Image: facebook.com/arunmsmvk

Image: facebook.com/arunmsmvk

സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമായി തുടരുന്നതിനിടെ മുന്‍ വൈദ്യുതി മന്ത്രി എം.എം. മണിയെ പ്രകീര്‍ത്തിച്ച് ഫെയ്സ്ബുക്ക് പോസ്റ്റുമായി മാവേലിക്കര എംഎംഎല്‍എ എം.എസ്. അരുണ്‍ കുമാര്‍. ‘തങ്കം സര്‍ അവര്‍, ആശാന്‍’ എന്ന് കുറിച്ചുകൊണ്ടാണ് അരുണ്‍കുമാറിന്‍റെ ഫെയ്സ്ബുക്ക് പോസ്റ്റ്. 2016ല്‍ പവര്‍കട്ടില്‍ കേരളം പൊറുതിമുട്ടിയിരിക്കേയാണ് എം.എം.മണി വൈദ്യുതി മന്ത്രിയായി സ്ഥാനമേല്‍ക്കുന്നതെന്നും പിന്നീട് നടന്നത് ചരിത്രമാണെന്നും അരുണ്‍കുമാര്‍ കുറിച്ചു. ഇലക്ട്രിസിറ്റി എന്ന് ഇംഗ്ലീഷില്‍ എഴുതാന്‍ പോലുമറിയാത്ത മന്ത്രി എന്ന യുഡിഎഫ് സൈബര്‍ ഹാന്‍ഡിലുകളുടെ പരിഹാസങ്ങള്‍ക്ക് വാക്കുകളിലൂടെയല്ല മറിച്ച് പ്രവൃത്തിയിലൂടെയാണ് മണി മറുപടി നല്‍കിയതെന്നും അരുണ്‍കുമാര്‍ പറയുന്നു.

അരുണ്‍കുമാറിന്‍റെ ഫെയ്സ്ബുക്ക് പോസ്റ്റ്: ‘തങ്കം സർ അവർ, ആശാൻ എം.എം.മണി... 2016-ൽ തുടർച്ചയായ പവർകട്ടിൽ പൊറുതിമുട്ടിയ കേരളത്തിൽ, ഒരു നാലാം ക്ലാസുകാരൻ വൈദ്യുതി വകുപ്പ് മന്ത്രിയായി ചുമതലയേൽക്കുന്നു. ചുറ്റും പരിഹാസങ്ങൾ… ‘Electricity’ എന്ന് ഇംഗ്ലീഷിൽ എഴുതാൻ പോലും അറിയാത്ത മന്ത്രി എന്ന പരിഹാസവുമായി യുഡിഎഫ് സൈബർ ഹാൻഡിലുകൾ. പിന്നീട് നടന്നത് ചരിത്രം. പരിഹാസങ്ങൾക്ക് മറുപടി നൽകിയത് വാക്കുകളിലൂടെയല്ല, പ്രവർത്തനങ്ങളിലൂടെയായിരുന്നു’ 

ALSO READ: വൈദ്യുതി പ്രതിസന്ധി: പവര്‍കട്ട് അലര്‍ട്ട് നല്‍കും: സണ്ണി ജോസഫ് ...

എം.എം.മണിയെ ടാഗ് ചെയ്ത് അദ്ദേഹത്തിന്‍റെ ചിത്രവും പങ്കുവച്ചുകൊണ്ടാണ് അരുണ്‍കുമാറിന്‍റെ പോസ്റ്റ്. സമ്മിശ്ര പ്രതികരണങ്ങളാണ് പോസ്റ്റിന് താഴെ കമന്‍റായി ലഭിക്കുന്നത്. കെ.കൃഷ്ണന്‍ കുട്ടിയെ മറന്നോ എന്നും കമന്‍റില്‍ ചോദിക്കുന്നവരുണ്ട്. മറ്റൊരു പോസ്റ്റില്‍, വൈദ്യുതി മുടങ്ങുന്ന സമയം ഉപഭോക്താക്കളെ മുന്‍കൂട്ടി അറിയിക്കുന്നതിനായി 'പവര്‍കട്ട് അലര്‍ട്ട്' സംവിധാനം നിലവില്‍ വരുമെന്ന് വൈദ്യുതി മന്ത്രി സണ്ണി ജോസഫിന്‍റെ പ്രസ്താവനയെ ‘എന്തൊരു കരുതൽ’ എന്ന് അരുണ്‍കുമാര്‍ പരിഹസിക്കുന്നുമുണ്ട്. 

അതേസമയം, സംസ്ഥാനത്ത് ഇന്ന് രാത്രിയിലും ദൈര്‍ഘ്യമേറിയ വൈദ്യുതി നിയന്ത്രണം തുടരും. വൈകീട്ട് 6.30 മുതല്‍ പുലര്‍ച്ചെ ഒരു മണിവരെയുള്ള സമയത്താണ് നിയന്ത്രണം. വൈദ്യുതി നിയന്ത്രിക്കുന്ന സമയം സംബന്ധിച്ച് മുന്‍കൂട്ടി അറിയിക്കുന്ന സംവിധാനം ഇന്ന് വൈകീട്ടോടെ ഏര്‍പ്പെടുത്തുമെന്നാണ് വൈദ്യുതി മന്ത്രി അറിയിച്ചിട്ടുള്ളത്. 1000 മെഗാവാട്ടിനോട് അടുത്ത് വൈദ്യുതിയുടെ കുറവാണ് കഴിഞ്ഞദിവസവും രേഖപ്പെടുത്തിയത്. പ്രതിസന്ധി മറികടക്കാനുള്ള ശ്രമങ്ങള്‍ തുടരുന്നുവെന്നും വൈദ്യുതി മന്ത്രി സണ്ണി ജോസഫ് കൂട്ടിച്ചേര്‍ത്തു.

ENGLISH SUMMARY:

Mavelikara MLA M.S. Arun Kumar praised former Power Minister M.M. Mani on Facebook amid Kerala's ongoing severe electricity crisis. Sharing Mani's picture, the MLA captioned it "Gold Sir, Ashan ❤️" and highlighted how the fourth-grade educated minister silenced opposition mockery in 2016 through actionable performance rather than words. Arun Kumar also ridiculed current Power Minister Sunny Joseph's announcement regarding "Power Cut Alerts" by sarcastically remarking "What care!". The post drew mixed reactions on social media, with users questioning whether the MLA had forgotten former minister K. Krishnankutty. Meanwhile, the state continues to face an extended load shedding schedule from 6:30 PM to 1:00 AM due to a deficit approaching 1,000 MW.