പരാജയങ്ങളിൽനിന്നും ഭരണപരമായ തിരിച്ചടികളിൽനിന്നും പാർട്ടിയെ വീണ്ടെടുക്കാൻ ലക്ഷ്യമിട്ട് സിപിഎമ്മിൽ അടിയന്തര സംഘടനാ തിരുത്തലും പുനഃസംഘടനയും. മുതിർന്ന നേതാവ് പി.ജയരാജൻ, എം.ബി.രാജേഷ്, വി.ശിവൻകുട്ടി എന്നിവരെ സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റിലേക്ക് പുതുതായി തിരഞ്ഞെടുത്തു.
അതേസമയം, കേന്ദ്ര കമ്മിറ്റി (സിസി) അംഗങ്ങളായ തോമസ് ഐസക്, ടി.പി.രാമകൃഷ്ണൻ എന്നിവരെ സംസ്ഥാന സെക്രട്ടേറിയേറ്റിൽനിന്ന് ഒഴിവാക്കി. കേന്ദ്ര കമ്മിറ്റി അംഗങ്ങൾ എന്ന നിലയിൽ ഇവർക്ക് യോഗങ്ങളിൽ പങ്കെടുക്കാമെന്നതാണ് ഇതിനു നൽകിയിരിക്കുന്ന വിശദീകരണം.
സംസ്ഥാന സമിതിക്ക് കൂടുതൽ യുവത്വവും ഊർജസ്വലതയും നൽകുന്നതിന്റെ ഭാഗമായി ഒൻപതു യുവജന നേതാക്കളെ സംസ്ഥാന സമിതിയിൽ ക്ഷണിതാക്കളായി ഉൾപ്പെടുത്താനും തീരുമാനമായിട്ടുണ്ട്. ഡിവൈഎഫ്ഐ, മഹിളാ അസോസിയേഷൻ തുടങ്ങിയ പോഷക സംഘടനകളിൽനിന്ന് ജെയ്ക് സി.തോമസ്, എം.വിജിൻ, ഒ.എസ്.അംബിക, എൻ.സുകന്യ, പി.എസ്.സഞ്ജീവ്, എം.ശിവപ്രസാദ്, ആദർശ് എം.സജി, സുബൈദ ഇസഹാക്ക് എന്നിവരെയാണ് പുതുതായി ക്ഷണിതാക്കളുടെ പട്ടികയിൽ ഉൾപ്പെടുത്തിയത്.
കോഴിക്കോട്ട് നടന്ന വിശാല സംസ്ഥാന സമിതി യോഗത്തിൽ ഉയർന്നുവന്ന രൂക്ഷവിമർശനങ്ങളുടെയും തെറ്റുതിരുത്തൽ ചർച്ചകളുടെയും തുടർച്ചയായാണ് ഈ പ്രധാന സംഘടനാ മാറ്റങ്ങൾ. വരുംദിവസങ്ങളിൽ താഴെത്തട്ടിലുള്ള പാർട്ടി ഘടകങ്ങളിലും മാറ്റങ്ങൾ വരുത്താനും തെറ്റുതിരുത്തൽ നിർദേശങ്ങൾ കേഡർമാർക്കിടയിൽ കർശനമായി നടപ്പിലാക്കാനുമാണ് പാർട്ടി തീരുമാനം. പുതിയ രേഖയും സംഘടനാ തീരുമാനങ്ങളും വരുംദിവസങ്ങളിൽ കീഴ്ഘടകങ്ങളിൽ റിപ്പോർട്ട് ചെയ്യും.