ശബരിമല മാളികപ്പുറം മേൽശാന്തിമാര്‍ക്കായുള്ള മുഖാമുഖത്തിൽ ശബരിമല മുൻതന്ത്രി കണ്ഠരര് രാജീവരെ ഒഴിവാക്കും. ശബരിമല സ്വർണക്കൊള്ള കേസില്‍ പ്രതിയായി ജയില്‍വാസം അനുഭവിച്ച സാഹചര്യത്തിലാണ് രാജീവരെ ഒഴിവാക്കാന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് തീരുമാനിച്ചത്. ശബരിമല മേല്‍ശാന്തിയാവാന്‍ അഞ്ചും മാളികപ്പുറത്തേക്ക് മൂന്നും പേരുകളാണ് നിലവില്‍ ഹൈക്കോടതി അംഗീകരിച്ചതെങ്കിലും പട്ടികയില്‍ നിന്നും ഒഴിവാക്കിയതില്‍ ചിലരുടെ അപ്പീല്‍ ഇന്ന് ബോര്‍ഡ് പരിഗണിക്കും. ഹൈക്കോടതി അനുമതിയോടെ പമ്പയിലെ ശുചിമുറികള്‍ പൂർണമായും സ്വാമിമാര്‍ക്ക് സൗജന്യമാക്കാനും ബോര്‍ഡ് തീരുമാനിച്ചു.
ശബരിമല തന്ത്രിമാരായ കണ്ഠര് ബ്രഹ്മദത്തന്‍, കണ്ഠര് മഹേഷ് മോഹനര്, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഭരണസമിതി, ഹൈക്കോടതി നിയോഗിച്ച നിരീക്ഷകന്‍ ഉള്‍പ്പെട്ട സമിതിയാവും മേല്‍ശാന്തിമാരുടെ മികവളക്കുക. വർഷങ്ങളായി മുഖാമുഖത്തിനുണ്ടായിരുന്ന കണ്ഠര് രാജീവരെ ഇത്തവണ ഉള്‍പ്പെടുത്തില്ല. ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ പ്രതിയായി ജയില്‍വാസം അനുഭവിച്ചതും, അനാരോഗ്യം അറിയിച്ച് ശബരിമല തന്ത്രി സ്ഥാനത്ത് നിന്നും പിന്മാറിയതുമാണ് ഒഴിവാക്കാന്‍ കാരണം. മേല്‍ശാന്തിമാരുടെ മികവും, പ്രവൃത്തിപരിചയവും ഇത്തവണ കര്‍ക്കശമാക്കിയപ്പോള്‍ ശബരിമല മേല്‍ശാന്തിപ്പട്ടികയില്‍ അഞ്ചും മാളികപ്പുറത്ത് മൂന്നുപേരുമായി ചുരുങ്ങി. ശബരിമലയിലേക്കുള്ള അന്തിമപട്ടികയില്‍ ഇടംപിടിച്ചവരാണ് മാളികപ്പുറം മേല്‍ശാന്തിപ്പട്ടികയിലുമെന്നതിനാല്‍ ഫലത്തില്‍ രണ്ടിടത്തുമായുള്ളത് അഞ്ചുപേര്‍ മാത്രം. മുഖാമുഖത്തിലെ മാര്‍ക്ക് കണക്കിലെടുത്ത് അഞ്ചുപേരില്‍ വീണ്ടും കുറവ് വരാനുള്ള സാധ്യതയുമുണ്ട്.
ശബരിമലയിലേക്ക് നാല്‍പ്പത്തി എട്ടുപേരും മാളികപ്പുറത്തേക്ക് മുപ്പത് പേരുമാണ് ഇത്തവണ അപേക്ഷിച്ചത്. പന്ത്രണ്ട് വര്‍ഷത്തിനിടെ പത്തുവര്‍ഷം തുടര്‍ച്ചയായി രണ്ടുനേരം നടതുറക്കുന്നതും മൂന്നു പൂജകളുമുള്ളതുമായ ക്ഷേത്രത്തിലെ മേല്‍ശാന്തിയെന്ന വ്യവസ്ഥ കര്‍ക്കശമാക്കി. പട്ടികയില്‍ ഇടംപിടിക്കാത്തവരുടെ അപ്പീല്‍ ദേവസ്വം ബോര്‍ഡ് പരിഗണിച്ചാലും വിജിലന്‍സ് റിപ്പോര്‍ട്ട് മറികടന്ന് പട്ടികയില്‍ ഇടംപിടിക്കുന്നവരുടെ എണ്ണമുയരാനുള്ള സാധ്യത കുറവാണ്.
മുന്‍വര്‍ഷങ്ങളില്‍ ശരാശരി പത്തുപേരില്‍ കുറയാത്ത അന്തിമ പട്ടികയാണുണ്ടായിരുന്നത്. മേല്‍ശാന്തിമാര്‍ക്കായുള്ള മുഖാമുഖം ഈയാഴ്ച തുടങ്ങുമെന്നും ദേവസ്വം ബോര്‍ഡ് അറിയിച്ചു. പമ്പയിലെ ശുചിമുറി സൗകര്യം പൂര്‍ണമായും സൗജന്യമാക്കാനും ബോര്‍ഡ് ഹൈക്കോടതിയുടെ അനുമതി തേടും. ടെന്‍ഡര്‍ റദ്ദാക്കുന്നത് ഉള്‍പ്പെടെ നിരവധി തടസങ്ങളും മരാമത്ത് വിഭാഗത്തിന്‍റെ എതിര്‍പ്പും മറികടന്ന് ശബരിമല, പമ്പ എന്നിവിടങ്ങളിലെ മെറ്റല്‍ സ്ക്രാപ്പ് നീക്കം ചെയ്യാന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ക്ലീന്‍ കേരള കമ്പനിയുമായി ധാരണാപത്രം ഒപ്പിട്ടതും ഹൈക്കോടതിയെ അറിയിക്കും.