രൂക്ഷമായ വൈദ്യുതി പ്രതിസന്ധി നേരിടുന്ന കേരളത്തിന് ഹിമാചല്‍ പ്രദേശ് വൈദ്യുതി നല്‍കും. കേരളത്തിന്റെ വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരം കാണുന്നതിന്റെ ഭാഗമായി ഹിമാചല്‍ പ്രദേശ് സര്‍ക്കാരുമായി എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ എംപി നടത്തിയ ചര്‍ച്ചകളെത്തുടര്‍ന്നാണ് സംസ്ഥാനത്തേക്ക് 250 മെഗാവാട്ട് വൈദ്യുതി ലഭ്യമാക്കാന്‍ തീരുമാനമായത്.
തമിഴ്നാടിനുള്ള വൈദ്യുതി വിഹിതത്തില്‍ നിന്ന് ഒരു ഭാഗം കുറച്ചാണ് കേരളത്തിന് നല്‍കാന്‍ ധാരണയായിട്ടുള്ളത്. ഹിമാചല്‍ മുഖ്യമന്ത്രിയുമായി കെ.സി വേണുഗോപാല്‍ നടത്തിയ ഉന്നതതല ചര്‍ച്ചകളാണ് സംസ്ഥാനത്തിന് അനുകൂലമായ ഈ വൈദ്യുതി വിഹിതം ഉറപ്പാക്കുന്നതില്‍ നിര്‍ണായകമായത്.
അതേസമയം, മണിയല്ല പവറാണ് പ്രധാനമെന്ന് ഇന്നലെ പറഞ്ഞ വൈദ്യുതിമന്ത്രി സണ്ണി ജോസഫ് എൻ.ടി.പി.സിയിൽ നിന്ന് കൂടിയ നിരക്കിൽ ഉടൻ വൈദ്യുതി വാങ്ങില്ലെന്ന് തിരുത്തി. ഇത് ജനങ്ങൾക്ക് കടുത്ത സാമ്പത്തിക പ്രതിസന്ധിയുണ്ടാക്കുമെന്നും കേന്ദ്ര വിഹിതം ഉൾപ്പെടെ കൂടുതൽ വൈദ്യുതി ലഭിച്ച് തുടങ്ങിയത് ആശ്വാസമാണെന്നും അദ്ദേഹം തിരുവനന്തപുരത്ത് പറഞ്ഞു. കേന്ദ്രവിഹിതവും പവര്‍ എക്സ്ചേഞ്ചില്‍ നിന്നുള്ള വൈദ്യുതിയുമായി ഇരുന്നൂറ്റി നാല്‍പത് മെഗാവാട്ട് കൂടി കിട്ടിത്തുടങ്ങിയെങ്കിലും രാത്രികാല വൈദ്യുതി നിയന്ത്രണം ഇന്നും തുടര്‍ന്നേക്കും
യൂണിറ്റിന് മുപ്പത് രൂപ വരെ നല്‍കി വൈദ്യുതി വാങ്ങാനുള്ള സര്‍ക്കാര്‍ നിര്‍ദേശമുണ്ടെങ്കിലും വേഗം നടപ്പാക്കേണ്ടതില്ലെന്ന തീരുമാനത്തിലാണ് കെ.എസ്.ഇ.ബി. സര്‍ചാര്‍ജ് ഇനത്തില്‍ വീണ്ടും ഉപഭോക്താക്കള്‍ക്ക് ബാധ്യത കൂട്ടേണ്ടി വരുമെന്ന തിരിച്ചറിവിലായിരുന്നു പിന്മാറ്റം. എഴുന്നൂറ് മെഗാവാട്ടിന്‍റെ കുറവ് കണക്കാക്കുന്ന സാഹചര്യത്തില്‍ കേന്ദ്രവിഹിതം ഉള്‍പ്പെടെ ഇരുന്നൂറ്റി നാല്‍പ്പത് മെഗാവാട്ട് കൂടി കിട്ടിത്തുടങ്ങിയതിനാല്‍ രാത്രികാല നിയന്ത്രണത്തിന് നേരിയ ഇളവ് വരാനുള്ള സാധ്യതയുണ്ട്.
വൈദ്യുതി നിയന്ത്രണമില്ലാതിരുന്ന ഞായറാഴ്ചയെ അപേക്ഷിച്ച് ഇന്നലത്തെ ഉപഭോഗം 94.45 ദശലക്ഷം യൂണിറ്റായി ഉയര്‍ന്നു. ഇന്നലത്തെ രാത്രികാല വൈദ്യുതി ആവശ്യകത 4829 മെഗാവാട്ടായിരുന്നു. എഴുന്നൂറ് മെഗാവാട്ടിന്‍റെ കുറവാണ് രേഖപ്പെടുത്തിയത്. ശനിയാഴ്ച വരെ വ്യത്യസ്ത സമയങ്ങളിലായി നാല് തവണയെങ്കിലും വൈദ്യുതി നിയന്ത്രിച്ചിരുന്നത് കഴിഞ്ഞദിവസം ഒരു തവണയാക്കി ചുരുക്കാനായെന്നും കെ.എസ്.ഇ.ബി.