പറവൂരില്‍ പ്രിയദർശിനി ബസിൽ അപമാനം ഏറ്റുവാങ്ങേണ്ടി വന്ന കെഎസ്ആര്‍ടിസി കണ്ടക്ടർക്കെതിരെ കൂടുതല്‍ പ്രതികരണവുമായി വിദ്യാര്‍ഥിനി. കണ്ടക്ടര്‍ മോശമായി പെരുമാറിയിട്ടില്ലെന്ന വാദം തെറ്റെന്ന് വിദ്യാർഥിനി പറയുന്നു. തെറ്റ് സമ്മതിച്ച് മാപ്പുപറഞ്ഞ കണ്ടക്ടർ ഇപ്പോൾ മാറ്റിപ്പറയുന്നു. കണ്ടക്ടറുടെ അഭ്യർഥനപ്രകാരം ഒത്തുതീർപ്പിന് തയാറായതാണ്. ബസിൽ സംഭവിച്ചത് യാത്രക്കാരും നാട്ടുകാരും കണ്ടതാണ്. ഇപ്പോൾ പലരും തന്നെ കുറ്റപ്പെടുത്തുന്നെന്നും പെണ്‍കുട്ടി പറയുന്നു. 

 

സംഭവത്തില്‍ കഴിഞ്ഞ ദിവസം പെൺകുട്ടിയെ അസഭ്യം പറഞ്ഞതിനും അപമാനിച്ചതിനും കണ്ടക്ടര്‍ക്കെതിരെ കേസെടുത്തിരുന്നു. ശനിയാഴ്ച ഗുരുവായൂർ - എറണാകുളം റൂട്ടിൽ സർവീസ് നടത്തുന്ന എറണാകുളം ഡിപ്പോയിലെ ബസിൽ കയറിയ പെൺകുട്ടിക്ക് സിറോ ടിക്കറ്റ് നൽകാതെ വസ്‌ത്രധാരണത്തിന്റെ പേരിൽ അപമാനിച്ചെന്നാണ് പരാതി. കണ്ടക്ടറുടെ ഭാഗത്ത് ഗുരുതര വീഴ്ച്ചയുണ്ടായതായി കെഎസ്ആർടിസി വിജിലൻസ് വിഭാഗം നടത്തിയ പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയതോടെ ഇയാളെ സർവിസിൽ നിന്ന് സസ്പെൻഡ് ചെയ്തിരുന്നു.

 

Also read: ‘പെൺകുട്ടിയാണെന്ന് തോന്നില്ല’; വിദ്യാര്‍ഥിനിയെ അപമാനിച്ച പ്രിയദർശിനി ബസിലെ കണ്ടക്ടർക്കെതിരെ കേസ്

 

‘പെൺകുട്ടിയാണെന്ന് കണ്ടാൽ തോന്നില്ല’ എന്ന് പറഞ്ഞ് കണ്ടക്ടർ യാത്രക്കാരുടെ മുന്നിൽ വെച്ച് തന്നെ അപമാനിച്ചതായി വിദ്യാർത്ഥിനി പരാതിയിൽ വ്യക്തമാക്കുന്നു. സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിലും മാനസിക ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിലുമാണ് കണ്ടക്ടർ സംസാരിച്ചതെന്നും പരാതിയിലുണ്ട്. വിദ്യാർത്ഥിനിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ അസഭ്യം പറഞ്ഞതിനും അപമാനിച്ചതിനുമാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.

 

യാത്രക്കാരുടെ അവകാശങ്ങളും സുരക്ഷയും സംരക്ഷിക്കുന്നതിൽ യാതൊരു വിട്ടവീഴ്ചയുമില്ലെന്നും കുറ്റക്കാരനായ ജീവനക്കാരനെതിരെ സിഎംഡിയുടെ നിർദ്ദേശപ്രകാരമാണ് സസ്പെൻഷൻ നടപടി സ്വീകരിച്ചതെന്നും കെഎസ്ആർടിസി അധികൃതർ അറിയിച്ചു.

ENGLISH SUMMARY:

The KSRTC conductor controversy involves a student who alleges harassment on a bus, a situation that has gained significant attention. The conductor's initial apology and subsequent retraction have intensified the public discussion surrounding the incident and KSRTC's response.