മലപ്പുറം നിലമ്പൂരിൽ റിട്ടയേർഡ് എക്സൈസ് കമ്മിഷണർ പി.മുരളികുമാറിന്റെ വീട്ടിൽ പുലർച്ചെ എൽപിജി സിലിണ്ടർ പൊട്ടിത്തെറിച്ച് വീടിന്റെ ഒരു ഭാഗം പൂർണമായി തകർന്നു. അപകടസമയത്ത് റിട്ട. എക്സൈസ് കമ്മിഷണറും കുടുംബാംഗങ്ങളും വീടിനുള്ളിൽ ഉറങ്ങിക്കിടക്കുകയായിരുന്നെങ്കിലും നാട്ടുകാരുടെ സമയോചിതമായ ഇടപെടൽ മൂലം വൻ ദുരന്തം ഒഴിവാകുകയും എല്ലാവരും തലനാരിഴയ്ക്കു രക്ഷപ്പെടുകയും ചെയ്തു.
പുലർച്ചെയുണ്ടായ ശക്തമായ സ്ഫോടന ശബ്ദം കേട്ട് ഓടിയെത്തിയ അയൽവാസികളാണ് അപകടവിവരം ആദ്യം അറിയുന്നത്. ഉടൻതന്നെ വീട്ടുകാരെ മൊബൈൽ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും പ്രതികരണമൊന്നും ലഭിച്ചില്ല.
തുടർന്ന്, നാട്ടുകാർ ബഹളം വച്ച് ശബ്ദമുണ്ടാക്കി ഉറങ്ങിക്കിടന്ന കുടുംബാംഗങ്ങളെ വിളിച്ചുണർത്തുകയായിരുന്നു. പരിഭ്രാന്തരായ കുടുംബാംഗങ്ങൾ പുറത്തേക്ക് ഓടി രക്ഷപ്പെട്ടതിനു തൊട്ടുപിന്നാലെ വീട്ടിൽ വീണ്ടും സ്ഫോടനമുണ്ടാവുകയും വീടിന്റെ ഒരു ഭാഗം തകരുകയുമായിരുന്നു.
സംഭവത്തെക്കുറിച്ച് വിവരമറിഞ്ഞ ഉടൻതന്നെ നിലമ്പൂരിൽനിന്നുള്ള ഫയർഫോഴ്സ് സംഘം സ്ഥലത്തെത്തി. അര മണിക്കൂറോളം നീണ്ട തീവ്രശ്രമത്തിനൊടുവിലാണ് അഗ്നിരക്ഷാസേനയ്ക്ക് തീ പൂർണമായും അണയ്ക്കാനായത്. അപകടത്തിൽ വീടിന് വൻ നാശനഷ്ടം സംഭവിച്ചിട്ടുണ്ടെങ്കിലും ആളപായമില്ല എന്നത് ആശ്വാസകരമായി.