പ്രമുഖ ഹൃദ്രോഗ വിദഗ്ധനും കിംസ്ഹെൽത്ത് സ്ഥാപക ഡയറക്ടറും വൈസ് ചെയര്‍മാനുമായ പത്മശ്രീ പ്രഫ. ഡോ. ജി. വിജയരാഘവന്‍ (84) അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ദീർഘകാലമായി ചികിത്സയിലായിരുന്നു. 22 ന് രാവിലെ 8 മണി മുതൽ തിരുവനന്തപുരം കിംസ്ഹെൽത്തിലെ ഓസ്ലർ ഹാളിൽ ഭൗതിക ശരീരം പൊതുദർശനത്തിനു വയ്ക്കും. 22 ന് രാവിലെ 11 മണി മുതൽ 4 മണി വരെ കുമാരപുരത്തുള്ള സ്വവസതിയായ ഗോവിന്ദത്തിൽ പൊതുദർശനം ഉണ്ടായിരിക്കും. തുടർന്ന് സംസ്ഥാന ബഹുമതികളോടെ വൈകിട്ട് 5 മണിക്ക് ശാന്തികവാടത്തിൽ സംസ്കാരം നടക്കും. 

ഭാര്യ: നളിനി വിജയരാഘവന്‍ (മഹാകവി കുമാരനാശാന്റെ ചെറുമകൾ), മക്കൾ: ഡോ വിഷ്ണു വിജയരാഘവന്‍ (സിഡ്നി, ഓസ്ട്രേലിയ), കൃഷ്ണൻ വിജയരാഘവന്‍ (ബാംഗ്ലൂർ). മരുമകൾ: മീര കൃഷ്ണൻ

കൊല്ലം ജില്ലയിലെ പെരുമ്പുഴയില്‍ സംസ്‌കൃത പണ്ഡിതനായിരുന്ന സാഹിത്യ ശിരോമണി എം.കെ. ഗോവിന്ദന്റെ മകനായി 1942-ലാണ് അദ്ദേഹം ജനിച്ചത്. ആരോഗ്യമേഖലയിലെ നിസ്തുലമായ സംഭാവനകള്‍ക്ക്, 2009-ല്‍ രാജ്യം അദ്ദേഹത്തിനു പത്മശ്രീ നല്‍കി ആദരിച്ചു. 2002-ൽ തിരുവനതപുരം കിംസ് ആശുപത്രി സ്ഥാപിക്കുന്നതിൽ മുൻനിരയിൽ നിന്ന ഡോ. ജി. വിജയരാഘവന്‍, സ്ഥാപനത്തിന്റെ വൈസ് ചെയർമാനും രണ്ടു പതിറ്റാണ്ടിൽ അധികം ആശുപത്രിയുടെ കാർഡിയോളജി വിഭാഗം മേധാവിയും ആയിരുന്നു. ഇതിനൊപ്പം തന്നെ കിംസ് ആശുപത്രിയിലെ അക്കാദമിക വിഭാഗം സ്ഥാപിക്കുകയും ഡീൻ എന്ന നിലയിൽ ഇരുപതിൽ അധികം ഡിഎൻബി കോഴ്‌സുകൾ ഉൾപ്പെടെ വിപുലമായ അക്കാദമിക് റിസർച്ച് പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകുകയും ചെയ്തു. ഈ കാലയളവിൽ നൂറിൽ അധികം ദേശീയവും അന്തർദേശീയവുമായ മെഡിക്കൽ കോൺഫറൻസുകൾക്കും കിംസ് വേദിയായി. 

തിരുവനന്തപുരം മോഡല്‍ സ്‌കൂളിലായിരുന്നു അദ്ദേഹത്തിന്റെ സ്‌കൂള്‍ വിദ്യാഭ്യാസം. 1964-ല്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നിന്ന് ബിരുദവും 1969-ല്‍ ജനറല്‍ മെഡിസിനില്‍ എം.ഡിയും നേടി. വെല്ലൂര്‍ ക്രിസ്ത്യന്‍ മെഡിക്കല്‍ കോളേജില്‍ പഠനം തുടര്‍ന്ന അദ്ദേഹം 1973-ല്‍ കാര്‍ഡിയോളജിയില്‍ ഡി.എം നേടുകയും തുടര്‍ന്ന് അസോസിയേറ്റ് പ്രഫസറായി തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവർത്തനം ആരംഭിക്കുകയും ചെയ്തു.

1976-ല്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ പോസ്റ്റ് ഗ്രാജ്വേറ്റ് മെഡിക്കല്‍ സ്‌കൂളും ലണ്ടനിലെ ബ്രോംപ്റ്റണ്‍ ഹോസ്പിറ്റലുമായി ചേര്‍ന്ന് എന്‍ഡോമയോകാര്‍ഡിയല്‍ ഫൈബ്രോസിസില്‍ അദ്ദേഹം ഗവേഷണം തുടര്‍ന്നു. 1980-ല്‍ രാജ്യത്തെ ആദ്യത്തെ 2 ഡയമന്‍ഷണല്‍ എക്കോകാര്‍ഡിയോഗ്രഫി ലബോറട്ടറി സ്ഥാപിക്കുന്നതില്‍ അദ്ദേഹം നിര്‍ണായക പങ്ക് വഹിച്ചു.

