എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെ (ഇഡി) കേന്ദ്രസർക്കാർ രാഷ്ട്രീയ ഉപകരണമായി ഉപയോഗിക്കുന്നുവെന്ന് ആരോപിച്ച് സിപിഎം വിശാല സംസ്ഥാന സമിതിയിൽ ഇഡിക്കെതിരെ പ്രതിഷേധ പ്രമേയം പാസാക്കി. സംസ്ഥാന സമിതി അംഗം പികെ ബിജു അവതരിപ്പിച്ച പ്രമേയം ഏകകണ്ഠമായാണ് കമ്മിറ്റി അംഗീകരിച്ചത്.
മുൻ മുഖ്യമന്ത്രി പിണറായി വിജയനെയും പി.എ.മുഹമ്മദ് റിയാസിനെയും ലക്ഷ്യമിട്ട് ഇഡി നടത്തുന്ന നീക്കങ്ങൾ രാഷ്ട്രീയപ്രേരിതമാണെന്ന് പ്രമേയം കുറ്റപ്പെടുത്തുന്നു. കേന്ദ്രനേതൃത്വത്തിൽനിന്നുള്ള അഞ്ച് പോളിറ്റ് ബ്യൂറോ (പിബി) അംഗങ്ങളുടെ സാന്നിധ്യത്തിൽ ചേർന്ന യോഗത്തിലാണ് പാർട്ടിയുടെ ഔദ്യോഗിക പ്രതിരോധ നിലപാട് വ്യക്തമാക്കുന്ന തീരുമാനമുണ്ടായത്.
സംസ്ഥാനത്ത് തെറ്റുതിരുത്തൽ പ്രക്രിയ ലക്ഷ്യമിട്ട് ചേർന്ന വിശാല സംസ്ഥാന സമിതി യോഗത്തിൽ തുടക്കത്തിൽ ഇത്തരമൊരു പ്രമേയം കൊണ്ടുവരുന്നതിനെക്കുറിച്ച് ആശങ്കകൾ നിലനിന്നിരുന്നു. എന്നാൽ, യോഗം പുരോഗമിക്കവേ കേന്ദ്ര ഏജൻസികൾ കുട്ടികളെയും യുവതികളെയും തോക്കിൻമുനയിൽ നിർത്തി റെയ്ഡ് നടത്തുന്നുവെന്നും 'ചട്ടമ്പിമാരെപ്പോലെ' പെരുമാറുന്നുവെന്നും ചൂണ്ടിക്കാട്ടി വിവിധ ജില്ലാ പ്രതിനിധികൾ കടുത്ത വിമർശനമുയർത്തി.
ഇതോടൊപ്പം, റെഡ് ബുക്കുമായി ബന്ധപ്പെട്ട വാർത്തകളും ഇഡിയുടെ വിവരച്ചോർച്ചകളും പിണറായി വിജയനെയും കുടുംബത്തെയും പാർട്ടിയെയും ലക്ഷ്യമിട്ടുള്ള കേവല അജണ്ടയാണെന്ന രാഷ്ട്രീയ വിലയിരുത്തലിലാണ് പ്രമേയത്തിലേക്ക് പാർട്ടി എത്തിച്ചേർന്നത്.
പിണറായി വിജയൻ, മുഹമ്മദ് റിയാസ്, വീണ തൈക്കണ്ടിയിൽ എന്നിവർക്കെതിരായ ഇഡി നീക്കങ്ങളെ രാഷ്ട്രീയമായും നിയമപരമായും ഒറ്റക്കെട്ടായി പ്രതിരോധിക്കാനാണ് സിപിഎം തീരുമാനം. ഡയറിയിൽനിന്നുള്ള വിവരങ്ങൾ കുറ്റസമ്മതമായി ഇഡി ചിത്രീകരിക്കാൻ ശ്രമിക്കുകയാണെന്ന് റിയാസ് രാവിലെ പ്രതികരിച്ചിരുന്നു. രാഷ്ട്രീയ പ്രതിരോധത്തിന്റെ ആദ്യപടിയായാണ് പിബി അംഗീകാരത്തോടെ വിശാല സംസ്ഥാന സമിതിയിൽ പ്രമേയം അവതരിപ്പിച്ചത്. നിലവിൽ സംസ്ഥാന സമിതി എടുത്ത ഈ തീരുമാനം കേഡർ തലങ്ങളിലേക്ക് റിപ്പോർട്ട് ചെയ്യാനും കേന്ദ്ര ഏജൻസികളുടെ നീക്കങ്ങൾക്കെതിരെ ജനകീയ പ്രചാരണം ശക്തമാക്കാനും പാർട്ടി തീരുമാനിച്ചിട്ടുണ്ട്.