ആസൂത്രണ ബോർഡിലേക്കുള്ള പരീക്ഷയിലെ മൂല്യനിർണയ ക്രമക്കേടുമായി ബന്ധപ്പെട്ട കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹർജി നൽകാൻ പിഎസ്‌സിക്ക് എന്തധികാരമെന്ന് ഹൈക്കോടതി. പിഎസ്‌സി ക്രമക്കേടിന് പിന്നില്‍ വന്‍ ഗൂഡാലോചനയുണ്ട്. പിഎസ്‌സി അന്വേഷണവുമായി സഹകരിക്കണമെന്നും ഹൈക്കോടതി വാക്കാൽ പറഞ്ഞു.

പിഎസ്‌സി ക്രമക്കേട് നടത്തിയെങ്കിൽ അതേക്കുറിച്ച് അന്വേഷിക്കേണ്ടേ? ഹൈക്കോടതിയുടെ ചോദ്യമിതായിരുന്നു. ഉദ്യോഗാർത്ഥികളുടെ പ്രതീക്ഷയാണ് പിഎസ്‌സി. ക്രമക്കേട് എന്നത് ഗുരുതര ആരോപണമല്ലേ? 58 ചോദ്യങ്ങൾക്ക് മൂല്യനിർണയം നടത്തിയില്ല! ഇത് പ്രത്യക്ഷത്തിൽ അഴിമതിയല്ലേയെന്നും ജസ്റ്റിസ് എ.ബദറുദീൻ ചോദിച്ചു. 

ലാര്‍ജ് സ്കേല്‍ കറപ്ഷന്‍ എന്ന പ്രയോഗമാണ് കോടതി നടത്തിയത്. മാനദണ്ഡങ്ങൾ ലംഘിച്ചോ, ചെയ്തോ എന്നതാണ് ചോദ്യം. അന്വേഷണം തുടങ്ങുന്നതിന് മുൻപ് തന്നെ എതിർക്കുന്നത് എന്തിനാണ്. എന്തുകൊണ്ട് അന്വേഷണവുമായി പിഎസ്‌സി സഹകരിക്കുന്നില്ല. അന്വേഷണത്തോട് സഹകരിക്കുകയാണ് വേണ്ടതെന്നും കോടതി പരാമർശിച്ചു. വസ്തുത പിഎസ്‌സിക്ക് അന്വേഷണ സംഘത്തെ അറിയിക്കാമെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. 

180 പരാതികൾ ലഭിച്ചിട്ടുണ്ടെന്ന് സർക്കാർ അറിയിച്ചു. ചോദ്യങ്ങൾ മൂല്യനിർണയം നടത്താതിരിക്കുക വഴി നൂതന തട്ടിപ്പാണ് നടന്നതെന്നും പ്രോസിക്യൂഷൻ ഡയറക്ടർ ജനറൽ വാദിച്ചു. ഉദ്യോഗാർഥികളുടെ താൽപര്യം സംരക്ഷിക്കപ്പെടണമെന്ന് സർക്കാരിനെ ഓർമിപ്പിച്ച കോടതി, അന്വേഷണത്തോട് പിഎസ്‌സി സഹകരിച്ചില്ലെങ്കിൽ തുടർ നടപടികളിലേക്ക് കടക്കാമല്ലോ എന്നും ചോദിച്ചു.

ഭരണഘടനാനുസൃതമായി നിലവിൽ വന്ന സ്വയംഭരണ സ്ഥാപനമാണെന്നും, ഈ സാഹചര്യത്തിൽ അംഗങ്ങൾക്ക് നോട്ടീസ് നൽകാൻ ക്രൈംബ്രാഞ്ചിന് അധികാരമില്ലെന്നുമാണ് പി.എസ്.സിയുടെ ഹർജിയിലെ വാദം. ഹർജി നിലനിൽക്കുമോ എന്നതിൽ കോടതി അടുത്ത ചൊവ്വാഴ്ച വിശദമായ വാദം കേൾക്കും. ഹർജിയിൽ സംസ്ഥാന സർക്കാർ സത്യവാങ്മൂലവും, പിഎസ്‌സി അതിനുള്ള മറുപടിയും നൽകണം.

 

ENGLISH SUMMARY:

The Kerala High Court sharply criticized the Public Service Commission (PSC) for challenging a Crime Branch investigation into severe evaluation irregularities in the State Planning Board recruitment examination. Justice A. Badharudeen questioned how 58 marks were left unevaluated, observing that such a lapse appeared to be a sophisticated, large-scale scam rather than a mere technical error. Stating that the PSC must cooperate with the probe to protect the hopes of job aspirants, the court warned that stringent legal measures would follow if officials continued to ignore notices. The court will hear detailed arguments next Tuesday on whether the PSC’s petition seeking to quash the case is maintainable on constitutional autonomy grounds.