സി.എം.ആര്‍.എല്‍ – എക്സാലോജിക് കേസില്‍ മുന്‍മന്ത്രിയും സിപിഎം നേതാവുമായ മുഹമ്മദ് റിയാസിനെതിരായ എഫ്.ഐആറിന്റെ വിവരങ്ങളും പുറത്ത്. റിയാസ് സുഹൃത്തുക്കള്‍ വഴി വിദേശത്തേക്ക് പണംകടത്തി. വീണയുമായി ചേര്‍ന്ന് അനധികൃതമായി സമ്പാദിച്ചു. റിയാസിന്റെ ഹവാലയും  ഇടപാടുകളും മന്ത്രിയെന്ന പദവി ഉപയോഗിച്ചെന്നും എഫ്ഐആറില്‍ പറയുന്നു. 

എഫ്ഐആറില്‍ പറയുന്നത്: 

പൊതുമരാമത്ത് മന്ത്രിയായിരുന്ന 2024–2025 കാലഘട്ടത്തില്‍ അനധികൃതമായി പണം സമ്പാദിച്ചു. ഈ സമയം പ്രത്യേകിച്ച് വരുമാനം ഇല്ലാതിരുന്ന ഭാര്യ വീണ, റിയാസിനൊപ്പം മന്ത്രിമന്ദിരത്തിലാണ് കഴിഞ്ഞിരുന്നത്. റിയാസും വീണയും ചേര്‍ന്ന് ഈ പണം വിദേശത്തേക്ക് കടത്തി. റിയാസിന്‍റെ സുഹൃത്തുക്കളെയാണ് ഇതിനായി ഉപയോഗിച്ചത്. 

സുഹൃത്തുക്കളുമായി ചേര്‍ന്ന് ദുബായിയില്‍ ഗാര്‍മെന്‍റ് എക്സ്പോര്‍ട് ബിസിനസ് നടത്താന്‍  റിയാസ്  തീരുമാനിച്ചു. അതിനായാണ് പണം കടത്തിയത്. ഇതിന് വേണ്ടി 2024ല്‍ നാല് തവണ വീണ  ദുബായിലേക്ക് പോയി. ഇതെല്ലാം  ദുബായിയില്‍ ബെനാമി കമ്പനി തുടങ്ങാനായിരുന്നു. അതുകൂടാതെ റിയാസും വീണക്കൊപ്പം 2024 മെയ് 3 മുതല്‍ 19 വരെ ദുബായിയില്‍ പോയി. നന്ദുലാല്‍ എന്ന ഏഴാം പ്രതിയുടെ പേരിലെ സിം ആണ് ഉപയോഗിച്ചത്. വി.പി.ഫൈജാസ് എന്ന ആറാം  പ്രതിയും ഈ സമയം അവിടെയുണ്ടായിരുന്നു. വീണയുടെ ഡയറിയില്‍ ഇതിന്‍റെയെല്ലാം തെളിവുകള്‍ എഴുതി സൂക്ഷിച്ചിട്ടുണ്ട്.  

പിണറായി വിജയന്‍ ഒന്നാം പ്രതി

കൈക്കൂലിക്കേസില്‍ പിണറായി വിജയനെ ഒന്നാം പ്രതിയാക്കി വിജിലന്‍സ് കേസെടുത്തു. ഹവാല ഇടപാടുമായി ബന്ധപ്പെട്ട  കേസില്‍ മുഹമ്മദ് റിയാസും ഒന്നാം പ്രതി. രണ്ട് കേസിലും ടി.വീണയെ പ്രതിചേര്‍ത്തു. ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് പണം സമ്പാദിച്ചെന്നാണ് ഇ.ഡിയുടെ കത്തിന്‍റെ അടിസ്ഥാനത്തിലെടുത്ത കേസിലെ എഫ്.ഐആറില്‍ കുറ്റപ്പെടുത്തുന്നത്. അന്വേഷണത്തിനായി എസ്.ഐ.ടി ഉടന്‍ രൂപീകരിക്കും.

