വിദ്യാര്‍ഥി പോരിന്റെ മറവില്‍ രാഷ്ട്രീയ സംഘര്‍ഷമുണ്ടായ സംഭവത്തില്‍ 5 യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ അറസ്റ്റിലായതില്‍ അമ്പരപ്പുമായി കോഴിക്കോട്ടെ യു.ഡി.എഫ്. നേതൃത്വം. ചെറുവറ്റയിലെ സ്വകാര്യ കോളേജിലെ തിരഞ്ഞെടുപ്പുമായി ബന്ധപെട്ട സംഘര്‍ഷം പിന്നീട് തൊട്ടടുത്തുളള കൂമ്മങ്ങോട്ട് താഴത്ത് യൂത്ത് ലീഗ്– ഡി.വൈ.എഫ്.ഐ സംഘര്‍ഷവും പോരുമായി മാറിയിരുന്നു. ഇതില്‍ ഇരുവിഭാഗത്തിനുമെതിരെ കേസെടുത്തിരുന്നു. ഈ കേസുകളിലാണ് ലീഗ് പ്രവര്‍ത്തകരുടെ അറസ്റ്റ്
വീടുകയറി ആക്രമിച്ചു. വധശ്രമം അടക്കം ചുമത്തി അറസ്റ്റ്
ഇരുവിഭാഗങ്ങള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ഡിവൈഎഫ്ഐ പ്രവർത്തകനായ കുരുവട്ടൂർ നങ്ങോറകുന്നുമ്മൽ ഷനൂപ് (41), അമ്മ രാധ, സിപിഎം പറമ്പിൽ ലോക്കൽ സെക്രട്ടറി അനിൽകുമാർ, പ്രവർത്തകനായ ബിനോയ് എന്നിവരെ പരുക്കുകളോടെ ഗവ.മെഡിക്കൽ കോളജ് ആശുപത്രിയിലും, യൂത്ത് ലീഗ് പ്രവർത്തകരായ മുഫ്‌ലിഹ്, സമീൽ, അനീസ്, സൻസിത്ത്, സഹീർ എന്നിവരെ ഗവ.ബീച്ച് ജനറൽ ആശുപത്രിയിലും പ്രവേശിപ്പിച്ചിരുന്നു. ഷനൂപിന്റെ വീട്ടിൽ കയറി മാരാകായുധങ്ങളുമായി ആക്രമിച്ചതിനാണു യൂത്ത് ലീഗ് പ്രവർത്തകരായ മുഫ്‌ലിഹ്, സമീൽ, അനീസ്, സൻസിത്ത്, സഹീർ അറസ്റ്റിലായത്. ആശുപത്രിയിലെത്തി പൊലീസ് അറസ്റ്റ് രേഖപെടുത്തി മജിസ്ട്രേറ്റിനു മുന്‍പാകെ ഹാജരാക്കുകയായിരുന്നു. റിമാന്‍ഡില്‍ കഴിയുന്ന 5പേരും പൊലീസ് കാവലില്‍ ചികിത്സ തുടരുകയാണ്. സംഘർഷ സാധ്യതയെ തുടർന്ന് സിറ്റി പൊലീസ് കമ്മിഷണറുടെ നിർദേശത്തിൽ കുമ്മങ്ങോട്ടുതാഴത്തും പരിസരങ്ങളിലും മെഡിക്കൽ കോളജ് അസിസ്റ്റന്റ് കമ്മിഷണർ പി.പ്രമോദിന്റെ നേതൃത്വത്തിൽ പൊലീസ് കനത്ത ബന്തവസ് ഏർപ്പെടുത്തി.
തുടക്കം കൊടി കെട്ടുന്നതുമായി ബന്ധപ്പെട്ട തര്‍ക്കം.
കഴിഞ്ഞ 7 ന് ചെറുവറ്റയിലെ സ്വകാര്യ കോളജിൽ തോരണം തൂക്കുന്നതുമായി ബന്ധപ്പെട്ട് എംഎസ്എഫ് – എസ്എഫ്ഐ പ്രവർത്തകർ തമ്മിൽ സംഘർഷം നടന്നിരുന്നു. പിന്നീട് കോളജിനു പുറത്ത് യൂത്ത് ലീഗും ഡിവൈഎഫ്ഐ പ്രവർത്തകരുമായി സംഘർഷമായി. ചേവായൂർ ഇൻസ്പെക്ടർ ടി.പി.ദിനേശിന്റെ നേതൃത്വത്തിൽ പൊലീസ് എത്തി ഇരു വിഭാഗത്തേയും മാറ്റി കേസെടുത്തിരുന്നു. എന്നാൽ ശനിയാഴ്ച വൈകിട്ട് കുമ്മങ്ങോട്ടെ ഷനൂപിന്റെ വീട്ടിൽ കയറി ആക്രമിക്കുകയായിരുന്നുവെന്നാണു പൊലീസ് പറയുന്നത്. പൊലീസ് എത്തിയതോടെ പ്രതികൾ ഓടി രക്ഷപ്പെടാൻ ശ്രമിച്ചു. തുടര്‍ന്നു നാട്ടുകാരും പൊലീസും പിന്തുടർന്നു പിടികൂടുകയായിരുന്നു.