1984 മുതല്‍ കേരള യൂണിവേഴ്‌സിറ്റിയില്‍ കാര്‍ഡിയോളജി പിഎച്ച്ഡി വിഭാഗത്തില്‍ യൂണിവേഴ്‌സിറ്റി ഗൈഡായും അദ്ദേഹം പ്രവർത്തിച്ചു. അദ്ദേഹത്തിന്റെ ഗവേഷണങ്ങള്‍ അന്താരാഷ്ട്ര ജേണലുകളില്‍ ഉള്‍പ്പെടെ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. ഡോപ്ലര്‍ എക്കോകാര്‍ഡിയോഗ്രഫിയില്‍ ഒരു പുസ്തകത്തിന്റെ സഹരചയിതാവ് കൂടിയാണ് അദ്ദേഹം. ആരോഗ്യ മേഖലയില്‍ നിരവധി പുസ്തകങ്ങള്‍ അദ്ദേഹത്തിന്റേതായുണ്ട്. ഇന്ത്യന്‍ അക്കാദമി ഓഫ് എക്കോകാര്‍ഡിയോഗ്രഫി, ഇന്ത്യന്‍ കോളേജ് ഓഫ് കാര്‍ഡിയോളജി, കാര്‍ഡിയോളജിക്കല്‍ സൊസൈറ്റി ഓഫ് ഇന്ത്യ എന്നിവ അദ്ദേഹത്തിന് ലൈഫ് ടൈം അച്ചീവ്മെന്റ് പുരസ്‌കാരം നല്‍കി ആദരിച്ചിട്ടുണ്ട്.

റോയല്‍ കോളേജ് ഓഫ് ഫിസിഷ്യന്‍സ്, അമേരിക്കന്‍ കോളേജ് ഓഫ് കാര്‍ഡിയോളജി തുടങ്ങിയ ലോകോത്തര മെഡിക്കല്‍ സംഘടനകളില്‍ നിന്ന് അദ്ദേഹത്തിന് ഓണററി ഫെലോഷിപ്പുകള്‍ ലഭിച്ചിട്ടുണ്ട്. പ്രിവന്റീവ് കാർഡിയോളജി, അനുബന്ധ ചികിത്സ, ഹൃദ്രോഗികൾക്കു വേണ്ട പ്രത്യേകമായ പരിചരണം എന്നിവയിലായിരുന്നു അദ്ദേഹം കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ചത്.

സെറിബ്ര - ഒഡോളം വിഷബാധയെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ ഗവേഷണങ്ങള്‍ നൂതന ചികിത്സാ രീതികളിലേക്ക് വഴിതെളിക്കുന്നതിന് കാരണമായി. 1983-ല്‍ അദ്ദേഹത്തെ ലോസ് ഏഞ്ചല്‍സിലെ കാലിഫോര്‍ണിയ സര്‍വകലാശാലയില്‍ പ്രവര്‍ത്തിക്കാന്‍ ക്ഷണിച്ചു. അവിടെ അദ്ദേഹം ഡോപ്ലര്‍ എക്കോകാര്‍ഡിയോഗ്രഫിയിലെ ഒരു പ്രമുഖ ഗവേഷകനായി മാറുകയും ഈ വിഷയത്തില്‍ യുഎസില്‍ നിന്നുള്ള ആദ്യ പുസ്തകത്തിന്റെ (1985) സഹരചയിതാവാകുകയും ചെയ്തു.

1998 വരെ തിരുവനന്തപുരം മെഡിക്കൽ കോളേജിലെ കാർഡിയോളജി വിഭാഗം മേധാവി ആയിരുന്നു ജി. വിജയരാഘവന്‍. തുടർന്ന് കുവൈറ്റ് യൂണിവേഴ്സിറ്റി ആശുപത്രിയിലെ പ്രഫസറും, ദുബായി വെൽകെയർ ആശുപത്രിയിലെ കാർഡിയോളജി വിഭാഗം മേധാവിയായും പ്രവർത്തിച്ചിട്ടുണ്ട്. രാജ്യത്തിനകത്തും പുറത്തും പ്രഗത്ഭനായ കാര്‍ഡിയോളജി അധ്യാപകനായിരുന്ന അദ്ദേഹം അന്താരാഷ്ട്ര മെഡിക്കൽ സമ്മേളനങ്ങളിൽ സ്ഥിരം ക്ഷണിതാവുമായിരുന്നു. ഇന്ത്യന്‍ ജേര്‍ണല്‍ ഓഫ് ക്ലിനിക്കല്‍ കാര്‍ഡിയോളജിയുടെ എഡിറ്റര്‍ കൂടിയായിരുന്നു അദ്ദേഹം.

ENGLISH SUMMARY:

Renowned cardiologist Dr. G. Vijayaraghavan has passed away at the age of 84 in Thiruvananthapuram. He was a pioneer in bringing 2D echocardiography to India and was a founding director of KIMs Health Care.