മുഖ്യമന്ത്രി ന്യായീകരിക്കുമ്പോളും ചാർട്ടേഡ് വിമാനയാത്രയുടെ സ്പോൺസറെ ചൊല്ലി സംശയം ബലപ്പെടുന്നു. കർണാടകയിലെ കോൺഗ്രസ് മന്ത്രിയായ കെ. ജെ. ജോർജിന്റെ കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള ചാർട്ടേഡ് വിമാനം മുഖ്യമന്ത്രിക്കായി ഏർപ്പെടുത്തിയത് ചിപ്സൻ ഏവിയേഷൻസ് എന്ന സ്വകാര്യ കമ്പനിയാണ്.
സംസ്ഥാന സർക്കാരിന്റെ വാടക ഹെലികോപ്റ്ററിന്റെ കരാർ നേടിയെടുക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുന്ന ചിപ്സൻ ഏവിയേഷൻ മുഖ്യമന്ത്രിയുടെ സ്പോൺസറായി എത്തിയതിലാണ് ദുരൂഹത. കെ ജെ ജോർജിന്റെ കുടുംബ ഉടമസ്ഥതയിലുള്ള കേളചന്ദ്ര ലോജിസ്റ്റിക്സ് പ്രൈവറ്റ് ലിമിറ്റഡിന്റെ യാത്രകൾ ക്രമീകരിക്കാനുള്ള കരാർ ചിപ്സൺ ഏവിയേഷനാണ്.
അതുവഴിയാണ് ചിപ്സൻ മുഖ്യമന്ത്രിയുടെ യാത്രയ്ക്കായി വിമാനം തയ്യാറാക്കിയത്. കഴിഞ്ഞ മൂന്ന് വർഷമായി പോലീസിന്റെ വാടക ഹെലികോപ്റ്ററിന്റെ കരാർ ചിപ്സൺ ഏവിയേഷനായിരുന്നു. സർക്കാരിന് ഒരു രൂപയുടെ ചെലവില്ല എന്ന് ന്യായീകരിക്കുമ്പോഴും സ്പോൺസറെക്കുറിച്ച് വെളിപ്പെടുത്താൻ മുഖ്യമന്ത്രി തയ്യാറായിരുന്നില്ല.
19ന് കരാർ അവസാനിച്ച ശേഷം വീണ്ടും കരാറിൽ ഏർപ്പെടാനുള്ള അപേക്ഷ സർക്കാരിന് സമർപ്പിച്ച് കാത്തിരിക്കുന്ന കമ്പനിയാണ് ചിപ്സൻ. അവർ മുഖ്യമന്ത്രിക്കായി സൗജന്യ യാത്ര ഒരുക്കുമ്പോൾ കരാർ നേടിയെടുക്കാനുള്ള വഴിയായാണ് ആ നീക്കത്തെ വിമർശിക്കുന്നത്.