ജിന്ന് മന്ത്രിച്ച പഴമെന്ന് പേരിൽ തട്ടിപ്പ് നടത്തിയ വ്യാജ ചികിത്സാകേന്ദ്രം പൂട്ടിച്ച് നാട്ടുകാർ. മലപ്പുറം തിരുനാവായയിൽ ജിന്ന് മന്ത്രിച്ച് ഊതിയ പഴം കഴിച്ചാൽ അദ്ഭുതങ്ങൾ നടക്കുമെന്ന വ്യാജേനയായിരുന്നു തട്ടിപ്പ്. ഒരു ഏത്തപ്പഴത്തിന് 2500 രൂപവരെയാണ് ഇവിടെ വാങ്ങിയിരുന്നത്. 

ആലപ്പുഴ സ്വദേശി ജമാലുദ്ദീന്റെ നേതൃത്വത്തിൽ നടത്തിയിരുന്ന തിരുനാവായ കൊടയ്ക്കലിലെ 'ജിൻ മഹർ' എന്ന സ്ഥാപനമാണ് പൂട്ടിച്ചത്. ദൃശ്യങ്ങൾ സാമൂഹികമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് നാട്ടുകാർ ഇടപെട്ടത്. ജിന്നിനെ വിളിച്ചുവരുത്തി രോഗശാന്തി നൽകും, ജിന്നിന്റെ ഉപദ്രവം ഒഴിപ്പിക്കും തുടങ്ങിയ വാഗ്ദാനങ്ങൾ സ്ഥാപനം നൽകിയിരുന്നത്. 

'ജിന്ന്' ആയി വേഷമിട്ട ഒരാളുണ്ടായിരുന്നു സ്ഥാപനത്തിൽ. ഇയാളെ 'ജിന്ന്' ആയി അവതരിപ്പിച്ചാണ് ആളുകളെ വിശ്വസിപ്പിച്ചിരുന്നത്. സ്പീക്കർ ബോക്‌സിലൂടെ അറബിയും ഉറുദുവും സംസാരിച്ചും ജിന്ന് മന്ത്രിച്ചൂതിയതെന്ന് അവകാശപ്പെടുന്ന പഴം ലേലം വിളിച്ചാണ് ആളുകൾക്ക് നൽകിയിരുന്നത്. 

തൊലി കളയാത്ത പഴം രണ്ടു കഷ്ണങ്ങളായി മുറിഞ്ഞിരിക്കുന്നത് കാണിച്ച് 'അദ്ഭുത പഴം' എന്ന പേരിലാണ് 1000 രൂപയിൽ തുടങ്ങി 2500 രൂപ വരെ വിലയിട്ട് ഇവർ കൊടുത്തിരുന്നത്. നാലുമാസം മുമ്പ് ആരംഭിച്ച ഈ സ്ഥാപനം തുടക്കത്തിൽ ആഴ്ചയിൽ ഒരു ദിവസമാണ് പ്രവർത്തിച്ചിരുന്നത്. ആഴ്ചകൾ കഴിയുംതോറും വലിയ ജനത്തിരക്കാണ് ഇവിടെ അനുഭവപ്പെട്ടിരുന്നത്. 

എന്നാൽ ഇവർ കാണിച്ചിരുന്ന ഈ 'അത്ഭുത വിദ്യ'യുടെ പിന്നിലെ രഹസ്യം സോഷ്യൽ മീഡിയയിലൂടെ ആളുകൾ പുറത്താക്കി. പഴത്തിന്റെ തൊലി കളയാതെ തന്നെ സൂചി ഉപയോഗിച്ച് ആയിരുന്നു ഉള്ളിലെ പഴം രണ്ടു കഷ്ണങ്ങളായി മുറിച്ചുവെക്കുന്നത് എന്ന് മനസിലാക്കുന്ന വിഡിയോകൾ വൈറലായി. പിന്നാലെയാണ് നാട്ടുകാർ സംഘടിച്ച് ഇവിടെയെത്തുകയും തട്ടിപ്പ് കേന്ദ്രം പൂട്ടിക്കുകയും ചെയ്തത്. സംഭവവുമായി ബന്ധപ്പെട്ട് തിരുനാവായ പൊലീസിലും മലപ്പുറം ജില്ലാ പൊലീസ് മേധാവിക്കും നാട്ടുകാർ പരാതി നൽകിയിട്ടുണ്ട്.

ENGLISH SUMMARY:

Fake treatment center exploiting the 'jin mantra cheytha pazham' has been shut down by locals in Malappuram's Tirunavaya. This center falsely claimed that eating a fruit blessed by a jin would bring miracles, charging up to 2500 rupees per banana.