former-dgp-tomin-j-thachankari-sentenced-four-years-jail-disproportionate-asset

അനധികൃത സ്വത്ത് സമ്പാദനക്കേസിൽ മുൻ ഡിജിപി ടോമിൻ ജെ.തച്ചങ്കരിക്ക് നാലു വർഷം തടവും 30,84,000 രൂപ പിഴയും ശിക്ഷ വിധിച്ചു. കോട്ടയം വിജിലൻസ് കോടതിയുടേതാണ് ചരിത്രപരമായ ഈ വിധി. സംസ്ഥാനത്ത് അഴിമതിക്കേസിൽ ശിക്ഷിക്കപ്പെടുന്ന ആദ്യ ഡിജിപി റാങ്കിലുള്ള ഉദ്യോഗസ്ഥനാണ് തച്ചങ്കരി. 

ശിക്ഷാവിധിയെ തുടർന്ന് പ്രതിയായ തച്ചങ്കരിയെ തിരുവനന്തപുരം സെൻട്രൽ ജയിലിലേക്ക് മാറ്റുന്നതിനുള്ള കോടതി നടപടികൾ പൂർത്തിയായിവരികയാണ്. വിധിയോടെ നൂറു ശതമാനം നീതി ലഭിച്ചുവെന്നും 36 വർഷമായി നീതിക്കുവേണ്ടി നടത്തിയ പോരാട്ടത്തിന്റെ വിജയമാണിതെന്നും പരാതിക്കാരനായ ബോബി കുരുവിള പ്രതികരിച്ചു.

കേസിന്റെ നാൾവഴികളിൽ അതിശക്തമായ സ്വാധീനവും തടസ്സഹർജികളുമാണ് തങ്ങൾക്ക് നേരിടേണ്ടിവന്നതെന്ന് ബോബി കുരുവിള ചൂണ്ടിക്കാണിച്ചു. വിജിലൻസ് കുറ്റപത്രം നൽകിയതിനു ശേഷം സ്വന്തം ഭാഗം കേൾക്കണമെന്ന ആവശ്യവുമായി തച്ചങ്കരി സർക്കാരിനെ സമീപിക്കുകയും സർക്കാരിന്റെ അനുകൂല നിലപാടിനെതിരെ ഹൈക്കോടതി ഡിവിഷൻ ബെഞ്ചിലും സുപ്രീം കോടതിയിലും നിയമപോരാട്ടം നടത്തിയാണ് തങ്ങൾ അനുകൂല വിധി നേടിയെടുത്തതെന്നും അദ്ദേഹം വ്യക്തമാക്കി. 

എത്ര ഉന്നത സ്ഥാനത്തിരിക്കുന്ന ആളായാലും അഴിമതി നടത്തിയാൽ എന്നെങ്കിലും പിടിക്കപ്പെടുമെന്ന ശക്തമായ സന്ദേശമാണ് ഈ വിധി നൽകുന്നതെന്നും സത്യസന്ധനായ പ്രോസിക്യൂട്ടറെ മാറ്റാൻപോലും പ്രതിഭാഗത്തുനിന്ന് ശ്രമങ്ങൾ നടന്നിരുന്നതായും ബോബി കുരുവിള ആരോപിച്ചു. അനധികൃതമായി കോടികളുടെ സ്വത്ത് സമ്പാദിച്ചെന്ന കേസിൽ വർഷങ്ങൾ നീണ്ട വിചാരണയ്ക്കും ശാസ്ത്രീയ അന്വേഷണത്തിനും ശേഷമാണ് വിജിലൻസ് കോടതി തച്ചങ്കരി കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. കോടതി വിധിച്ച പിഴത്തുക അടച്ചില്ലെങ്കിൽ അധിക തടവ് അനുഭവിക്കേണ്ടിവരും.

ENGLISH SUMMARY:

Former Kerala DGP Tomin J. Thachankari has been sentenced to four years of imprisonment and fined ₹30.84 lakh in a historic verdict by the Kottayam Vigilance Court. The conviction stems from a long-drawn disproportionate assets case, making him the first officer of DGP rank in the state to be convicted in a corruption case. Following the sentencing, legal formalities were initiated to transfer Thachankari to the Thiruvananthapuram Central Jail. Complainant Boby Kuruvila hailed the judgment as a complete victory for justice after a relentless 36-year legal battle against immense official influence and repeated hurdles.