ശബരിമലയിലെ കടമുറി ടെൻഡർ വിവരങ്ങൾ കരാറുകാർക്ക് ചോർത്തി നൽകിയതായി സംശയിക്കുന്ന ദേവസ്വം ഉദ്യോഗസ്ഥരിൽ നിന്ന് ദേവസ്വം വിജിലൻസ് ഇന്ന് മൊഴിയെടുക്കും. സംശയമുള്ള മൂന്ന് ഉദ്യോഗസ്ഥരുടെ ഫോൺ വിളി രേഖകളും പരിശോധിക്കും. ഉദ്യോഗസ്ഥർ വിവരം ചോർത്തി നൽകിയ രണ്ട് കരാറുകാരിൽ നിന്ന് വിജിലൻസ് പ്രാഥമിക വിവരം ശേഖരിച്ചു. 110 കടമുറികളുടെ ടെൻഡർ നടപടികൾ ചോർന്നതായി മനസിലാക്കിയത് പിന്നാലെ ടെൻഡർ പൂർണമായും റദ്ദാക്കിയിരുന്നു. ടെൻഡർ വിവരം ചോര്‍ത്തിയതിൽ മൂന്ന് ദിവസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് ദേവസ്വം വിജിലൻസ് എസ്.പിയോട് ബോർഡ് ഭരണസമിതി ആവശ്യപ്പെട്ടിട്ടുള്ളത്. ഒരാഴ്ചക്കുള്ളിൽ പുതിയ ടെൻഡർ നടപടികൾ വിളിക്കും. മറ്റന്നാൾ ചേരുന്ന തിരുവിതാംകൂർ ദേവസ്വം ബോർഡ് ഭരണസമിതി ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കും. Also Read: ബാങ്കുകള്‍ പ്രവര്‍ത്തിക്കും, സമരം പിന്‍വലിച്ചു; ജീവനക്കാരുടെ ആവശ്യം പരിഗണിക്കാന്‍ സമിതി
ടെൻഡർ വിളിച്ചാലും പരസ്പരം പറഞ്ഞ് ഉറപ്പിച്ച് ചെറിയ തുകയിലും, മുൻ വർഷങ്ങളിൽ കട നടത്തിയിരുന്ന ഇടങ്ങളും ഉൾപ്പെടുന്ന സ്ഥലം ലേലത്തിൽ പിടിക്കുന്ന പതിവ് തുടരാനായിരുന്നു ഉദ്യോഗസ്ഥരുടെയും കരാറുകാരുടെയും നീക്കം. തട്ടിപ്പ് മറികടക്കാൻ ഏർപ്പെടുത്തിയ ടെൻഡർ പരിഷ്‌കരണത്തിലെ പ്രതിസന്ധി മറികടക്കാനാണ് വിവരം ചോർത്തിയത്. മൂന്ന് ദിവസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് വിജിലൻസ് എസ്.പിക്ക് ദേവസ്വം ബോർഡ് ഭരണസമിതി നൽകിയിരിക്കുന്ന നിർദേശം.
വീഴ്ച വന്നതായി തെളിഞ്ഞാൽ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്ത് മാറ്റിനിർത്തുന്നതിനൊപ്പം ശബരിമലയുമായി ബന്ധപ്പെട്ട തുടർ പ്രവർത്തനങ്ങളിൽ ഏർപ്പെടാതിരിക്കാനും വിലക്കും. 110 കടമുറികളുടെ ലേലം ഒരാഴ്ചക്കുള്ളിൽ സുതാര്യമായി പൂർത്തിയാക്കുമെന്ന് ബോർഡ് ഭരണസമിതി അറിയിച്ചു. ടെൻഡർ നടപടികൾ അട്ടിമറിക്കാനുള്ള ശ്രമവും തുടർ ഇടപെടലും ദേവസ്വം മന്ത്രിയെ അറിയിച്ചതായും പ്രസിഡന്റ് കെ.ജയകുമാർ പറഞ്ഞു.