വന്യജീവി ആക്രമണം തുടര്‍ക്കഥയാവുന്നതിന് വനംവകുപ്പിന്‍റെ കെടുകാര്യസ്ഥത മുതല്‍ അശാസ്ത്രീയ പ്രതിരോധ പദ്ധതികള്‍ വരെ കാരണമാകുന്നുണ്ട്. കോഴിക്കോട് ജില്ലയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ മാത്രം 10 വന്യജീവി ആക്രമണങ്ങളാണുണ്ടായത്.

വന്യജീവികളെ പ്രതിരോധിക്കാനായി കോടികള്‍ ചെലവഴിക്കുന്നുവെന്ന് സര്‍ക്കാര്‍ പറയുമ്പോഴും അതൊന്നും മലയോരത്തിന്‍റെ സ്വൈര്യജീവിതം വീണ്ടെടുക്കാന്‍ ഫലപ്രദമാകുന്നില്ല. കഴിഞ്ഞ രണ്ടാഴ്ചക്കിടെ മൂന്നു വന്യജീവി ആക്രമണങ്ങളാണ് ജില്ലയിലുണ്ടായത്. ഒരാള്‍ മരിച്ചു. കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ 556 കാട്ടുപന്നി ആക്രമണവും 531 കാട്ടാന ആക്രമണവുമുണ്ടായി.

വന്യജീവി ആക്രമണം രൂക്ഷമായ 20 ഹോട്ട്‌സ്‍പോട്ടുകള്‍ ജില്ലയില്‍  ഉണ്ടെന്നാണ് വനംവകുപ്പിന്‍റെ കണ്ടെത്തല്‍. ഇവിടെയൊക്കെ സോളാര്‍ വേലി സ്ഥാപിച്ചിട്ടുണ്ടെങ്കിലും പകല്‍ ഇത് ചാര്‍ജ് ചെയ്യാറില്ല. രാത്രി വോള്‍ട്ടേജ് വ്യതിയാനം കാരണം വേലിയൊക്കെ പൊളിച്ച് വന്യമൃഗങ്ങള്‍ നാട്ടിലിറങ്ങും. വനത്തിനുള്ളില്‍ മൃഗങ്ങള്‍ക്ക് കുടിവെള്ളം ഉറപ്പാക്കാന്‍ പദ്ധതിയുണ്ടായിരുന്നെങ്കിലും അതും പാളി. സാമൂഹിക വനവല്‍കരണത്തിന്‍റെ പേരില്‍ നടത്തിയ പദ്ധതികള്‍ പലതും സ്വാഭാവിക ആവാസവ്യവസ്ഥയെ നശിപ്പിച്ചു. ഇതോടെ കാട്ടിനുള്ളില്‍ പടര്‍ന്നുപന്തലിച്ച അധിനിവേശസസ്യങ്ങള്‍  കോടികള്‍ ചെലവഴിച്ച്  ഇപ്പോള്‍  പിഴുതെറിയുകയാണ്. സോളാര്‍ ഫെന്‍സിങ് മാത്രം സ്ഥാപിച്ചത് കൊണ്ട് പ്രശ്നത്തിന് പരിഹാരമാകില്ലെന്നും ദീര്‍ഘകാലാടിസ്ഥാനത്തില്‍ ശാശ്വതപരിഹാരം വേണമെന്നാണ് മലയോരത്തുകാരുടെ ആവശ്യം

ENGLISH SUMMARY:

Wildlife attacks in Kerala are a continuous issue due to the forest department's inefficiency and unscientific defense plans. Recent incidents in Kozhikode highlight the failure of millions spent on wildlife defense to restore peace in the hilly regions.