മലപ്പുറത്തും പത്തനംതിട്ടയിലും വാഹനാപകടങ്ങളില്‍ നാല് മരണം. ചേലേമ്പ്രയില്‍ കാറും ലോറിയും കൂട്ടിയടിച്ച് രണ്ട് പേരും വണ്ടൂരില്‍ ബൈക്ക് മറിഞ്ഞ് യുവാവും മരിച്ചു. പുനലൂര്‍–മൂവാറ്റുപുഴ പാതയില്‍ കാര്‍ വൈദ്യുതി തൂണിലിടിച്ച് കന്യാകുമാരി സ്വദേശിയായ യുവതി മരിച്ചു.

മലപ്പുറം ജില്ലയിൽ രണ്ട് അപകടങ്ങളിലായി മൂന്നു യുവാക്കളാണ് മരിച്ചത്. ദേശീയപാത 66ലെ ചേലേമ്പ്ര ഇടിമുഴിക്കലിൽ കാറും ലോറിയും കൂട്ടിയിടിച്ച് പെരുവള്ളൂർ ​കോട്ടീരി ഹാരിസ്, കെ.ടി ജംഷീർ എന്നിവര്‍ മരിച്ചു. പുലർച്ചെ മൂന്നരയോടെയുണ്ടായ അപകടത്തില്‍  കാറിലുണ്ടായിരുന്ന മൂന്ന് പേർക്ക് ഗുരുതരപരുക്കേറ്റു. സർവീസ് റോഡിലേക്ക് പ്രവേശിക്കാൻ യൂടേൺ എടുത്ത ലോറിയിൽ കാറിടിക്കുകയായിരുന്നു. 

പുലര്‍ച്ചെ മലപ്പുറം വണ്ടൂർ  താടിവളവിൽ നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞാണ് പോത്തുകൽ സ്വദേശി പ്രജീഷ് മരിച്ചത്. ഗുരുവായൂരിലെ ജോലി സ്ഥലത്ത് നിന്ന് വീട്ടിലേക്ക് വരുമ്പോൾ ആണ് അപകടം. പുനലൂര്‍–മൂവാറ്റുപുഴ പാതയില്‍ ചൈന മുക്കില്‍ കാര്‍  വൈദ്യുതി പോസ്റ്റില്‍ ഇടിച്ചുണ്ടായ അപകടത്തില്‍  യുവതി മരിച്ചു. കന്യാകുമാരി സ്വദേശി സുമി കാര്‍ത്തിയാണ്  മരിച്ചത്. ആറ് പേര്‍ക്ക് പരുക്കേറ്റു. എറണാകുളത്ത് അമ്യൂസ്മെന്‍റ് പാര്‍ക്കില്‍ നിന്ന്  മടങ്ങുമ്പോഴാണ് അപകടം.

ENGLISH SUMMARY:

Malayala Manorama Online News reports that four people have died in separate road accidents in Malappuram and Pathanamthitta districts of Kerala. The incidents include a collision between a car and a lorry in Chelembra, a bike accident in Vandoor, and a car hitting an electric pole on the Punalur-Muvattupuzha highway.