വോട്ടർപട്ടിക പരിഷ്കരണത്തിലെ (SIR) അപാകതകളും തിരഞ്ഞെടുപ്പ് കമ്മീഷനുള്ളിലെ കടുത്ത ഭിന്നതകളും ചൂണ്ടിക്കാട്ടി മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് രാജ്യതലസ്ഥാനത്തും വിവിധ സംസ്ഥാനങ്ങളിലും പ്രതിപക്ഷ പാർട്ടികളുടെയും വിദ്യാർത്ഥി സംഘടനകളുടെയും ശക്തമായ പ്രതിഷേധം. ഡൽഹിയിൽ കോൺഗ്രസ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ ആസ്ഥാനത്തേക്ക് നടന്ന മാർച്ചും ജന്തർ മന്ദറിൽ ഇടതു വിദ്യാർത്ഥി സംഘടനയായ ഐസയുടെ (AISA) നേതൃത്വത്തിൽ നടന്ന ഉപരോധവും പൊലീസുമായി ഏറ്റുമുട്ടലിൽ കലാശിച്ചു. അസമിൽ ലോക്സഭാ ഡെപ്യൂട്ടി ലീഡർ ഗൗരവ് ഗോഗോയി, ഡൽഹി ജന്തർ മന്ദറിൽ സുപ്രീം കോടതി മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ,  യോഗേന്ദ്ര യാദവ്, ഐസ ദേശീയ പ്രസിഡന്റ് നേഹ തുടങ്ങിയ പ്രമുഖ നേതാക്കളെയടക്കം പൊലീസ് കസ്റ്റഡിയിലെടുത്തു.

ഡൽഹിയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ സംഘടിപ്പിച്ച റോഡ് ഉപരോധത്തില്‍ നേതാക്കളെ ബലം പ്രയോഗിച്ച് വലിച്ചിഴച്ചാണ് വാഹനങ്ങളിലേക്ക് മാറ്റിയത്. ജന്തർ മന്ദർ പൂർണ്ണമായി അടച്ചുപൂട്ടിയ പൊലീസ് പ്രതിഷേധക്കാർക്ക് നേരെ ജലപീരങ്കി പ്രയോഗിക്കുകയും ചെയ്തു. പ്രദേശത്ത് ക്രമസമാധാന പാലനത്തിനായി ഡൽഹി പൊലീസിന് പുറമെ കേന്ദ്രസേനകളായ സി.ആർ.പി.എഫ് (CRPF), ബി.എസ്.എഫ് (BSF), എസ്.എസ്.ബി (SSB) എന്നിവരെ വിന്യസിച്ചിട്ടുണ്ട്.

സ്പെഷ്യൽ ഇന്റൻസീവ് റിവിഷന് (SIR) ശേഷം ദശലക്ഷക്കണക്കിന് ആളുകൾക്ക്, പ്രത്യേകിച്ച് പുതിയ തലമുറയിലെ (Gen Z) വോട്ടർമാർക്ക് വോട്ടവകാശം നഷ്ടപ്പെട്ടുവെന്ന് ആരോപിച്ചാണ് കോൺഗ്രസും മറ്റ് പ്രതിപക്ഷ കക്ഷികളും പ്രക്ഷോഭത്തിലേക്ക് കടന്നത്. അസം, ജമ്മു കശ്മീർ, ഉത്തരാഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളിലും വൻ പ്രതിഷേധ മാർച്ചുകൾ നടന്നു.

തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഭരണഘടനാപരമായ വിശ്വാസ്യത പൂർണ്ണമായും തകർന്നെന്നും ഗ്യാനേഷ് കുമാറിനെ കുറ്റവിചാരണ (Impeach) ചെയ്ത് പുറത്താക്കി വിചാരണ നടപടികൾക്ക് വിധേയനാക്കണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു. ജന്തർ മന്ദർ നിരോധിത മേഖലയാണെന്നും ഉടനടി പിരിഞ്ഞുപോകണമെന്നും പൊലീസ് മുന്നറിയിപ്പ് നൽകിയെങ്കിലും പ്രതിഷേധക്കാർ പിന്മാറിയില്ല. ജനാധിപത്യപരമായ അവകാശങ്ങൾ പുനഃസ്ഥാപിക്കും വരെയും നഷ്ടപ്പെട്ട വോട്ടവകാശം തിരിച്ചുകിട്ടും വരെയും സമരം തുടരുമെന്ന് സംഘടനകൾ പ്രഖ്യാപിച്ചിട്ടുണ്ട്. വരുന്ന മണിക്കൂറുകളിൽ കൂടുതൽ ബഹുജന സംഘടനകൾ ഡൽഹി കേന്ദ്രീകരിച്ച് തെരുവിലിറങ്ങുമെന്നറിയിച്ചതിനെ തുടർന്ന് രാജ്യതലസ്ഥാനത്ത് സുരക്ഷ കടുപ്പിച്ചത്.

ENGLISH SUMMARY:

Massive protests erupted across New Delhi and several states demanding the immediate resignation of Chief Election Commissioner Gyanesh Kumar over alleged voter list manipulation and internal Election Commission rifts. Demonstrations led by the Delhi Pradesh Congress Committee and the All India Students' Association (AISA) turned violent, resulting in clashes with the police near the Election Commission headquarters and Jantar Mantar. Prominent figures including MP Gaurav Gogoi, senior advocate Prashant Bhushan, activist Yogendra Yadav, and AISA National President Neha were detained by security forces during the crackdown. Authorities deployed heavy police forces alongside central paramilitary units like the CRPF, BSF, and SSB to maintain order as opposition parties pledged to intensify their agitation.