ലാവ്‌ലിന്‍ കേസില്‍ നിന്ന് കുറ്റവിമുക്തനാക്കിയ ശേഷം 13 വര്‍ഷം കഴിഞ്ഞാണ് പിണറായി വിജയന്‍ വീണ്ടും ഒരു കേസിന്‍റെ പ്രതിപ്പട്ടികയിലെത്തുന്നത്. അഴിമതികേസില്‍ പ്രതിയായിരിക്കെ ആരും പ്രതിപക്ഷ നേതാവ് പദവിയിലിരുന്നിട്ടില്ലെന്ന ചരിത്രം ചൂണ്ടിക്കാട്ടി പിണറായി രാജിവെക്കണമെന്ന ആവശ്യം ബി.ജെ.പി ഉയര്‍ത്തിത്തുടങ്ങി. ധാര്‍മികത അനുസരിച്ച് പിണറായിക്ക് തീരുമാനിക്കാം എന്ന തന്ത്രപരമായ നിലപാടാണ് യു.ഡി.എഫിന്. എന്നാല്‍ പ്രതിപക്ഷ നേതൃസ്ഥാനം ഒഴിയില്ലെന്ന് എല്‍.ഡി.എഫ് കണ്‍വീനര്‍ ടി.പി.രാമകൃഷ്ണന്‍ വ്യക്തമാക്കി.
മകള്‍ക്കെതിരായ ആരോപണങ്ങളുയരുമ്പോളെല്ലാം മടിയില്‍ കനമില്ലെന്നും കൈകള്‍ ശുദ്ധമാണെന്നുമുള്ള പതിവ് വരികള്‍ ഉയര്‍ത്തിയായിരുന്നു പ്രതിരോധം. പക്ഷെ ഇനി അത് രാഷ്ട്രീയ എതിരാളികളോട് പറഞ്ഞാല്‍ മതിയാകില്ല. നിയമത്തിന്‍റെ മുന്നില്‍ തെളിയിക്കണം.വൈദ്യുതി മന്ത്രിയായിരുന്ന കാലത്തെ ഇടപാടിലാണ് ലാവ്‍ലിന്‍ കേസില്‍ പ്രതിയായത്. പിന്നീട് മുഖ്യമന്ത്രിയായപ്പോള്‍ കൈക്കൂലി കേസിലും പ്രതിയായെന്നത് അഴിമതിയുടെ തെളിവായി എതിരാളികള്‍ ഉയര്‍ത്തും. ലാവ് ലിന്‍ കേസില്‍ പ്രതിയായപ്പോള്‍ പാര്‍ട്ടി പദവിക്കപ്പുറം സര്‍ക്കാര്‍ പദവി നേടാതിരുന്ന പിണറായി 2013ല്‍ പ്രതിപ്പട്ടികയില്‍ നിന്നൊഴിവായ ശേഷമാണ് മുഖ്യമന്ത്രി കസേരയിലേക്കെത്തിയത്. ആ ധാര്‍മികത ഇന്നുണ്ടങ്കില്‍ പ്രതിപക്ഷ നേതൃകസേര ഒഴിയണമെന്നാണ് ഷോണ്‍ ജോര്‍ജിന്‍റെ ആവശ്യം.
കോണ്‍ഗ്രസ് ഇതുവരെ അത്തരം ആവശ്യം ഉന്നയിച്ചില്ല. പക്ഷെ വെപ്രാളമെന്തെന്ന് ചോദിക്കുന്നു മാത്യു കുഴല്‍നാടന്‍. കള്ളക്കേസെന്ന് ആവര്‍ത്തിക്കുന്ന സി.പി.എം പിണറായിക്ക് പൂര്‍ണ പിന്തുണ ആവര്‍ത്തിക്കുകയാണ്. കോടതി ഉത്തരവ് വന്നശേഷം ഇതുവരെ പിണറായി പ്രതികരിച്ചിട്ടില്ല.