ശബരിമലയിലെ അരവണ ക്ഷാമത്തെച്ചൊല്ലി ദേവസ്വം മന്ത്രിയും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡും നേര്‍ക്കുനേര്‍. മുഖ്യമന്ത്രിയുമായി ആലോചിച്ച് മണ്ഡലകാല തീര്‍ഥാടന നടത്തിപ്പിന് പ്രത്യേക ടീമിനെ നിയോഗിക്കുമെന്നാണ് മന്ത്രി കെ.മുരളീധരന്‍റെ മുന്നറിയിപ്പ്. സ്റ്റേറ്റ് അറ്റോര്‍ണി ജനറലിന്‍റെ നേതൃത്വത്തില്‍ പമ്പയില്‍ ശബരിമല തീര്‍ഥാടന മുന്നൊരുക്കം വിലയിരുത്തി. ഒരോ ടിന്‍ അരവണവീതമാണ് നിലവില്‍ തീര്‍ത്ഥാടകര്‍ക്ക് വിതരണം ചെയ്യുന്നത്.
മന്ത്രിയും ബോര്‍ഡും രണ്ട് തട്ടിലെന്ന് പലകുറി തെളിഞ്ഞതാണ്. ശബരിമല തീര്‍ഥാടന മുന്നരുക്കത്തിലുള്‍പ്പെടെ വിമര്‍ശനം ഉന്നയിച്ചിരുന്ന മന്ത്രി അരവണ ക്ഷാമത്തില്‍ മൂര്‍ച്ച കൂട്ടുകയാണ്.
ബോര്‍ഡിന് ഉത്തരവാദിത്തം നടപ്പാക്കാനായില്ലെങ്കില്‍ സര്‍ക്കാര്‍ നിയന്ത്രിക്കുമെന്ന മന്ത്രിയുടെ ഓര്‍മപ്പെടുത്തല്‍ തീര്‍ഥാടന മേല്‍നോട്ടം പ്രത്യേക സമിതിയെ ഏല്‍പ്പിക്കുമെന്നതിന്‍റെ സൂചനയാണ്. മന്ത്രിയുടെ വിമര്‍ശനം ഉള്‍ക്കൊള്ളുന്നുവെന്ന് ദേവസ്വം ബോര്‍ഡ് ഭരണസമിതി പറയുമ്പോഴും സന്നിധാനത്തെ അരവണ പ്ലാന്‍റിന്‍റെ നവീകരണം മന്ത്രിയെ ധരിപ്പിച്ചിട്ടുള്ള വിഷയമെന്നാണ് നിലപാട്. ഹൈക്കോടതി അനുമതിയോടെ പൊളിച്ച പ്ലാന്‍റിന്‍റെ പൂര്‍ത്തീകരണത്തിന് നാല്‍പ്പത്തി അഞ്ച് ദിവസം വരെ വേണ്ടിവരും. ദിവസേനയുള്ള നിര്‍മാണ ശേഷി രണ്ടേകാല്‍ ലക്ഷത്തില്‍ നിന്നും മൂന്നേകാല്‍ ലക്ഷമാക്കി ഉയര്‍ത്താനാവും. അടുത്തമാസം പത്തിന് പ്ലാന്‍റ് പ്രവര്‍ത്തനക്ഷമമാകുമെന്നും തീര്‍ഥാടന കാലത്ത് അരവണയുടെ മതിയായ കരുതലൊരുക്കുമെന്നും ബോര്‍ഡിന്‍റെ വിശദീകരണം.
മന്ത്രിയും ബോര്‍ഡുമായുള്ള ഭിന്നതയ്ക്കിടെ തീര്‍ഥാടന മുന്നൊരുക്കങ്ങള്‍ സ്റ്റേറ്റ് അറ്റോര്‍ണി ജനറലിന്‍റെ നേതൃത്വത്തില്‍ പമ്പയില്‍ വിലയിരുത്തി. മുന്നൊരുക്കങ്ങളും പുരോഗതിയും പൂര്‍ത്തായാക്കേണ്ട കാര്യങ്ങളും ഉള്‍പ്പെടെ വിശദമായ റിപ്പോര്‍ട്ട് ഹൈക്കോടതിയില്‍ സമര്‍പ്പിക്കും.