നിരാഹാരസമരം അവസാനിപ്പിച്ച് 40 ദിവസം പിന്നിട്ടിട്ടും നൽകിയ വാഗ്ദാനങ്ങൾ സർക്കാർ പാലിച്ചില്ലെന്ന് ആരോപിച്ച് എൽ.പി.എസ്.ടി റാങ്ക് ഹോൾഡേഴ്സ് വീണ്ടും സമരത്തിന് ഒരുങ്ങുന്നു. സർക്കാർ ആവശ്യപ്പെട്ട സാവകാശ കാലാവധി അടുത്ത വ്യാഴാഴ്ച അവസാനിക്കാനിരിക്കെയാണ് സമരസമിതിയുടെ പുതിയ നീക്കം.
37 ദിവസം നീണ്ട സമരം വിദ്യാഭ്യാസമന്ത്രി ഇടപെട്ട് അവസാനിപ്പിക്കുമ്പോൾ ഉദ്യോഗാർഥികളുടെ ആവശ്യങ്ങൾ പരിഗണിക്കുമെന്ന് ഉറപ്പ് നൽകിയിരുന്നുവെന്നാണ് റാങ്ക് ഹോൾഡേഴ്സിന്റെ വാദം. എന്നാൽ ഇതുവരെ ആവശ്യങ്ങളിൽ ഒന്നുപോലും നടപ്പാക്കിയിട്ടില്ലെന്ന് സമരസമിതി ആരോപിച്ചു.
Read more: ജലവൈദ്യുതിയിൽ പിന്നോട്ട്, സംഭരണത്തിലും വീഴ്ച; കേരളം വൈദ്യുതി പ്രതിസന്ധിയിൽ ...
പുതിയ വിജ്ഞാപനം നീട്ടിവെയ്ക്കുകയോ റാങ്ക് പട്ടികയുടെ കാലാവധി ദീർഘിപ്പിക്കുകയോ ചെയ്തിട്ടില്ല. നിയമനങ്ങളുടെ എണ്ണം സംബന്ധിച്ച് വ്യക്തത വരുത്തിയിട്ടില്ലെന്നും ഡിവിഷൻ ഫാൾ വരുന്നിടങ്ങളിൽ അധ്യാപക–വിദ്യാർഥി അനുപാതം കുറയ്ക്കുന്നതിനുള്ള നടപടിയുണ്ടായിട്ടില്ലെന്നും ഉദ്യോഗാർഥികൾ പറയുന്നു.
അതേസമയം, എയ്ഡഡ് മേഖലയിലെ അധ്യാപകരെ സർക്കാർ വിദ്യാലയങ്ങളിലെ താൽക്കാലിക തസ്തികകളിൽ വീണ്ടും നിയമിച്ചതിലും റാങ്ക് ഹോൾഡേഴ്സ് പ്രതിഷേധം അറിയിച്ചു. സർക്കാർ നൽകിയ ഉറപ്പിന് വിരുദ്ധമായാണ് വിദ്യാഭ്യാസ വകുപ്പ് പ്രവർത്തിക്കുന്നതെന്നാണ് സമരസമിതിയുടെ ആരോപണം.
Read more: മതിയായ വൈദ്യുതി ലഭിച്ചു; ഇന്ന് വൈദ്യുതി നിയന്ത്രണമുണ്ടായില്ല ...
സർക്കാർ ആവശ്യപ്പെട്ട 45 ദിവസത്തെ സാവകാശ കാലാവധി പൂർത്തിയാകുന്നതിന് മുമ്പ് ആവശ്യങ്ങളിൽ നടപടിയുണ്ടായില്ലെങ്കിൽ സമരം പുനരാരംഭിക്കുമെന്ന് റാങ്ക് ഹോൾഡേഴ്സ് വ്യക്തമാക്കി.