പതിനാറാം നിയമസഭയുടെ രണ്ടാം സമ്മേളനത്തിന്‍റെ ആദ്യദിനം. ആരോപണങ്ങളുന്നയിച്ച് സര്‍ക്കാരിനെതിരെ കത്തിക്കയറാന്‍ തയാറായി പ്രതിപക്ഷനേതാവിന്‍റെ കസേരയില്‍ പിണറായി വിജയനും പിന്നില്‍ മുഹമ്മദ് റിയാസ് ഉള്‍പ്പടെയുള്ള ഇടത് അംഗങ്ങളും. സഭ തുടങ്ങി പതിനഞ്ചാം മിനിറ്റിലെത്തിയത് പിണറായി വിജയനെതിരെ കേസെടുത്തെന്ന വാര്‍ത്ത. മുന്‍മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ ഒരാള്‍ക്കെതിരെ കൈക്കൂലി ഇടപാടില്‍ കേസെടുക്കുന്നത് സമീപകാല ചരിത്രത്തിലാദ്യം. മകളും മകളുടെ ഭര്‍ത്താവും ഒരുമിച്ച് പ്രതിയാകുന്നത് ചരിത്രത്തിലുമാദ്യം. 

ഇ.ഡിയുടെ കത്തിന്‍റെ അടിസ്ഥാനത്തില്‍ രണ്ട് കേസാണ് എടുത്തത്. സി.എം.ആര്‍.എല്ലില്‍ നിന്ന് മൂന്ന് കോടി ഇരപത്തിയെട്ട് ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്നതിലാണ് ഒരു കേസ്. അതില്‍ പിണറായി വിജയന്‍ ഒന്നും വീണ രണ്ടും വീണയുടെ കമ്പനിയായ എക്സാലോജിക് സൊല്യൂഷന്‍സ് മൂന്നും പ്രതി. സി.എം.ആര്‍.എല്‍ ഉടമ ശശിധരന്‍ കര്‍ത്ത, ഫിനാന്‍സ് ഓഫീസര്‍ സുരേഷ് കുമാര്‍, അവരുടെ കമ്പനിയായ എംപവര്‍ ഇന്ത്യ എന്നിവരെയും പ്രതിചേര്‍ത്തിട്ടുണ്ട്. മുഹമ്മദ് റിയാസ് ഇരുപതരക്കോടി അനധികൃതമായി സമ്പാദിച്ച് ഹവാല ഇടപാട് നടത്തിയെന്ന ആരോപണത്തിലാണ് അടുത്ത കേസ്. അതില്‍ മുഹമ്മദ് റിയാസ് ഒന്നും വീണ രണ്ടും പ്രതിയാകുമ്പോള്‍ റിയാസിന്‍റെ സുഹൃത്തുക്കളായ ഷൈജല്‍, നിഖില്‍, ഹസന്‍ വാരിസ്, ഫൈജാസ്, നന്ദുലാല്‍ എന്നിവരാണ് മറ്റ് പ്രതികള്‍. ക്രൈംബ്രാഞ്ച് എസ്.ഐ.ടിയുടെ നേതൃത്വത്തില്‍ പ്രാഥമിക അന്വേഷണമെന്ന സര്‍ക്കാര്‍ തീരുമാനം റദ്ദാക്കിയ ഹൈക്കോടതി ഉത്തരവ് പ്രകാരമാണ് സംസ്ഥാനത്ത് ഏറ്റവും പ്രധാനപ്പെട്ട നേതാവിന്‍റെ കുടുംബത്തെ പ്രതിയാക്കിയുള്ള അന്വേഷണത്തിന് വഴിയൊരുക്കിയത്.

പിണറായി വിജയന്‍ ഉള്‍പ്പടെയുള്ളവരുടെ അപ്പീല്‍ കോടതിയിലെത്തും മുന്‍പ് കേസെടുക്കാനായിരുന്നു സര്‍ക്കാരിന്‍റെ തീരുമാനം. അതോടെയാണ് വിജിലന്‍സ് ഡയറക്ടര്‍ മനോജ് എബ്രഹാമിന്‍റെ നേതൃത്വത്തില്‍ വിജിലന്‍സ് ആസ്ഥാനത്ത് രാവിലെ തന്നെ കേസ് റജിസ്റ്റര്‍ ചെയ്തത്.

