സിഎംആര്‍എല്‍ ഇടപാടിലെ ഇ.ഡിയുടെ എഫ്ഐആര്‍ ആവശ്യത്തില്‍ സുപ്രധാന നിരീക്ഷണവുമായി ഹൈക്കോടതി. ഇ.ഡി കത്തില്‍ എഫ്.ഐ.ആര്‍. റജിസ്റ്റര്‍ ചെയ്യുന്നത് പൊലീസിന് തീരുമാനിക്കാമെന്ന് ഹൈക്കോടതി. പ്രാഥമിക അന്വേഷണത്തിന് നിയമതടസ്സമില്ല. എഫ്ഐആര്‍ റജിസ്റ്റര്‍ ചെയ്യേണ്ട ഏജന്‍സിക്ക് തെളിവുകള്‍ ബോധ്യപ്പെടണമെന്നും കോടതി. 

 

പ്രതിപക്ഷ നേതാവ് പിണറായി വിജയൻ അടക്കമുള്ളവർക്കെതിരെ അഴിമതി നിരോധന നിയമപ്രകാരം അന്വേഷണത്തിനു ശുപാർശ ചെയ്ത് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) നൽകിയ കത്തിന്റെ അടിസ്ഥാനത്തിൽ എഫ്ഐആർ റജിസ്റ്റർ ചെയ്ത് അന്വേഷിക്കേണ്ടതല്ലേ എന്നു ഹൈക്കോടതി രണ്ടു ദിവസം മുന്‍പ് ചോദിച്ചിരുന്നു. ആദ്യം തന്നെ എഫ്ഐആർ ആവശ്യമില്ലെന്നും ഇതുസംബന്ധിച്ചു സുപ്രീം കോടതി ഉത്തരവുണ്ടെന്നും അഡ്വക്കറ്റ് ജനറൽ ജാജു ബാബു  അറിയിച്ചു. എന്നാൽ,കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമത്തിന്റെ 66 (2) പ്രകാരം നൽകിയ കത്തിൽ എഫ്ഐആർ റജിസ്റ്റർ ചെയ്യേണ്ടത്, സുപ്രീം കോടതി വിധികളുടെ അടിസ്ഥാനത്തിൽ നിർബന്ധമാണെന്ന് ഇ.ഡി അഭിഭാഷകൻ ജയശങ്കർ വി.നായർ വാദിച്ചു.

 

പിണറായി വിജയൻ, മകൾ ടി.വീണ, മരുമകനും മുൻ മന്ത്രിയുമായ പി.എ.മുഹമ്മദ് റിയാസ് എന്നിവർക്കെതിരെ അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കാത്തതു ചോദ്യം ചെയ്ത് കെ.എം.ഷാജഹാൻ നൽകിയ ഹർജിയാണു ഹൈക്കോടതി പരിഗണിച്ചത്. എന്നാൽ ഹർജിതന്നെ നിലനിൽക്കില്ലെന്നു വാദിച്ച അഡ്വക്കറ്റ് ജനറൽ പൊതുതാൽപര്യ ഹർജിയായിരുന്നു നൽകേണ്ടിയിരുന്നതെന്ന് അറിയിച്ചു. അതല്ലെങ്കിൽ ഇ.ഡിയാണു കോടതിയെ സമീപിക്കേണ്ടത്. നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണു പ്രാഥമികാന്വേഷണത്തിനു തീരുമാനമെടുത്തതെന്നും വിശദീകരിച്ചു. എന്നാൽ ഇത് ഗൗരവമുള്ള വിഷയമാണെന്നും നിയമപ്രശ്നത്തിൽ വാദം കേൾക്കേണ്ടതുണ്ടെന്നും കോടതി വ്യക്തമാക്കി. തുടര്‍ന്നാണ് ഇന്ന് നിര്‍ണായക നിരീക്ഷണത്തിലെത്തിയത്.

ENGLISH SUMMARY:

Malayala Manorama Online News reports on the Kerala High Court's crucial observation regarding the registration of FIRs by the police in ED investigations. The High Court stated that it is up to the police to decide on registering an FIR, and there is no legal impediment to preliminary investigations.