അനധികൃത സ്വത്ത് സമ്പാദനക്കേസിൽ തടവിലായ മുൻ ഡിജിപി ടോമിൻ ജെ.തച്ചങ്കരിയെ ട്രോളി ബിജെപി കൗൺസിലറും മുൻ ഡിജിപിയുമായ ആർ. ശ്രീലേഖ. തിരുവനന്തപുരം സെന്‍ട്രല്‍ ജയിലിലെ ആശുപത്രി ബ്ലോക്ക്, സെല്ലുകളെ അപേക്ഷിച്ച് വളരെ വൃത്തിയുള്ളതാണെന്നും എല്ലാം താന്‍ ജയിൽ വകുപ്പ് ഡിജിപി ആയിരുന്നപ്പോൾ മെച്ചപ്പെടുത്തിയെടുത്തതാണെന്നും ശ്രീലേഖ ഫെയ്സ്ബുക്കില്‍ കുറിച്ചു. ഇപ്പോൾ അത് ആർക്കെങ്കിലും നല്ലതുപോലെ പ്രയോജനപ്പെടുന്നുണ്ടെങ്കിൽ സന്തോഷം എന്നുമാണ് ശ്രീലേഖയുടെ പരിഹാസം. തച്ചങ്കരിയുടെ പേരെടുത്ത് പറയാതെയാണ് പോസ്റ്റ്.

ശ്രീലേഖയുടെ പോസ്റ്റ്: ‘തിരുവനന്തപുരം സെന്‍ട്രല്‍ ജയിലിലെ ‘ആശുപത്രി ബ്ലോക്ക്’ സെല്ലുകളെ അപേക്ഷിച്ച് വളരെ വൃത്തിയുള്ളതാണ്. നല്ല കിടക്ക, മെത്ത, തലയിണ, ഫാൻ, വൃത്തിയുള്ള ശൗചാലയം, പിന്നെ പ്രത്യേകം ഒറ്റയ്ക്ക് കഴിയാനുള്ള സൗകര്യങ്ങൾ, ചുറ്റും മനോഹരമായ പൂന്തോട്ടം, പ്രത്യേക ഭക്ഷണം... ഇതൊക്കെ ഞാൻ ജയിൽ വകുപ്പ് ഡിജിപി ആയിരുന്നപ്പോൾ മെച്ചപ്പെയെടുത്തിയെടുത്തതാണ്. ഇപ്പോൾ അത് ആർക്കെങ്കിലും നല്ലതുപോലെ പ്രയോജനപ്പെടുന്നുണ്ടെങ്കിൽ സന്തോഷം!’

ALSO READ: ‘നിങ്ങക്കെന്താ വയ്യേ!’; സ്കൂള്‍ തിരഞ്ഞെടുപ്പിലെ എസ്എഫ്ഐ ബാനറില്‍ വിമര്‍ശനവുമായി വി.ടി.ബൽറാം ...

ഒരേ ഐപിഎസ് ബാച്ചുകാരാണ് ശ്രീലേഖയും തച്ചങ്കരിയും. എന്നാല്‍ സര്‍വീസിലിരിക്കുമ്പോള്‍ ഇരുവരും തമ്മില്‍ പലതവണ ഉടക്കിയിട്ടുമുണ്ട്. ശാരീരിക ബുദ്ധിമുട്ടുകള്‍ ഉണ്ടായതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം രാത്രി തച്ചങ്കരിയെ ജയിലിലെ ആശുപത്രി ബ്ളോക്കിലേക്ക് മാറ്റിയിരുന്നു. ഇതിന് പിന്നാലെ, ഇന്ന് രാവിലെയാണ് ശ്രീലേഖയുടെ പോസ്റ്റ് എത്തിയിരിക്കുന്നത്.

2003 ജനുവരി 1 മുതൽ 2007 ജൂലൈ 7 വരെയുള്ള കാലയളവിൽ 64,70,891 രൂപ വിലമതിക്കുന്ന സ്വത്ത് അനധികൃതമായി സമ്പാദിച്ചെന്ന കേസിലാണ് ടോമിൻ ജെ. തച്ചങ്കരി ശിക്ഷിക്കപ്പെട്ടത്. നാലുവർഷം കഠിനതടവും 30,84,000 രൂപ പിഴയുമാണ് ശിക്ഷ. ഉന്നത പദവിയിലിരുന്ന ആളായതുകൊണ്ട് ഒരു തരത്തിലും ശിക്ഷ ഇളവിന് അർഹനല്ലെന്ന് കോടതി വിധിന്യായത്തില്‍ വ്യക്തമാക്കിയിരുന്നു. 1987 ബാച്ച് ഐപിഎസ് ഓഫിസറായിരുന്ന ടോമിൻ ജെ.തച്ചങ്കരി 2023 ൽ മനുഷ്യാവകാശ കമ്മിഷനിൽ ഇൻവെസ്റ്റിഗേഷൻ ഡിജിപിയായാണ് വിരമിച്ചത്. സംസ്ഥാനത്ത് ആദ്യമായാണ് അഴിമതി കേസിൽ ഒരു ഡിജിപി ജയിലിലാകുന്നത്.

ENGLISH SUMMARY:

Former IPS officer and BJP leader R. Sreelekha took a sharp dig at former DGP Tomin J. Thachankary, who was recently jailed in an disproportionate assets case. Without directly naming him, Sreelekha wrote on Facebook that the hospital block at Thiruvananthapuram Central Jail—where Thachankary was shifted following health issues—is clean, comfortable, and well-maintained with amenities like proper bedding, fans, clean toilets, and a surrounding garden. She noted with sarcasm that all these facilities were upgraded during her tenure as the DGP of Prisons, and she is glad they are now proving useful to "someone." Sreelekha and Thachankary were 1987-batch IPS officers who had several clashes during their service careers.