പിണറായി വീണ്ടും പ്രതിപ്പട്ടികയില്‍

ലാവ്‍‌ലിന്‍ കേസില്‍ നിന്ന് കുറ്റവിമുക്തനാക്കിയ ശേഷം 13 വര്‍ഷം കഴിഞ്ഞാണ് മുന്‍മുഖ്യമന്ത്രിയും മുതിര്‍ന്ന സിപിഎം നേതാവുമായ പിണറായി വിജയന്‍ വീണ്ടും ഒരു കേസിന്‍റെ പ്രതിപ്പട്ടികയിലെത്തുന്നത്. അഴിമതികേസില്‍ പ്രതിയായിരിക്കെ ആരും പ്രതിപക്ഷ നേതാവ് പദവിയിലിരുന്നിട്ടില്ലെന്ന ചരിത്രം ചൂണ്ടിക്കാട്ടി പിണറായി രാജിവെക്കണമെന്ന ആവശ്യം ബി.ജെ.പി ഉയര്‍ത്തിത്തുടങ്ങി. ധാര്‍മികത അനുസരിച്ച് പിണറായിക്ക് തീരുമാനിക്കാം എന്ന തന്ത്രപരമായ നിലപാടാണ് യു.ഡി.എഫിന്. എന്നാല്‍ പ്രതിപക്ഷ നേതൃസ്ഥാനം ഒഴിയില്ലെന്ന് എല്‍.ഡി.എഫ് കണ്‍വീനര്‍ ടി.പി.രാമകൃഷ്ണന്‍ വ്യക്തമാക്കി.

മകള്‍ക്കെതിരായ ആരോപണങ്ങളുയരുമ്പോളെല്ലാം മടയില്‍ കനമില്ലെന്നും കൈകള്‍ ശുദ്ധമാണെന്നുമുള്ള പതിവ് വരികള്‍ ഉയര്‍ത്തിയായിരുന്നു പ്രതിരോധം. പക്ഷെ ഇനി അത് രാഷ്ട്രീയ എതിരാളികളോട് പറഞ്ഞാല്‍ മതിയാകില്ല. നിയമത്തിന്‍റെ മുന്നില്‍ തെളിയിക്കണം.വൈദ്യുതി മന്ത്രിയായിരുന്ന കാലത്തെ ഇടപാടിലാണ് ലാവ് ലിന്‍ കേസില്‍ പ്രതിയായത്. പിന്നീട് മുഖ്യമന്ത്രിയായപ്പോള്‍ കൈക്കൂലി കേസിലും പ്രതിയായെന്നത് അഴിമതിയുടെ തെളിവായി എതിരാളികള്‍ ഉയര്‍ത്തും. ലാവ് ലിന്‍ കേസില്‍ പ്രതിയായപ്പോള്‍ പാര്‍ട്ടി പദവിക്കപ്പുറം സര്‍ക്കാര്‍ പദവി നേടാതിരുന്ന പിണറായി 2013ല്‍ പ്രതിപ്പട്ടികയില്‍ നിന്നൊഴിവായ ശേഷമാണ് മുഖ്യമന്ത്രി കസേരയിലേക്കെത്തിയത്. ആ ധാര്‍മികത  ഇന്നുണ്ടങ്കില്‍ പ്രതിപക്ഷ നേതൃകസേര ഒഴിയണമെന്നാണ് ഷോണ്‍ ജോര്‍ജിന്‍റെ ആവശ്യം. കോണ്‍ഗ്രസ് ഇതുവരെ അത്തരം ആവശ്യം ഉന്നയിച്ചില്ല. പക്ഷെ വെപ്രാളമെന്തെന്ന് മാത്യു കുഴല്‍നാടന്‍ ചോദിക്കുന്നു . 

കള്ളക്കേസെന്ന് ആവര്‍ത്തിക്കുന്ന സി.പി.എം പിണറായിക്ക് പൂര്‍ണ പിന്തുണ ആവര്‍ത്തിക്കുകയാണ്. കോടതി ഉത്തരവ് വന്നശേഷം ഇതുവരെ പിണറായി പ്രതികരിച്ചിട്ടില്ല.

ENGLISH SUMMARY:

CMRL Exalogic case news outlines the recent vigilance cases registered against Pinarayi Vijayan, Muhammad Riyas, and T Veena involving bribery and hawala transactions. The Malayalam news report details the political turmoil in Kerala following the court-ordered investigation.