Image Credits: X@KeralaBlasters

  • ഐ.എസ്.എൽ പ്രമുഖ ക്ലബ്ബായ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്.സിയെ ദുബായ് ആസ്ഥാനമായുള്ള പ്രമുഖ നിക്ഷേപ കൺസോർഷ്യം ഏറ്റെടുക്കുന്നു.

ഇന്ത്യൻ സൂപ്പർ ലീഗിലെ (ISL) പ്രമുഖ ഫുട്ബോൾ ക്ലബ്ബായ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്.സിയെ (Kerala Blasters FC) ദുബായ് ആസ്ഥാനമായുള്ള പ്രമുഖ കൺസോർഷ്യം ഏറ്റെടുക്കുന്നു. പുതിയ ഉടമസ്ഥരെക്കുറിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം അടുത്ത രണ്ടു ദിവസത്തിനുള്ളിൽ ഉണ്ടാകുമെന്നാണ് വിവരങ്ങൾ. 

വരാനിരിക്കുന്ന ഐ.എസ്.എൽ സീസണിന് മുന്നോടിയായി ക്ലബ്ബിന്റെ ഉടമസ്ഥാവകാശം മാറ്റുന്നതുമായി ബന്ധപ്പെട്ട് കഴിഞ്ഞ രണ്ടു മാസത്തോളമായി നടന്നുവന്ന ചർച്ചകൾക്കൊടുവിലാണ് പുതിയ ഉടമകളുടെ കാര്യത്തിൽ അന്തിമ തീരുമാനമായത്.

ഒക്ടോബർ 10-ന് പുതിയ ഐ.എസ്.എൽ സീസൺ ആരംഭിക്കാനിരിക്കെ, സാമ്പത്തിക-ഉടമസ്ഥതാ പ്രതിസന്ധികൾ കാരണം ബ്ലാസ്റ്റേഴ്‌സ് ടൂർണമെന്റിൽ പങ്കെടുക്കുന്നതിനെക്കുറിച്ച് ആരാധകർക്കിടയിൽ വലിയ ആശങ്കകൾ നിലനിന്നിരുന്നു. മുൻ ഉടമസ്ഥരിൽ നിന്നും ക്ലബ്ബിന്റെ ഓഹരികൾ പൂർണ്ണമായോ ഭാഗികമായോ വിറ്റഴിക്കുന്നതിനായി നടത്തിയ ഊർജ്ജിത നീക്കങ്ങൾക്കൊടുവിലാണ് ഗൾഫ് കേന്ദ്രീകൃത നിക്ഷേപ സ്ഥാപനവുമായി ധാരണയിലെത്തിയത്. മത്സരങ്ങളുടെ ഫിക്‌സ്ചർ ഉടൻ പ്രഖ്യാപിക്കാനിരിക്കെ, ഉടമസ്ഥാവകാശത്തിലെ കൈമാറ്റം ബ്ലാസ്റ്റേഴ്‌സ് ആരാധകർക്കും മാനേജ്‌മെന്റിനും വലിയ ആശ്വാസമാണ് നൽകുന്നത്.

പുതിയ മാനേജ്‌മെന്റ് ചുമതലയേൽക്കുന്നതോടെ ടീമിന്റെ നിലവിലെ അനിശ്ചിതത്വങ്ങൾക്ക് വിരാമമാകുമെന്നാണ് കരുതപ്പെടുന്നത്. ക്ലബ്ബിന്റെ സാമ്പത്തിക ഭദ്രത ഉറപ്പാക്കുന്നതോടൊപ്പം, വരുന്ന സീസണിലേക്ക് ശക്തമായ ടീമിനെ അണിനിരത്താനും പുതിയ നിക്ഷേപകർ ലക്ഷ്യമിടുന്നുണ്ട്.  

ENGLISH SUMMARY:

Indian Super League (ISL) side Kerala Blasters FC is set to be taken over by a Dubai-based investment consortium. An official announcement regarding the strategic ownership transfer is expected within the next two days following two months of intensive negotiations. The resolution of this financial and ownership uncertainty comes as a major relief to fans ahead of the upcoming ISL season scheduled to kick off on October 10. The new management aims to secure long-term financial stability for the club while strengthening the squad for the forthcoming campaign.