കൊച്ചിയില്‍ നീരണിഞ്ഞ് രാജ്യത്തിന്‍റെ പ്രതിരോധ വഴിയില്‍ അഭിമാനമായി മാറിയ വിമാന വാഹിനി പടക്കപ്പലായ ഐ.എന്‍.എസ് വിക്രാന്തിന്‍റെ മാതൃക അനന്തപുരിയിലും. ഇന്ത്യന്‍ നാവികസേനയുടെ നേതൃത്വത്തിലാണ് മ്യൂസിയത്തിന് സമീപം മികവാര്‍ന്ന മിനിയേച്ചര്‍ സ്ഥാപിച്ചത്.
കരുതലിന്‍റെയും കാവലിന്‍റെയും അടയാളമായി പ്രതിരോധ സേനയ്ക്ക് കരുത്തായി മാറിയ കിതപ്പറിയാത്ത അഭിമാനമുദ്ര. ഏത് പടക്കപ്പലിനോടും കിടപിടിക്കുന്ന മികവുമായി തദ്ദേശീയമായി വികസിപ്പിച്ച് മതിപ്പേറെ ചാര്‍ത്തി രാജ്യസുരക്ഷയുടെ പ്രതിരോധ വഴിയൊരുക്കിയ ഐ.എന്‍.എസ് വിക്രാന്ത്. നാല് വര്‍ഷം മുന്‍പ് കൊച്ചി കപ്പല്‍ നിര്‍മാണശാലയില്‍ നിന്നും നീരണിഞ്ഞ പടക്കപ്പലിന് പകിട്ടേറെയാണ്.
വിമാന വാഹിനി, അതിവേഗ യാത്രാകരുതല്‍, പ്രതിരോധത്തിനുള്ള ചടുലത. നിരവധി കൗതുകങ്ങള്‍ ഒളിപ്പിച്ചിരിക്കുന്ന മാതൃക. ഐ.എന്‍.എസ് വിക്രാന്തിനെ അടുത്തറിയാനും, പഠനോപകാരപ്രദമാക്കാനും കഴിയുന്ന മട്ടിലാണ് ചെറുപതിപ്പ്. അനന്തപുരിയുടെ അടയാളങ്ങളിലൊന്നായി ഈ പതിപ്പ് മാറും. കേരളത്തിനും അഭിമാനിക്കാന്‍ വക നല്‍കുന്നു. കപ്പല്‍ കുതിപ്പിന്‍റെ മാതൃക ഗവര്‍ണര്‍ പ്രകാശനം ചെയ്തു.
യുദ്ധദൗത്യത്തിന്‍റെ മുന്‍നിരയിലേക്കിറങ്ങാന്‍ നീരണിഞ്ഞ് നില്‍ക്കുന്ന പടക്കപ്പലിന് സൈന്യാധിപര്‍ പലതവണ സല്യൂട്ട് നല്‍കി. വിക്രാന്തിനെ അറിയാന്‍ ദൂരയാത്ര വേണ്ടെന്നത് വിദ്യാര്‍ഥികളുടെ പഠന വഴിയില്‍ അറിവാഴം ലളിതമാക്കും. രാജ്യത്തിന്‍റെ പ്രതിരോധം, കരുത്ത്, കരുതിവയ്ക്കാനുള്ള കൗതുകങ്ങള്‍ നിറയുന്ന വിക്രാന്തിനെ അറിയണം. അഭിമാനിക്കണം.