വ്യവസായ ആവശ്യങ്ങൾക്ക് റവന്യു ഭൂമി പാട്ടത്തിന് നൽകുന്നത് സർക്കാരിന്റെ പരിഗണനയിലെന്ന് മന്ത്രി എ.പി. അനിൽകുമാർ. ഇതോടെ സംരംഭങ്ങൾ തുടങ്ങുന്നതിനായി ഭൂമി  ലഭിക്കാനുള്ള തടസ്സം ഇതോടെ മാറും. മലയാള മനോരമ മലപ്പുറത്ത് ചേംബർ ഓഫ് കൊമേഴ്സുമായി ചേർന്ന് സംഘടിപ്പിച്ച മലപ്പുറം ബിസിനസ് കോൺക്ലേവ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

മലപ്പുറം നഗരത്തിലടക്കം വലിയ സംരംഭങ്ങൾ തുടങ്ങുന്നതിന് ഭൂമി ലഭ്യമാകുന്നതിനുള്ള തടസം പരിഹരിക്കാനാണ് സർക്കാർ ഉടമസ്ഥയിലുള്ള ഭൂമി പാട്ടത്തിന് നൽകാൻ ആലോചിക്കുന്നത്. ഭൂപരിഷ്കരണ നിയമത്തിൽ ഇതിനാവശ്യമുള്ള തിരുത്തലുകൾ വരുത്തും. അടുത്ത നിയമസഭാ സമ്മേളനത്തിൽ തന്നെ തീരുമാനമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മന്ത്രി എ.പി. അനിൽ കുമാർ പറഞ്ഞു.

10 സെഷനുകളിലായി നടന്ന കോൺക്ലേവിൽ വിവിധ മേഖലകളിൽ നിന്നുള്ള വിദഗ്ധർ പങ്കെടുത്തു. ഇ.ടി. മുഹമ്മദ് ബഷീർ എംപി അധ്യക്ഷത വഹിച്ചു. കോട്ടയ്ക്കൽ ആര്യവൈദ്യശാല അഡിഷനൽ ചീഫ് ഫിസിഷ്യനും മാനേജിങ് ട്രസ്റ്റിയുമായ ഡോ. കെ. മുരളീധരൻ മുഖ്യപ്രഭാഷണം നിർവഹിച്ചു. മലയാള മനോരമ മാനേജിങ് എഡിറ്റർ ജേക്കബ് മാത്യു, വ്യവസായ വകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറിയും കോൺക്ലേവ് ഡയറക്ടറുമായ എ.പി.എം. മുഹമ്മദ് ഹനീഷ് തുടങ്ങിയവർ പ്രസംഗിച്ചു. പോപ്പീസ് ബേബി കെയർ സിഎംഡി ഷാജു തോമസ്, കെവിആർ മാരുതി ഡയറക്ടർ സുഭാഷ് നായർ, കേരള ഗ്രാമീണ ബാങ്ക് ജനറൽ മാനേജർ ഗുണ്ടേക്കർ ഹരീഷ് ഗംഗാധർ റാവു, മലപ്പുറം ചേംബർ ഓഫ് കൊമേഴ്സ് പ്രസിഡന്റ് കെ.വി. അൻവർ തുടങ്ങിയവർ പങ്കെടുത്തു.

ENGLISH SUMMARY:

Malayala Manorama Online News covers the Kerala government's consideration of leasing revenue land for industrial purposes to ease business establishment. Minister AP Anil Kumar announced this initiative during the Malappuram Business Conclave.