ജോലിയിൽ നിന്ന് പിരിച്ചുവിട്ടതിന്റെ വിരോധത്തിൽ സ്വകാര്യ ബസിന്റെ എൻജിനകത്ത് ഉപ്പുവാരിയിട്ട മുൻ ഡ്രൈവറും കണ്ടക്ടറും അറസ്റ്റിൽ. മലപ്പുറം പൂക്കോട്ടുംപാടത്താണ് സംഭവം. ബസ് മാനേജർ നിസാറിന്റെ പരാതിയിൽ മുൻ കണ്ടക്ടർ കരുവാരകുണ്ട് കേരള സ്വദേശി റമീസ്, മുൻ ഡ്രൈവർ കാരപ്പുറം പോത്തൻകോടൻ സൽമാൻ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

ജോലി സംബന്ധമായ പോരായ്മകളെയും വീഴ്ചകളെയും തുടർന്നാണ് ഇരുവരെയും ഉടമ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടത്. ഇതിലുള്ള വൈരാഗ്യമാണ് ആക്രമണത്തിന് കാരണം. കഴിഞ്ഞ മാസം 30-ന് രാത്രി 11 മണിയോടെ പൂക്കോട്ടുംപാടത്തെ പെട്രോൾ പമ്പിൽ നിർത്തിയിട്ടിരുന്ന ബസിന്‍റെ എന്‍ജിനില്‍ പ്രതികള്‍ വലിയ അളവില്‍ ഉപ്പ് വാരിയിടുകയായിരുന്നു. എൻജിനകത്ത് ഉപ്പിട്ടാൽ രണ്ടോ മൂന്നോ ആഴ്ചകൾ കഴിഞ്ഞേ വാഹനം തകരാറിലാകൂ എന്നും തങ്ങളിലേക്ക് സംശയം നീളില്ലെന്നുമായിരുന്നു പ്രതികൾ കരുതിയിരുന്നത്.

എന്നാല്‍ പിറ്റേദിവസം സർവീസ് നടത്തുന്നതിനിടെ 50 കിലോമീറ്റർ സഞ്ചരിച്ചപ്പോഴേക്കും ബസിന്‍റെ എൻജിനിൽ നിന്ന് വലിയ തോതിൽ പുക ഉയരുകയും പ്രവർത്തനം പൂർണ്ണമായി നിലയ്ക്കുകയും ചെയ്തു. ഇതോടെ ബസ് ഉടമയ്ക്ക് മൂന്ന് ലക്ഷത്തോളം രൂപയുടെ സാമ്പത്തിക നഷ്ടമാണ് ഉണ്ടായത്. സംഭവം പ്രശ്നമായെന്ന് മനസിലായതോടെ കണ്ടക്ടറും ഡ്രൈവറും നാട്ടിൽ നിന്ന് മുങ്ങുകയായിരുന്നു. തുടർന്ന് പെട്രോൾ പമ്പിലെയും സമീപ പ്രദേശങ്ങളിലെയും സി.സി.ടി.വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ വലയിലായത്.

ENGLISH SUMMARY:

Two former private bus employees were arrested in Pookkottumpadam, Malappuram, for pouring a large quantity of salt into a bus's engine following their termination from service. The accused, former conductor Ramees and former driver Salman, committed the act out of grudge after being dismissed by the owner over performance issues. While they anticipated the vehicle would breakdown gradually weeks later to evade suspicion, the engine smoked and seized after traveling just 50 kilometers, causing a financial loss of around ₹3 lakh. Following a complaint by the bus manager, the police tracked down and arrested the duo using CCTV footage from a petrol pump where the bus was parked.