• സാമ്പത്തിക ഇടപാടുകളിൽ വിശദ പരിശോധന വേണം എന്നാണ് വിജിലൻസിന്റെ കണ്ടെത്തൽ. നാഗമ്പടത്തെ ഇൻഡോർ സ്റ്റേഡിയം കഴിഞ്ഞ 10 വർഷം വാടകയ്ക്ക് നൽകിയതിന്റെ മുഴുവൻ രേഖകളും വിശദമായി പരിശോധിക്കും

ഇഷ്ടക്കാർക്ക് ഇളവുകൾ നൽകിയും സാമ്പത്തിക ഇടപാടുകളിൽ സുതാര്യതയില്ലാതെയും കോട്ടയത്തെ ജില്ലാ സ്പോർട്സ് കൗൺസിലിന്റെ പ്രവർത്തനം. ഓപറേഷൻ കളിക്കളം എന്ന പേരിൽ ഇന്നലെ വിജിലൻസ് നടത്തിയ പരിശോധനയിലാണ് ക്രമക്കേടുകളുടെ തെളിവുകൾ ലഭിച്ചത്. കഴിഞ്ഞ പത്തു വർഷത്തെ ഇടതു ഭരണകാലത്തെ നിയമനങ്ങൾ ഉൾപ്പെടെ വിശദമായി പരിശോധിക്കാനാണ് തീരുമാനം.

കോട്ടയം ജില്ലാ സ്പോർട്സ് കൗൺസിലിൽ സാമ്പത്തിക ഇടപാടുകളിൽ വിശദ പരിശോധന വേണം എന്നാണ് വിജിലൻസിന്റെ കണ്ടെത്തൽ. നാഗമ്പടത്തെ ഇൻഡോർ സ്റ്റേഡിയം കഴിഞ്ഞ 10 വർഷം വാടകയ്ക്ക് നൽകിയതിന്റെ  മുഴുവൻ രേഖകളും വിശദമായി പരിശോധിക്കും. ഇഷ്ടക്കാർക്ക് കുറഞ്ഞ തുകയ്ക്കും മറ്റുള്ളവർക്ക് കൂടിയ തുകയ്ക്കും സ്റ്റേഡിയം വാടകയ്ക്ക് നൽകി. 

ഒരു ദിവസം 7500 രൂപയ്ക്കു നൽകിയ സ്റ്റേഡിയം മൂന്ന്  ദിവസത്തേക്ക് 90,000 രൂപയ്ക്കു നൽകിയതിനും രേഖകൾ ലഭിച്ചു. കായിക താരങ്ങളുടെ റജിസ്ട്രേഷൻ ഫീസ് ജില്ലാ സ്പോർട്സ് കൗൺസിലിന്റെ അക്കൗണ്ടിലേക്ക് വാങ്ങാതെ പകരം ഓഫിസിലെ ക്ലർക്കിന്റെ ഗൂഗിൾ പേ മുഖേനയാണ് സ്വീകരിച്ചത്. പണം നഷ്ടപ്പെട്ടിട്ടുണ്ടോ  യെന്ന് വിജിലൻസ് പരിശോധിക്കും. കഴിഞ്ഞ 10 വർഷം നടത്തിയ നിയമനങ്ങൾ, വിതരണം ചെയ്ത ഗ്രാന്റ്, ഓഡിറ്റ് റിപ്പോർട്ട് എന്നിവയും പരിശോധിച്ചു. 

കായിക ഉപകരണങ്ങളുടെ വിതരണവും സ്റ്റോക്ക് റജിസ്റ്ററും, കാഷ്, ചെക്ക് റജിസ്റ്ററുകളിലെ വിവരങ്ങളും കൃത്യമല്ല. സ്പോർട്സ് ഹോസ്റ്റലുകളിൽ കായികതാരങ്ങൾക്ക് ഭക്ഷണ വിതരണം നടത്തിയതിലും പരിശോധന നടത്താനാണ് വിജിലൻസ് തീരുമാനം. വിജിലൻസ് എസ്പി ആർ.ബിനു, ഡിവൈഎസ്പി പ്രദീപ്കുമാർ ഉൾപ്പെട്ട സംഘം ഇന്നലെ രാവിലെ 10.30ന് മുതൽ രാത്രി വരെ പരിശോധന നടത്തി. 

ENGLISH SUMMARY:

A Vigilance raid titled Operation Kalikkalam revealed widespread financial irregularities in the Kottayam District Sports Council. Investigators found arbitrary indoor stadium rentals, athlete registration fees collected via a clerk's personal Google Pay, and unrecorded equipment stock over the last decade.