• നടി അൻസിബ ഹസന്റെ സ്ത്രീത്വത്തെ അപമാനിച്ചെന്ന പരാതിയിൽ നടി ലക്ഷ്മി പ്രിയക്കെതിരെ കേസെടുക്കാൻ എറണാകുളം മജിസ്‌ട്രേറ്റ് കോടതി ഉത്തരവിട്ടു.

ചലച്ചിത്രതാരം അന്‍സിബയെ സമൂഹമാധ്യമങ്ങളിലൂടെ അപമാനിച്ചെന്ന പരാതിയില്‍ നടി ലക്ഷ്മി പ്രിയയ്ക്കെതിരെ കേസെടുക്കാന്‍ കോടതി ഉത്തരവ്. അൻസിബ നൽകിയ സ്വകാര്യ അന്യായത്തിൽ എറണാകുളം മജിസ്‌ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്. നേരത്തേ പരാതി തള്ളിയ മജിസ്ട്രേറ്റ് കോടതി ഉത്തരവിനെതിരെ ഹൈക്കോടതിയെ സമീപിച്ച് അന്‍സിബ അനുകൂല ഉത്തരവ് നേടിയിരുന്നു. ഹൈക്കോടതി നിര്‍ദേശപ്രകാരമാണ് മജിസ്ട്രേറ്റ് കോടതി വീണ്ടും ഹര്‍ജി പരിഗണിച്ചത്.

യുട്യൂബ് ചാനലിലൂടെ നടി ലക്ഷ്മി പ്രിയ തന്റെ സ്ത്രീത്വത്തെ അപമാനിച്ചെന്നും അശ്ലീലച്ചുവയുള്ള പരാമർശങ്ങൾ നടത്തിയെന്നും ചൂണ്ടിക്കാട്ടിയാണ് അൻസിബ ഹസൻ കോടതിയെ സമീപിച്ചത്. കീഴ്ക്കോടതി തള്ളിയ പരാതി വീണ്ടും പരിഗണിച്ച് തീരുമാനമെടുക്കാൻ ഹൈക്കോടതി ഈ മാസം എട്ടിന് എറണാകുളം മജിസ്ട്രേട്ട് കോടതിക്ക് നിർദേശം നൽകി. ഗുരുതരമായ കുറ്റമുണ്ടായിട്ടില്ലെന്ന തീരുമാനത്തിൽ എത്തുന്നതിനു മുൻപ് മതിയായ രീതിയിൽ പരാതി പരിഗണിച്ചില്ലെന്ന് വിലയിരുത്തി ജസ്റ്റിസ് ജോബിൻ സെബാസ്റ്റ്യൻ മജിസ്ട്രേട്ട് കോടതിയുടെ ആദ്യ ഉത്തരവ് റദ്ദാക്കുകയും ചെയ്തിരുന്നു. 

പരാതിയിലെ ആരോപണങ്ങൾ മജിസ്ട്രേട്ട് കോടതി സ്വതന്ത്രമായി വിലയിരുത്തി പ്രഥമദൃഷ്ട്യാ ഗുരുതരമായ കുറ്റകൃത്യം വെളിപ്പെടുന്നുണ്ടോ എന്നു തീരുമാനിക്കണമെന്നും പരാതിക്കാരിക്ക് ശേഖരിക്കാൻ കഴിയാത്ത തെളിവുകൾക്കായി പൊലീസ് അന്വേഷണം വേണോ എന്നതും മജിസ്ട്രേട്ട് കോടതി പരിഗണിക്കണമെന്നും ഹൈക്കോടതി നിർദേശിച്ചിരുന്നു. 

പൊലീസ് പരാതികളിൽ നടപടിയെടുക്കാതിരുന്നതിനെ തുടർന്നാണു മജിസ്ട്രേട്ട് കോടതിയെ സമീപിച്ചത്. കേസെടുത്ത് അന്വേഷണം നടത്താൻ ഉത്തരവിടണമെന്നായിരുന്നു ആവശ്യം. എന്നാൽ ഗൗരവമുള്ള കുറ്റങ്ങളില്ലെന്ന പൊലീസ് റിപ്പോർട്ട് പരിഗണിച്ച കോടതി ഇത് സ്വകാര്യ അന്യായമായി പരിഗണിച്ച് ഹർജിക്കാരിയുടെ മൊഴി രേഖപ്പെടുത്താൻ നിർദേശിക്കുകയായിരുന്നു. ഈ ഉത്തരവ് നിയമവിരുദ്ധമാണെന്നും സുപ്രീം കോടതി വിധികളുടെ ലംഘനമാണെന്നും ചൂണ്ടിക്കാട്ടിയാണ് അന്‍സിബ ഹൈക്കോടതിയെ സമീപിച്ചത്.

ENGLISH SUMMARY:

The Ernakulam Magistrate Court has directed the police to register a case against actress Laxmi Priya following a cyber defamation complaint filed by actress Ansiba Hassan. Ansiba approached the court alleging that Laxmi Priya insulted her womanhood and made sexually suggestive and derogatory remarks about her through a YouTube channel video. Earlier, the magistrate court had dismissed the plea, but Ansiba secured a favorable order from the Kerala High Court after challenging the lower court's decision. Justice Jobin Sebastian of the High Court set aside the previous magistrate court order, observing that the complaint was rejected without proper evaluation, and directed the lower court to reconsider the matter independently.