കാടറിഞ്ഞ്, കാട്ടരുവികളിൽ നിന്ന് വെള്ളം കുടിച്ച്, വൻമരങ്ങളുടെ തണലിൽ ഇലപ്പൊതിയഴിച്ച് കഴിച്ച് ഒരു പഠനയാത്ര. മെഴുവേലി പത്മനാഭോദയം ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികളാണ് കാടിന്റെ വന്യതയറിഞ്ഞ് യാത്ര നടത്തിയത്. ശബരിമല വനത്തിൽ മണ്ണിൽ പൊതിഞ്ഞ വിത്തുകളും ഇവർ നിക്ഷേപിച്ചു.
പാഠപുസ്തകങ്ങളിലെ അറിവുകൾക്കപ്പുറം പ്രകൃതിയെ തൊട്ടറിയാൻ കാനനപാതയിലൂടെ വിത്തുണ്ടകൾ എറിഞ്ഞായിരുന്നു കുട്ടികളുടെ യാത്ര. വനംവകുപ്പിന്റെയും സാമൂഹിക വനവൽക്കരണ വിഭാഗത്തിന്റെയും നേതൃത്വത്തിലായിരുന്നു വേറിട്ട കാനനയാത്ര. വനത്തിനുള്ളിലൂടെ നടന്ന കുട്ടികൾ ളാഹ, പ്ലാപ്പള്ളി, നിലയ്ക്കൽ, അട്ടത്തോട്, പമ്പ തുടങ്ങിയ വനമേഖലകളിൽ പത്തിലധികം ഫലവൃക്ഷങ്ങളുടെ നൂറിലധികം വിത്തുണ്ടകളാണ് എറിഞ്ഞത്. ഇവ വരുംദിവസങ്ങളിൽ മുളപൊട്ടി വലിയ തണൽമരങ്ങളായി മാറും.
യാത്രയ്ക്കൊപ്പം അപൂർവ വൃക്ഷങ്ങളെ പരിചയപ്പെടാനും ശബരിമല തീർഥാടന പാതയിലെ ചരിത്രവും ഐതിഹ്യങ്ങളും ചോദിച്ചറിയാനും വിദ്യാർഥികൾക്ക് അവസരം ലഭിച്ചു. പ്രകൃതിയെ അറിയുന്നതിനൊപ്പം കാടിന്റെ സംരക്ഷണവും കുട്ടികൾ ഏറ്റെടുത്തു. കാനനപാതയിൽ കണ്ട പ്ലാസ്റ്റിക് മാലിന്യങ്ങൾ മുഴുവൻ ശേഖരിച്ച ശേഷമായിരുന്നു സംഘത്തിന്റെ മടക്കം.
വനംവകുപ്പ് ഉദ്യോഗസ്ഥരുടെയും അധ്യാപകരുടെയും ജനപ്രതിനിധികളുടെയും സാന്നിധ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. കാടിറങ്ങിയെങ്കിലും ഈ കൊച്ചുകൂട്ടുകാർ വിതച്ച വിത്തുകൾ വരുംദിവസങ്ങളിൽ കാടിന് പുതിയ തണലാകും. യാത്ര ഒരിക്കലും മറക്കില്ലെന്ന് വിദ്യാർഥികളും പറയുന്നു.