തിരുവനന്തപുരം മൃഗശാല നഗരമധ്യത്തിൽ നിന്ന് നെയ്യാറിലേക്കോ പാലോടേക്കോ മാറ്റണമെന്ന മുഖ്യമന്ത്രി വി.ഡി.സതീശന്‍റെ പ്രസ്താവനയ്ക്കെതിരെ വട്ടിയൂര്‍ക്കാവ് മുന്‍എംഎല്‍എ വി.കെ.പ്രശാന്ത്. മൃഗശാല മാറ്റുന്നതിന് പിന്നിൽ വാണിജ്യപരമായ താല്പര്യങ്ങളും കൃത്യമായ ഗൂഢാലോചനയുമുണ്ടെന്ന് പ്രശാന്ത് പറഞ്ഞു. മുതലാളിമാർക്ക് മറിച്ചുകൊടുക്കാനുള്ള ശ്രമമാണെന്നും നിലവിലെ തീരുമാനത്തെ തിരുവനന്തപുരം മേയർ അനുകൂലിക്കുന്നത് നിർഭാഗ്യകരമാണെന്നും പ്രശാന്ത് കൂട്ടിച്ചേർത്തു. നീക്കത്തെ ഇടതുപക്ഷം എതിർക്കുമെന്നും പ്രശാന്ത് വ്യക്തമാക്കി
1859-ൽ സ്ഥാപിതമായ ചരിത്രപ്രസിദ്ധമായ മൃഗശാല നിലവിൽ സാധാരണക്കാർക്കും കുട്ടികൾക്കും വളരെ കുറഞ്ഞ ചെലവിലും എളുപ്പത്തിലും എത്തിച്ചേരാൻ സാധിക്കുന്ന പ്രധാന വിനോദസഞ്ചാര കേന്ദ്രമാണ്. എന്നാൽ മൃഗശാല നഗരപരിധിയിൽ നിന്ന് ദൂരെയേക്ക് മാറ്റുന്നത് വലിയ യാത്രാക്ലേശത്തിന് വഴിവെയ്ക്കും. സാധാരണക്കാരായ സന്ദർശകർക്ക് ഇവിടേക്ക് എത്തിപ്പെടാൻ പ്രയാസമുണ്ടാക്കുമെന്നും വി.കെ.പ്രശാന്ത് ഫെയ്സ്ബുക്കില്‍ കുറിച്ചു.
നഗരമധ്യത്തിൽ സ്ഥിതിചെയ്യുന്ന മൃഗശാല തലസ്ഥാനത്തെ ടൂറിസം മേഖലയുടെയും തദ്ദേശീയ സമ്പദ്‌വ്യവസ്ഥയുടെയും അടിത്തറകളില്‍ ഒന്നാണ്. മൃഗശാല മാറ്റുന്നത് തിരുവനന്തപുരം നഗരത്തിലെ ടൂറിസം വരുമാനത്തിൽ വലിയ ഇടിവുണ്ടാകുമെന്നും, ഇതിനെ മാത്രം ആശ്രയിച്ചു ജീവിക്കുന്ന ചെറുകിട കച്ചവടക്കാരുടെയും തൊഴിലാളികളുടെയും ഉപജീവനമാർഗ്ഗം അപകടത്തിലാകുമെന്നും പ്രശാന്ത് ഫെയ്സ്ബുക്കില്‍ കുറിച്ചു. മൃഗശാല മാറ്റുന്നതിനെതിരെ സാധാരണക്കാരുടെയും തലസ്ഥാനവാസികളുടെയും ശക്തമായ പ്രതിഷേധം ഇതിനോടകം ഉയർന്നു കഴിഞ്ഞെന്നും പ്രശാന്ത് പറയുന്നു.
