ശബരിമലയിലെ കടമുറി ടെൻഡർ അട്ടിമറിച്ചതിൽ കരാറുകാരെ സഹായിച്ചത് രണ്ട് ദേവസ്വം ഉദ്യോഗസ്ഥരെന്ന് റിപ്പോർട്ട്. കരാറുകാരുടെ ഫോണിലേക്ക് വന്ന വിളിയും വാട്‌സ്ആപ്പ് സന്ദേശം ഉൾപ്പെടെ പരിശോധിച്ചാണ് ദേവസ്വം വിജിലൻസിൻ്റെ സ്ഥിരീകരണം. അതേസമയം ശബരിമല ശർക്കര ടെൻഡറിൽ ഏറ്റവും കുറഞ്ഞ തുക രേഖപ്പെടുത്തിയ അന്നപൂർണ ഷുഗർ ആൻഡ് ജാഗരി കമ്പനിക്ക് മതിയായ യോഗ്യതയുണ്ടെന്നും കണ്ടെത്തൽ.
ശബരിമലയിലെ കടമുറി ടെന്‍ഡര്‍ അട്ടിമറിച്ചതില്‍ നിര്‍ണായക കണ്ടെത്തലാണ് വിജിലന്‍സ് നടത്തിയിരിക്കുന്നത്. രണ്ട് ദേവസ്വം ഉദ്യോഗസ്ഥരെന്ന് അട്ടിമറിക്ക് പിന്നില്‍ എന്നാണ് വ്യക്തമാവുകയാണ്. എന്നാല്‍ കരാറുകാരിൽ ചിലർ സൗഹൃദം കൊണ്ട് വിളിച്ചതാണെന്നും ടെൻഡർ വിവരങ്ങൾ ചോർത്തി നൽകിയിട്ടില്ലെന്നുമാണ് ഉദ്യോഗസ്ഥർ ദേവസ്വം വിജിലൻസിന് നൽകിയിരിക്കുന്ന മൊഴി. കടമുറി ടെൻഡർ അട്ടിമറിക്കാൻ കൂട്ടുനിന്ന ഉദ്യോഗസ്ഥരുടെ ഇടപാടുകളെക്കുറിച്ച് കൂടുതൽ അന്വേഷണം വേണം എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പ്രാഥമിക റിപ്പോർട്ട് വിജിലൻസ് എസ്. പി പ്രസിഡൻ്റ് കെ.ജയകുമാറിന് കൈമാറും. ഉദ്യോഗസ്ഥർ നേരത്തെയും പല ഘട്ടങ്ങളിൽ കരാറുകാരെ സഹായിച്ചതിൽ കൂടുതൽ അന്വേഷണം വേണമെന്ന് ദേവസ്വം വിജിലൻസ് ബോർഡിനോട് ആവശ്യപ്പെടും. ശബരിമല കടമുറി ടെൻഡർ അട്ടിമറിയിൽ കൂട്ടുനിന്ന ഉദ്യോഗസ്ഥർക്കെതിരായ നടപടി ഉൾപ്പെടെയുള്ള കാര്യങ്ങൾ നാളത്തെ ബോർഡ് യോഗം ചർച്ച ചെയ്യും.
അതേസമയം, വിജിലൻസ് സംഘം നേരിട്ടെത്തി നടത്തിയ പരിശോധനയിലാണ് മഹാരാഷ്ട്ര കമ്പനി യായ അന്നപൂർണ ഷുഗർ ആൻഡ് ജാഗരി കമ്പനിക്ക് ശര്‍ക്കര ടെന്‍ഡറില്‍ പങ്കെടുക്കാന്‍സ മതിയായ യോഗ്യതയുണ്ടെന്ന് കണ്ടെത്തിയത്. ശർക്കരയ്ക്ക് കഴിഞ്ഞ തവണത്തേക്കാൾ കിലോഗ്രാമിന് ഏഴ് രൂപയിൽ കൂടുതൽ രേഖപ്പെടുത്തിയതിനാൽ വില കുറയ്ക്കാനുള്ള ചർച്ചകൾ തിരുവിതാംകൂർ ദേവസ്വം ബോർഡ് തുടങ്ങും. ഇത്തവണ സാധനങ്ങൾ കരാറുകാർ പമ്പ വരെയാണ് എത്തിക്കേണ്ടത്. തുടർന്ന് സ്വന്തം ചെലവിൽ സന്നിധാനത്തേക്ക് ദേവസ്വം ബോർഡ് സാധനങ്ങൾ കൊണ്ടുപോകും. ചെലവ് ഏറിയാലും ഗുണനിലവാര പരിശോധന നിർബന്ധമെന്ന കർശന നിലപാടിലാണ് ദേവസ്വം ബോർഡ്.