശാന്തിമാരെ ചെറുതും വലുതുമായ ക്ഷേത്രങ്ങളില്‍ മാറ്റി നിയമിക്കുന്നത് സാധാരണമാണ്. ഇക്കാരണത്താല്‍ പത്ത് വര്‍ഷമെന്ന നിബന്ധന ഒരാള്‍ക്കും പാലിക്കാന്‍ കഴിയാത്ത സ്ഥിതിയാണ്. മലബാര്‍, കൊച്ചിന്‍ ദേവസ്വം ബോര്‍ഡുകള്‍ക്ക് കീഴിലുള്ള ക്ഷേത്രങ്ങളിലെയും ട്രസ്റ്റുകള്‍ക്ക് കീഴിലുള്ള ക്ഷേത്രങ്ങളിലെയും മേല്‍ശാന്തിമാരാണ് അഞ്ചംഗ അന്തിമപട്ടികയില്‍ ഇടം പിടിച്ചിട്ടുള്ളത്.
കൂടുതലാളുകള്‍ക്ക് അവസരമുണ്ടാവാന്‍ ചട്ടങ്ങളില്‍ ഇളവ് വേണം
പന്ത്രണ്ട് വര്‍ഷത്തിനിടെ പത്ത് വര്‍ഷം തുടര്‍ച്ചയായി ഒരു ക്ഷേത്രത്തില്‍ മേല്‍ശാന്തിയായിരിക്കണം. അതും നിത്യേന മൂന്ന് പൂജകളുള്ള ക്ഷേത്രത്തില്‍. കേരള ബ്രാഹ്മണരായ ശാന്തിമാരായിരിക്കണമെന്നും നിര്‍ബന്ധം. സംസ്ഥാനത്ത് മൂന്ന് പൂജകളുള്ള ക്ഷേത്രം, നിത്യേന നട തുറക്കുന്ന ക്ഷേത്രം. ഈ ഗണത്തില്‍ വരുന്ന ക്ഷേത്രങ്ങളുടെ എണ്ണം വളരെ കുറവാണ്. അതുകൊണ്ടു തന്നെയാണ് 78 പേരുടെ അപേക്ഷ വന്നിട്ടും അന്തിമ പട്ടികയിലേക്ക് അഞ്ചുപേരായി ചുരുങ്ങിയത്. ഈ മാനദണ്ഡങ്ങളില്‍ മാറ്റം വരുത്തുന്നതിനാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ശ്രമം തുടങ്ങിയത്. നിബന്ധനകളില്‍ ഏത് രീതിയിലുള്ള പരിഷ്കരണം വേണമെന്ന കാര്യങ്ങള്‍ ബോര്‍ഡ് ചേര്‍ന്ന് വിദഗ്ധരുടെ അഭിപ്രായം കേട്ട് തീരുമാനിക്കും. തുടര്‍ന്ന് ഹൈക്കോടതിയെ അറിയിച്ച് തീരുമാനം അന്തിമമാക്കും. പത്ത് വര്‍ഷമെന്നത് അഞ്ച് വര്‍ഷമാക്കി ചുരുക്കിയാല്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള ക്ഷേത്രങ്ങളിലെ ശാന്തിമാര്‍ക്ക് ഉള്‍പ്പെടെ യോഗ്യത നേടാനാവുമെന്നാണ് ബോര്‍ഡിന്‍റെ വിലയിരുത്തല്‍. എന്തായാലും മാനദണ്ഡം പരിഷ്കരിക്കുന്നതും നടപ്പിലാക്കുന്നതുമെല്ലാം ഇത്തവണയുണ്ടാവില്ലെന്നത് യാഥാര്‍ഥ്യം.