കോഴിക്കോട്ട് നടന്ന വിശാല സംസ്ഥാന സമിതിയിൽ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന് ശാസന. പാർട്ടി ചുമതലകൾ കൃത്യമായി നിർവഹിക്കുന്നതിൽ വീഴ്ചവരുത്തിയെന്ന വിലയിരുത്തലിനെ തുടർന്ന് വിശാല ശാസന നൽകി. തെറ്റുകൾ തിരുത്തി മുന്നോട്ടുപോകുമെന്ന് എം.വി.ഗോവിന്ദനും എം.എ.ബേബിയും യോഗത്തിലെ വിമർശനങ്ങൾക്കു മറുപടിയായി വ്യക്തമാക്കി.

അതിനിടെ, സംസ്ഥാനത്തെ പാർട്ടിയിൽ പിടിമുറുക്കി ദേശീയനേതൃത്വം. ഗോവിന്ദനെതിരായ നടപടി ഒഴിവാക്കാൻ സംസ്ഥാനനേതൃത്വം ശ്രമിച്ചെങ്കിലും പരാജയത്തിന് ഉത്തരവാദിയുണ്ടാകണമെന്ന് പോളിറ്റ് ബ്യൂറോ (പിബി) നിലപാടെടുത്തു. സംസ്ഥാന സെക്രട്ടറിക്ക് ഉത്തരവാദിത്തത്തിൽനിന്ന് ഒഴിയാൻ കഴിയില്ലെന്നും നടപടി ഉണ്ടായേ മതിയാകൂ എന്നും എം.എ.ബേബി വ്യക്തമാക്കി.

തിരഞ്ഞെടുപ്പ് പരാജയങ്ങളുടെയും സംഘടനാപരമായ വീഴ്ചകളുടെയും പശ്ചാത്തലത്തിൽ സിപിഎമ്മിൽ അടിയന്തര അഴിച്ചുപണിയും നടപടികളുമുണ്ടായി. കോഴിക്കോട്ട് നടന്ന വിശാല സംസ്ഥാന സമിതി യോഗത്തിൽ ഉയർന്നുവന്ന കടുത്ത വിമർശനങ്ങളുടെ തുടർച്ചയായാണ് ഈ പ്രധാന സംഘടനാ തിരുത്തലുകൾ നടപ്പിലാക്കുന്നത്.

മുതിർന്ന നേതാവ് പി.ജയരാജൻ,  എം.ബി.രാജേഷ്, വി.ശിവൻകുട്ടി എന്നിവരെ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിലേക്ക് പുതുതായി തിരഞ്ഞെടുത്തു. അതേസമയം, കേന്ദ്ര കമ്മിറ്റി (സിസി) അംഗങ്ങളായ തോമസ് ഐസക്, ടി.പി.രാമകൃഷ്ണൻ എന്നിവരെ സംസ്ഥാന സെക്രട്ടറിയേറ്റിൽനിന്ന് ഒഴിവാക്കി. കേന്ദ്ര കമ്മിറ്റി അംഗങ്ങൾ എന്ന നിലയിൽ ഇവർക്ക് യോഗങ്ങളിൽ പങ്കെടുക്കാമെന്നതാണ് ഇതിനു നൽകിയിരിക്കുന്ന സംഘടനാപരമായ വിശദീകരണം. 

ജോണ്‍ ബ്രിട്ടാസിന് കേന്ദ്രകമ്മിറ്റിയിലെ ക്ഷണിതാവ് എന്ന നിലയില്‍ സംസ്ഥാന സെക്രട്ടേറിയറ്റില്‍ പങ്കെടുക്കാമെന്നും തീരുമാനമായി.  ഡിവൈഎഫ്ഐ, മഹിളാ അസോസിയേഷൻ തുടങ്ങിയ പോഷക സംഘടനകളിൽനിന്നും  9 പേരെ  സംസ്ഥാനസമിതിയില്‍ ക്ഷണിതാക്കളായി ഉള്‍പ്പെടുത്തി.  ജെയ്ക് സി.തോമസ്, എം.വിജിൻ, ഒ.എസ്.അംബിക, എൻ.സുകന്യ, പി.എസ്.സഞ്ജീവ്, എം.ശിവപ്രസാദ്, ആദർശ് എം.സജി, സുബൈദ ഇസഹാക്ക് എന്നിവരാണ് പുതുതായി പട്ടികയിൽ ഇടംപിടിച്ചത്. പുതിയ സംഘടനാ മാറ്റങ്ങളും തെറ്റുതിരുത്തൽ മാർഗരേഖയും ഉടൻതന്നെ കീഴ്ഘടകങ്ങളിൽ ഔദ്യോഗികമായി റിപ്പോർട്ട് ചെയ്യും.

ENGLISH SUMMARY:

The CPM broad state committee meeting in Kozhikode has formally censured state secretary M.V. Govindan for failing to discharge his party duties effectively amid recent electoral and organizational setbacks. The party's national leadership, backed by the Politburo, took a stern stance that accountability must be fixed, rejecting efforts by local leaders to bypass disciplinary action. In a major leadership overhaul, senior leader P. Jayarajan along with M.B. Rajesh and V. Sivankutty were inducted into the State Secretariat, while Thomas Isaac and T.P. Ramakrishnan were dropped.