തൃശൂര്‍ ടൗണിലായിരുന്നു തൃശൂര്‍ മൃഗശാലയെന്നും. ടൗണിന് പുറത്തേക്ക് മാറ്റിയത് ഉചിതമായ തീരുമാനം ആയിരുന്നെന്നുമുള്ള പോസ്റ്റിന് താഴെയുള്ള ഒരു കമന്‍റിന് ‘ഞങ്ങൾ തിരുവനന്തപുരത്തുകാർക്ക് ഇവിടെ സ്ഥിതി ചെയ്യുന്നത് തന്നെയാണ് താല്പര്യം’ എന്നാണ് പ്രശാന്ത് മറുപടി നല്‍കിയത്.
അതേസമയം, മുഖ്യമന്ത്രിയുടെ നിലപാടിനെ തിരുവനന്തപുരം മേയര്‍ വി.വി.രാജേഷ് പിന്തുണച്ചു. മൃഗങ്ങള്‍ക്കും തിരുവനന്തപുരം നഗരത്തിനും ഈ തീരുമാനം ഗുണം ചെയ്യുമെന്ന് വി.വി.രാജേഷ് പറഞ്ഞു. മൃഗശാലയിൽ ചൂട് കൂടി. മൃഗങ്ങൾക്ക് ഇപ്പോൾ തിരുവനന്തപുരത്തെ കാലാവസ്ഥ ചേരുന്നില്ല. നഗര മധ്യത്തിലെ പച്ചപ്പ് അങ്ങനെ തന്നെ നിലനിർത്തണം മൃഗശാല എവിടെ വരണം എന്നതിൽ അഭിപ്രായം പറയുന്നില്ലെന്നും മേയര്‍ വ്യക്തമാക്കി.
എന്നാല്‍ തിരുവനന്തപുരം നഗരത്തിൽ നിന്ന് മൃഗശാല മാറ്റുന്നത് ക്രൂരതയാണെന്ന് മൃഗസംരക്ഷണ വകുപ്പ് മുൻ ജോയിൻ്റ് ഡയറക്ടർ ഡോ.ജേക്കബ് അലക്സാണ്ടർ പറഞ്ഞു. മൃഗശാല മാറ്റുന്നത് സ്വാഭാവിക ആവാസ വ്യവസ്ഥയെ ബാധിക്കും. സിറ്റിയിൽ വന്നു പോകാൻ പക്ഷികൾക്കും ചിത്രശലഭങ്ങൾക്കും ഇടമില്ലാതാകും. മൃഗശാല റീ ഡിസൈൻ ചെയ്ത് ആവാസ വ്യവസ്ഥ പരിപാലിക്കുകയാണ് വേണ്ടതെന്നും ഡോ.ജേക്കബ് അലക്സാണ്ടർ മനോരമ ന്യൂസിനോട് പറഞ്ഞു
നഗരഹൃദയത്തിലുള്ള മൃഗശാല ഉചിതമായ സ്ഥലത്തല്ലെന്നും അവിടെനിന്നു മാറ്റണമെന്നുമായിരുന്നു റീ ഇമാജനിങ് കേരള പദ്ധതിയുടെ ഉദ്ഘാടന വേദിയില്‍ മുഖ്യമന്ത്രി പറഞ്ഞത്. പകരം ആ സ്ഥലത്തെ അമേരിക്കയിലെ മാഡിസണ്‍ സ്‌ക്വയര്‍ പോലെ അതിമനോഹരമാക്കി മാറ്റണമെന്നും നഗരഹൃദയത്തില്‍ മൃഗശാല വച്ചിരിക്കുന്നതു മൃഗങ്ങളോടുള്ള ക്രൂരതയാണ്. മൃഗങ്ങളുടെ ആവാസവ്യവസ്ഥയോടു ചേര്‍ന്നു നില്‍ക്കുന്ന നെയ്യാര്‍ പോലെയുള്ള വനപ്രദേശത്തേക്കു മൃഗശാല മാറ്റണം. ഇതാണ് തന്‍റെ സ്വപ്‌നപദ്ധതിയാണിതെന്നും വി.ഡി.സതീശന്‍ പറഞ്ഞു.