മണ്ണു നീക്കാത്തതിനെ തുടര്‍ന്ന് മഞ്ചേരി മെഡിക്കല്‍ കോളജിലെ തീവ്രപരിചരണ വിഭാഗത്തിന്‍റെ പുതിയ കെട്ടിട നിര്‍മാണം മുടങ്ങിയതിന് പരിഹാരമായി. എടുത്ത ഏജന്‍സിയും കരാറുകാരായ ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിയും കഴിഞ്ഞ 6 മാസമായി മാറ്റാതിരുന്ന മണ്ണ് ജില്ല കലക്ടറുടെ ഇടപെടലിനെ തുടര്‍ന്ന് നീക്കി തുടങ്ങി. ജില്ലയിലെ ആയിരക്കണക്കിന് രോഗികള്‍ മെഡിക്കല്‍ കോളജില്‍ ആവശ്യത്തിന് സ്ഥലസൗകര്യമില്ലാതെ ദുരിതം അനുഭവിക്കുബോഴാണ് മണ്ണ് നീക്കാത്തതിന്‍റെ പേരില്‍ കെട്ടിടനിര്‍മാണം കാലങ്ങളായി നീണ്ടുപോയത്.

പ്രധാനമന്ത്രിയുടെ 24 കോടി രൂപ ഫണ്ട് ചിലവഴിച്ചാണ് അത്യാധുനിക സൗകര്യങ്ങളുളള തീവ്രപരിചരണ വിഭാഗത്തിന്‍റെ നിര്‍മാണം നടക്കുന്നത്.നാലു നില കെട്ടിടത്തിന്‍റെ നിര്‍മാണം75 ശതമാനവും പിന്നിട്ടു.

എന്നാല്‍ താഴത്തെ നിലയിലെ തറ നിരപ്പില്‍ നിന്ന് ഉയര്‍ന്നു നില്‍ക്കുന്ന5 അടിയോളം മണ്ണ് നീക്കേണ്ടതുണ്ട്.മണ്ണ് എങ്ങോട്ടു നീക്കുമെന്ന തര്‍ക്കത്തെ തുടന്ന് കഴിഞ്ഞ 6 മാസമായി നിര്‍മാണം നിലച്ചു.നിര്‍മാണം അനിശ്ചിതമായി നീണ്ടതോടെയാണ് കലക്ടര്‍ ഇടപെട്ടത്. മണ്ണുമാന്തിയന്ത്രങ്ങളും ലോറികളും ജില്ല ഭരണകൂടം എത്തിച്ചു നല്‍കിയാണ് മണ്ണു മാറ്റി തുടങ്ങിയത്.ലാന്‍ഡ് റവന്യൂ തഹസീല്‍ദാര്‍ എം.മുകുന്ദന്‍റെ നേതൃത്വത്തിലാണ് മണ്ണു മാറ്റി തുടങ്ങിയത്.

Manjeri Medical College ICU construction is back on track after a six-month delay due to soil removal issues: