വയനാട് വാഴവറ്റയിൽ അനധികൃത മദ്യശേഖരം പിടികൂടിയ വീട് തന്റേതല്ലെന്ന ആന്റോ അഗസ്റ്റിന്റെ വാദങ്ങൾ പൊളിയുന്നു. വീടും സ്ഥലവും വൈദ്യുതി കണക്ഷനുമെല്ലാം ഇപ്പോഴും ആന്റോ അഗസ്റ്റിന്റെ പേരിൽത്തന്നെയാണെന്ന് വ്യക്തമാക്കുന്ന ഔദ്യോഗിക രേഖകൾ മനോരമ ന്യൂസിന് ലഭിച്ചു. കോടതി സമൻസുകളും വാറണ്ടുകളും എത്തിയതും ഇതേ മേൽവിലാസത്തിൽത്തന്നെയാണെന്ന് എക്സൈസും സ്ഥിരീകരിച്ചു.

ബാങ്ക് ജപ്തി ചെയ്തതിനെത്തുടർന്ന് വീട് മറ്റൊരാൾ ലേലത്തിൽ പിടിച്ചെന്നായിരുന്നു ആന്റോ അഗസ്റ്റിന്റെ വാദം. എന്നാൽ പഞ്ചായത്ത്, വില്ലേജ് രേഖകൾ പ്രകാരം 10,581 ചതുരശ്രയടി വിസ്തീർണമുള്ള ഈ നാലുനില വീടും സ്ഥലവും ഇപ്പോഴും ആന്റോ അഗസ്റ്റിന്റെ ഉടമസ്ഥതയിൽത്തന്നെയാണ്. ഒടുവിൽ ഭൂനികുതി അടച്ചിരിക്കുന്നതും ഇയാളുടെ പേരിൽത്തന്നെ. വീട്ടിലെ വൈദ്യുതി കണക്ഷൻ ആന്റോ അഗസ്റ്റിന്റെ പേരിലാണെന്ന് തെളിയിക്കുന്ന കെഎസ്ഇബി ബില്ലും പുറത്തുവന്നു.

ALSO READ: മെസ്സിയുടെ പേരിലെ തട്ടിപ്പ്; പലിശ സഹിതം പിഴയടയ്ക്കണം; ആര്‍ബിസിക്ക് GST വകുപ്പ് നോട്ടിസ് നല്‍കും ...

സെപ്റ്റംബർ ഒന്നിലെ കണക്കുപ്രകാരം 21,464 രൂപയാണ് ഇയാൾ വൈദ്യുതി ചാർജായി അടയ്ക്കേണ്ടത്. ഇക്കാര്യം കെഎസ്ഇബി എക്സൈസിനോട് സ്ഥിരീകരിച്ചിട്ടുണ്ട്. മുട്ടിൽ മരംമുറി കേസിൽ അന്വേഷണ ഉദ്യോഗസ്ഥൻ സമർപ്പിച്ച കുറ്റപത്രത്തിലും ആന്റോ അഗസ്റ്റിന്റെ മേൽവിലാസം ഈ വീട് തന്നെയാണ്.

വിവിധ കേസുകളുമായി ബന്ധപ്പെട്ട് കോടതികളിൽ നിന്നുള്ള സമൻസുകളും വാറണ്ടുകളും എത്തിയത് ഇവിടേക്കാണ്. ഒടുവിൽ കഴിഞ്ഞ മാസവും വാറണ്ട് എത്തിയത് ഇതേ വിലാസത്തിൽത്തന്നെ. വീട് തന്റേതല്ലെന്ന് കാട്ടി ഹൈക്കോടതിയിൽ നൽകിയ ജാമ്യാപേക്ഷയിൽ വിധി വരാനിരിക്കെയാണ്, പ്രതിയുടെ വാദങ്ങൾ പൊളിക്കുന്ന നിർണായക വിവരങ്ങൾ പുറത്തുവന്നത്.

ENGLISH SUMMARY:

Official documents have exposed Anto Augustine's claims that the Vazhavatta house in Wayanad, where an illegal liquor cache was seized, no longer belongs to him. Village, panchayat, and KSEB records obtained by Manorama News confirm that the 10,581 sq ft four-story house and land remain legally registered under his name. Excise officials verified that recent court summonses and warrants related to various cases, including the Muttil tree felling case, were served to this exact address. These revelations come at a crucial time as the High Court is set to deliver its verdict on his bail application, wherein he claimed to have no ownership of the property.