ശബരിമലയിലെ കടമുറി ടെൻഡർ വിവരങ്ങൾ ചോർത്തിയതിന് ദേവസ്വം ബോർഡ് ആസ്ഥാനത്തെ മൂന്ന് ഉദ്യോഗസ്ഥർ വിജിലൻസിന്റെ നിരീക്ഷണത്തിൽ. സംശയമുള്ള ഉദ്യോഗസ്ഥരുടെ ഫോൺവിളി രേഖകൾ ഉൾപ്പെടെ ദേവസ്വം വിജിലൻസ് പരിശോധിക്കും. 

കരാറുകാരുടെ വിവരങ്ങളും ടെൻഡറിൽ രേഖപ്പെടുത്തിയ തുകയും ഫോൺ സന്ദേശമായി പതിവായി കടമുറി ലേലം കൊള്ളുന്ന പലരുടെയും ഫോണിലേക്ക് എത്തിയിട്ടുണ്ട്. ടെൻഡർ വിളിച്ചാലും പരസ്പരം പറഞ്ഞ് ഉറപ്പിച്ച് ചെറിയ തുകയിലും, മുൻ വർഷങ്ങളിൽ കട നടത്തിയിരുന്ന ഇടങ്ങളും ഉൾപ്പെടുന്ന സ്ഥലം ലേലത്തിൽ പിടിക്കുന്ന പതിവ് തുടരാനായിരുന്നു ഉദ്യോഗസ്ഥരുടെയും കരാറുകാരുടെയും നീക്കം. തട്ടിപ്പ് മറികടക്കാൻ ഏർപ്പെടുത്തിയ ടെൻഡർ പരിഷ്‌കരണത്തിലെ പ്രതിസന്ധി മറികടക്കാനാണ് വിവരം ചോർത്തിയത്.

മൂന്ന് ദിവസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് വിജിലൻസ് എസ്.പിക്ക് ദേവസ്വം ബോർഡ് ഭരണസമിതി നൽകിയിരിക്കുന്ന നിർദേശം. വീഴ്ച വന്നതായി തെളിഞ്ഞാൽ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്ത് മാറ്റിനിർത്തുന്നതിനൊപ്പം ശബരിമലയുമായി ബന്ധപ്പെട്ട തുടർ പ്രവർത്തനങ്ങളിൽ ഏർപ്പെടാതിരിക്കാനും വിലക്കും. 

അടുത്തമാസം പതിനഞ്ചിന് മുൻപായി 110 കടമുറികളുടെ ലേലം സുതാര്യമായി പൂർത്തിയാക്കുമെന്ന്  ബോർഡ് ഭരണസമിതി അറിയിച്ചു. ടെൻഡർ നടപടികൾ അട്ടിമറിക്കാനുള്ള ശ്രമവും തുടർ ഇടപെടലും ദേവസ്വം മന്ത്രിയെ അറിയിച്ചതായും പ്രസിഡന്റ് കെ.ജയകുമാർ പറഞ്ഞു.

ENGLISH SUMMARY:

The Travancore Devaswom Board Vigilance has placed three officials under strict surveillance following allegations of leaking tender information for commercial shops at Sabarimala. Investigating officers are reviewing call records and phone messages after details regarding contractor bids and quoted amounts were systematically shared with frequent bidders. The leak was orchestrated to bypass recent tender reforms and allow contractors to secure shop spaces at lower rates through collusion. The Devaswom Board management has directed the Vigilance SP to submit a comprehensive investigation report within three days, while assuring that the auction for 110 shop rooms will be completed transparently before November 15.